UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയലളിതയുടെ എസ്റ്റേറ്റ് കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട കേസ്: പ്രതികളുടെ മരണം കൊലപാതകമോ?

ഒന്നാംപ്രതി കനകരാജിന്റെ മരണം അപകടമാണെന്നും ഏറ്റുമുട്ടലാണെന്നും പറയുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഊട്ടി കോടനാട് എസ്റ്റേറ്റിലെ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ മരണത്തില്‍ ദുരൂഹത. ഒന്നാം പ്രതി കനകരാജ് സേലത്ത് അപകടത്തില്‍ മരിച്ചു. രണ്ടാം പ്രതി കെവി സായനും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാത പാലക്കാട് കണ്ണാടിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച് ഭാര്യയും മകളും മരിച്ചു. ഇന്ന് രാവിലെ 5.50ന് ഉണ്ടായ അപകടത്തില്‍ സയന്റെ ഭാര്യ വിനുപ്രിയ (30) മകള്‍ നീതു (5) എന്നിവരാണ് മരിച്ചത്. ഇടിച്ച കാര്‍ കൊലപാതക ദിവസം എസ്റ്റേറ്റില്‍ പോകാന്‍ ഇവര്‍ ഉപയോഗിച്ചതാണെന്ന് പൊലീസ് പറഞ്ഞു.

അതിനിടെ, ഒന്നാംപ്രതി കനകരാജിന്റെ മരണം അപകടമാണെന്നും ഏറ്റുമുട്ടലാണെന്നും പറയുന്നു. പക്ഷേ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കണ്ണാടി അപകടം ആത്മഹത്യാശ്രമത്തിന്റെ ഭാഗമായിരുന്നുവെന്ന് സംശയമുണ്ട്. കാര്‍ ഓടിച്ചിരുന്ന സയനെ സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോയമ്പത്തൂരില്‍ താമസിക്കുന്ന ഇവര്‍ ഇരിങ്ങാലക്കുടയിലുള്ള വിനുപ്രിയയുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.

ഊട്ടി കോടനാട്ടെ അവധിക്കാല വസതിയില്‍ പണവും സ്വര്‍ണവുമെല്ലാമായി രണ്ടായിരം കോടിയിലേറെ സൂക്ഷിച്ചിട്ടുണ്ടെന്ന് വിശ്വസ്തര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്ന് എസ്റ്റേറ്റ് കാവല്‍ക്കാരനെ കൊലപ്പെടുത്തിയത്. കോടനാട്ടെ അവധികാല വസതിയുടെ സമീപത്തുളള ചിലര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്. കാവല്‍ക്കാരന്‍ ഓംബഹദൂറിനെ കൊലപ്പെടുത്തിയ ശേഷം അമൂല്യമാണെന്ന് കരുതിയ ചില വസ്തുക്കളും മോഷ്ടിച്ചിരുന്നു.

കേസില്‍ മലയാളി ബിടെക് വിദ്യാര്‍ത്ഥി അറസ്റ്റിലായിരുന്നു. മലപ്പുറം സ്വദേശി ബിജിത് ജോയി എന്ന വിദ്യാര്‍ത്ഥിയെയാണ് അറസ്റ്റ് ചെയ്തത്. ബിജിത് ജോയി കൊലപാതക സംഘത്തോടൊപ്പമുണ്ടായിരുന്നുവെന്ന് പൊലീസ് സൂചന നല്‍കി. ഇതോടെ കേസില്‍ എഴ് മലയാളികളെ അറസ്റ്റ് ചെയ്തു. ഏഴ് മലയാളികളില്‍ നാലു പേര്‍ മലപ്പുറം സ്വദേശികളും മൂന്നു പേര്‍ തൃശ്ശൂര്‍ സ്വദേശികളുമാണെന്ന് പൊലീസ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍