UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“51 വെട്ട് വെട്ടിയില്ലെങ്കിലും നിശബ്ദനാക്കി”: നിയമവാഴ്ച തകര്‍ന്നെന്ന പ്രസ്താവനയ്ക്ക് ജേക്കബ് തോമസിന് സസ്പെന്‍ഷന്‍

ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്ക് ജനത്തിന്റെ അടുത്തുപോയി നില്‍ക്കാം. ഭരണം നിലവാരമില്ലാതാകുമ്പോഴാണ് വലിയ പ്രചാരണങ്ങള്‍ വേണ്ടിവരുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.

വിജിലന്‍സ് മുന്‍ ഡയറക്ടറും ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനുമായ ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍. സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്നുള്ള പ്രസ്താവനയാണ് ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷനിലേക്ക് നയിച്ചത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച കേരളത്തിലെ ഭരണസംവിധാനത്തിലുള്ള വിവിധ താത്പര്യങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറിലാണ് ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. ഇത് സര്‍ക്കാരിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. നിലവില്‍ ഐഎംജി (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്) ഡയറക്ടറാണ് ജേക്കബ് തോമസ്.

സുനാമി ദുരിതാശ്വാസ പാക്കേജിലെ കോടികള്‍ കട്ടുകൊണ്ടുപോയെന്നും അഴിമതിക്കെതിരേ പ്രതികരിക്കാന്‍ ജനങ്ങള്‍ ഭയക്കുന്നുവെന്നും ജേക്കബ് തോമസ് പ്രസംഗത്തില്‍ ആരോപിച്ചിരുന്നു. ഓഖി ദുരന്തത്തില്‍ എത്രപേര്‍ മരിച്ചുവെന്നോ എത്രപേര്‍ കടലില്‍ കുടുങ്ങിയിട്ടുണ്ടെന്നോ ആര്‍ക്കുമറിയില്ല. ഇക്കാര്യത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല. പണക്കാരുടെ മക്കളാണ് കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ അധികാരികളുടെ പ്രതികരണം. ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിന് അധികാരത്തില്‍ തുടരുന്നു എന്നാണ് ജനം ചോദിച്ചത്. ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്ക് ജനത്തിന്റെ അടുത്തുപോയി നില്‍ക്കാം. ജനങ്ങളാണ് യഥാര്‍ഥ അധികാരികള്‍. ഗുണനിലവാരമില്ലാത്ത സേവനമായി ഭരണം മാറുന്നു.

സുതാര്യതയെക്കുറിച്ച് ഇപ്പോള്‍ ആരും മിണ്ടുന്നില്ല. 1400 കോടിയുടെ സുനാമി ഫണ്ട് വിനിയോഗിച്ചത് ശരിയായ രീതിയിലല്ല. ശരിയായ രീതിയില്‍ വിനിയോഗിച്ചിരുന്നെങ്കില്‍ ചെല്ലാനത്ത് ഇപ്പോള്‍ കാണുന്ന കാഴ്ച ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതി തുടര്‍ന്നാല്‍ ദരിദ്രര്‍ ദരിദ്രരായി തുടരും. കയ്യേറ്റക്കാര്‍ വമ്പന്‍മാരായിമാറും. അഴിമതിക്കെതിരേ ശബ്ദിക്കുന്നവരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കലാണ് ഇപ്പോള്‍ നടക്കുന്നത്. 51 വെട്ടുവെട്ടിയില്ലെങ്കിലും അവരെ നിശ്ശബ്ദരാക്കും. ഭീകരരുടെ രീതിയാണത്. ഭരണം നിലവാരമില്ലാതാകുമ്പോഴാണ് വലിയ പ്രചാരണങ്ങള്‍ വേണ്ടിവരുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.

ആരാണ് തന്നെ 51 വെട്ട് വെട്ടിയതെന്ന് ജേക്കബ് തോമസ് വെളിപ്പെടുത്തുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍