UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബലാത്സംഗ കേസില്‍ ഇരയുടെ പേര് പുറത്തുവിടുന്ന മാധ്യമപ്രവർത്തകരെയും സ്ഥാപനങ്ങളെയും വിചാരണ ചെയ്യണം: സുപ്രീം കോടതി

ബലാത്സംഗത്തിന് ഇരകളാകുന്ന  കുട്ടികളുടെ പേരടക്കം പുറത്തുവിടുന്ന മാധ്യമ പ്രവർത്തകർക്ക് എതിരെ വിചാരണ ഇല്ലാത്തത് എന്തുകൊണ്ട് എന്ന് സുപ്രീംകോടതി ചോദിച്ചു.

ബലാത്സംഗ കേസുകളില്‍ ഇരയുടെ പേര് പുറത്തുവിടുന്ന മാധ്യമ പ്രവർത്തകരെയും മാധ്യമ സ്ഥാപനങ്ങളെയും വിചാരണ ചെയ്യണമെന്ന് സുപ്രീം കോടതി. ബലാത്സംഗത്തിന് ഇരകളാകുന്ന  കുട്ടികളുടെ പേരടക്കം പുറത്തുവിടുന്ന മാധ്യമ പ്രവർത്തകർക്ക് എതിരെ വിചാരണ ഇല്ലാത്തത് എന്തുകൊണ്ട് എന്ന് സുപ്രീംകോടതി ചോദിച്ചു. പ്രസ് കൗണ്സിൽ, എഡിറ്റേഴ്‌സ് ഗിൽഡ്, എൻബിഎസ്എ (ന്യൂസ്‌ ബ്രോഡ്‌കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി), ഐബിഎഫ് (ഇന്ത്യന്‍ ബ്രോഡ്‌കാസ്റ്റിംഗ് ഫെഡറേഷന്‍) എന്നിവ ഇതേപ്പറ്റി എന്തുകൊണ്ട് പൊലീസിനെ അറിയിക്കുന്നില്ലെന്നും കോടതി ചോദിച്ചു. എൻബിഎസ്എ നൽകിയ സത്യവാങ്മൂലത്തിൽ നിന്ന് വ്യക്തമാകുന്നത് പേരുകൾ പുറത്തുവിട്ട ഒരു മാധ്യമ പ്രവർത്തകനെപോലും പ്രോസിക്യൂട്ട് ചെയ്തിട്ടില്ലെന്നാണ്. അങ്ങനെയെങ്കിൽ ഇത്തരം നിയന്ത്രണ സംവിധാനങ്ങളുടെ ആവശ്യം എന്തെന്നും കോടതി ചോദിച്ചു.

ജസ്റ്റിസുമാരായ മദന്‍ ബി ലോകൂറിന്റേയും ദീപക് ഗുപ്തയുടേയും ബഞ്ചാണ് ഇക്കാര്യം ചോദിച്ചത്. ലൈംഗികാതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോളുണ്ടാകുന്ന ലംഘനങ്ങള്‍ പൊലീസിനെ അറിയിക്കാന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. മുസഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോമില്‍ പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനും ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്കും ഇരകളാക്കപ്പെട്ട കേസിന്റെ വിചാരണ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടഞ്ഞുകൊണ്ട് പാറ്റ്‌ന ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ബിഹാറിലെ മാധ്യമപ്രവര്‍ത്തക നിവേദിത ഝാ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ വിമര്‍ശനങ്ങള്‍ നടത്തിയത്. സെപ്റ്റംബര്‍ 20ന് ഹൈക്കോടതി റിപ്പോര്‍ട്ടിംഗ് വിലക്ക് നീക്കിയിരുന്നു. അതേസമയം ലൈംഗികാതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ വ്യാപകമായി ചട്ടങ്ങള്‍ ലംഘിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍