UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ജെഎന്‍യു കോണ്ടം’ എംഎല്‍എ ബിജെപിയില്‍ നിന്ന് രാജിവച്ചു

ഗ്യാന്‍ദേവിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാജി വച്ചത്.

രാജസ്ഥാന്‍ ബി.ജെ.പി എം.എല്‍.എയും വിവാദ പ്രസ്താവനകളിലൂടെ നിരന്തരം മാധ്യമ ശ്രദ്ധ നേടുന്നയാളുമായ ഗ്യാന്‍ദേവ് അഹൂജ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. ആല്‍വാറിലെ രാംഗഡ് മണ്ഡലത്തിലെ എം.എല്‍.എയായ ഗ്യാന്‍ദേവിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഗ്യാന്‍ദേവ് രാജി വച്ചത്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി മദന്‍ ലാല്‍ സൈനിക്കാണ് അഹൂജ രാജി കൈമാറിയത്.

ബി.ജെ.പിക്കെതിരെ ജയ്പൂരിലെ സംഗാനീറില്‍ നിന്ന് മത്സരിക്കുമെന്ന് ഗ്യാന്‍ദേവ് പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് ഭാരത് വാഹിനി പാര്‍ട്ടി രൂപീകരിച്ച ഘന്‍ശ്യാം തിവാരിയും ഇവിടെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജെ.എന്‍.യുവില്‍ വലിയ തോതില്‍ കോണ്ടങ്ങള്‍ കണ്ടെടുക്കുന്നുവെന്ന് പ്രസ്താവനയിറക്കിയ നേതാവാണ് ഗ്യാന്‍ദേവ് അഹൂജ. ഒരു ദിവസം 3000 കോണ്ടങ്ങളും 2000 മദ്യകുപ്പികളും ഇവിടെ നിന്നു കണ്ടെത്തുന്നതായും ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ നഗ്‌നരായി എത്താറുണ്ടെന്നും അഹൂജ അന്ന് പറഞ്ഞിരുന്നു.

രാജസ്ഥാനില്‍ പശുക്കടത്തിന്റെ പേരില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ ഗ്യാന്‍ദേവ് അഹൂജ ന്യായീകരിച്ചിരുന്നു. ക്ഷീര കര്‍ഷകനായ പെഹ്ലു ഖാന്‍ കൊല്ലപ്പെട്ടപ്പോള്‍ പശുക്കളെ കടത്തുന്നവര്‍ പശുക്കളെ കൊല്ലുന്നവരാണെന്നും ഇത്തരം പാപം ചെയ്യുന്നവരുടെ വിധി നേരത്തേയും ഇതു തന്നെയായിരുന്നുവെന്നും ഇത് തുടരുമെന്നും അഹൂജ നേരത്തെ പറഞ്ഞിരുന്നു.

പെഹ്ലു ഖാനെ കൊന്നതില്‍ ഖേദമില്ല: ജെഎന്‍യു കോണ്ടം ഫെയിം ബിജെപി എംഎല്‍എ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍