UPDATES

ട്രെന്‍ഡിങ്ങ്

ഒടുവിൽ എഴുത്താണി കളത്തിൽ കൃഷ്ണൻകുട്ടിയുടെ മാവും പൂത്തിരിക്കുന്നു

മന്ത്രി സ്ഥാനത്തെച്ചൊല്ലി നേരത്തെ എൻ സി പി യിൽ ഉടലെടുത്ത കലാപം ഒടുവിൽ എവിടെ ചെന്നാണ് അവസാനിച്ചതെന്ന് ഈ അവസരത്തിൽ മുന്നണിയും സർക്കാരും ഓർക്കുന്നത് നന്നായിരിക്കും.

കെ എ ആന്റണി

കെ എ ആന്റണി

അങ്ങനെ ഒടുവിൽ എഴുത്താണി കളത്തിൽ കൃഷ്ണൻകുട്ടിയുടെ മാവും പൂത്തിരിക്കുന്നു. ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന് പകരക്കാരനായി നിലവിൽ ചിറ്റൂർ എം എൽ എ യും ജനതാ ദൾ (സെക്കുലർ ) കേരള ഘടകം പ്രസിഡന്റുമായ കെ കൃഷ്ണൻകുട്ടി ഉടനെ പിണറായി മന്ത്രി സഭയിലെത്തുമെന്നാണ് ഏറ്റവും പുതിയ വാർത്ത.

ഏതാനും മാസങ്ങൾക്കു മുൻപും ഇങ്ങനെയൊരു വാർത്ത പ്രചരിച്ചിരുന്നെങ്കിലും ഒന്നും നടന്നിരുന്നില്ല. പക്ഷെ ഇത്തവണ കെ കൃഷ്‌ണകുട്ടിയുടെ മന്ത്രി സ്ഥാനലബ്‌ധി സംബന്ധിച്ച വാർത്ത വെറും ഉണ്ടയില്ലാ വെടിയാകാൻ തരമില്ല. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി ഡാനിഷ് അലി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞ സ്ഥിതിക്ക് മാത്യു ടി തോമസും അനുയായികളും ഇനിയിപ്പോൾ എന്തെല്ലാം സർക്കസുകളിച്ചാലും കൃഷ്ണൻകുട്ടിയെ മന്ത്രിയാകുന്നതിൽ നിന്നും തടയാൻ കഴിയുമെന്ന് തോന്നുന്നില്ല. തന്നെ മാറ്റുന്ന കാര്യം അറിഞ്ഞിട്ടില്ലെന്നും അറിഞ്ഞതിനു ശേഷം പ്രതികരിക്കാം എന്നുമായിരുന്നു മന്ത്രി മാത്യു ടി തോമസ്സിന്റെ ആദ്യ പ്രതികരണം.

എന്നാൽ മന്ത്രിയെ മാറ്റുന്നതും മറ്റും ജെ ഡി എസ്സിന്റെ ആഭ്യന്തര കാര്യം മാത്രമാണെന്നും അതൊന്നും തങ്ങളുടെ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കില്ലെന്നും എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ കൂടി പറഞ്ഞ സ്ഥിതിക്ക് ജെ ഡി എസ്സിലെ മന്ത്രി മാറ്റ പ്രശ്നത്തിൽ സി പി എമ്മിന്റെയോ എൽ ഡി എഫിന്റെയോ ഇടപെടൽ ഉണ്ടാവാനുള്ള സാധ്യതയും മങ്ങിയിരിക്കുന്നു. ഇനിയിപ്പോൾ കൃഷ്ണൻകുട്ടിയുടെ സ്ഥാനാരോഹണം എന്ന് നടക്കുമെന്ന് മാത്രമേ അറിയേണ്ടതുള്ളൂ.

സർക്കാർ രൂപീകരണ വേളയിൽ ജെ ഡി എസ്സിന് ലഭിച്ച ഏക മന്ത്രി പദം മാത്യു ടി തോമസിന് നൽകിയത് രണ്ടര വര്ഷം കഴിയുമ്പോൾ പാർട്ടിയിൽ നിന്നുള്ള മറ്റൊരു എം എൽ എക്ക് അവസരം നൽകാമെന്ന ധാരണ പ്രകാരമായിരുന്നു എന്നാണ് കൃഷ്ണൻകുട്ടിയും ജെ ഡി എസ്സിൽ നിന്നുതന്നെയുള്ള എം എൽ എ ആയ സി കെ നാണുവും പറയുന്നത്. ഈ ധാരണ മാത്യു ടി തോമസ് പാലിക്കാതെ വന്നപ്പോഴാണ് ഇവർ ഇരുവരും ദേശീയ നേതൃത്വത്തെ സമീപിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച്‌ കൃഷ്‌ണകുട്ടിയും നാണുവും നേരത്തെയും പാർട്ടി ദേശീയ അധ്യക്ഷൻ ദേവഗൗഡയെ കണ്ടിരുന്നുവെങ്കിലും അന്ന് തീരുമാനം അനുകൂലമായിരുന്നില്ല. തുടർന്ന് മാത്യു ടി തോമസിനെയും കുടുംബത്തെയും ആക്ഷേപിച്ചികൊണ്ടുള്ള സൈബർ ആക്രമണവും ശക്തമായിരുന്നു.

ഒരു മന്ത്രിയെ തിരികെ വിളിച്ചു മറ്റൊരാളെ പകരം മന്ത്രിയാക്കുന്നതൊക്കെ ജെ ഡി എസ്സിന്റെ ആഭ്യന്തര കാര്യമെന്നൊക്കെ എൽ ഡി എഫ് കൺവീനർ പറഞ്ഞാലും മുന്നണിയുടെ പോക്ക് അത്ര സുഗമമല്ലെന്ന സൂചനയാണ് ഇതൊക്കെ നൽകുന്നത്. മന്ത്രി സ്ഥാനത്തെച്ചൊല്ലി നേരത്തെ എൻ സി പി യിൽ ഉടലെടുത്ത കലാപം ഒടുവിൽ എവിടെ ചെന്നാണ് അവസാനിച്ചതെന്ന് ഈ അവസരത്തിൽ മുന്നണിയും സർക്കാരും ഓർക്കുന്നത് നന്നായിരിക്കും. പിന്നീട് തിരിച്ചു വന്നെങ്കിലും പെൺ കെണി വിവാദത്തെ തുടർന്ന് എൻ സി പി മന്ത്രി എ കെ ശശീന്ദ്രന്റെയും ബന്ധു നിയമന വിവാദത്തെ തുടർന്നുണ്ടായ മന്ത്രി ഇ പി ജയരാജന്റെ രാജിയും അത്ര മികച്ച പ്രതിഛായയൊന്നുമല്ല മുന്നണിക്കും സർക്കാരിനും ഉണ്ടാക്കിയത്. എന്നാൽ ഈ വിഷയങ്ങളൊന്നും രാഷ്ട്രീയമായി ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെന്നു മാത്രം.

ഇതെല്ലാം കാര്യങ്ങളുടെ ഒരു വശം മാത്രം. ജെ ഡി എസ്സിലെ മന്ത്രി മാറ്റം സംബന്ധിച്ച പ്രശ്നത്തിന് മറ്റൊരു വശം കൂടിയുണ്ട്. അതാവട്ടെ അധികാര മോഹം ലവലേശം തൊട്ടു തീണ്ടിയിട്ടില്ലാത്ത സോഷ്യലിസ്റ്റ് എന്ന് പൊതുവെ അറിയപ്പെടുന്ന കെ കൃഷ്ണൻ കുട്ടി എന്ന ഒരു നേതാവിന്റെ അധികാര മോഹം തന്നെയാണ് എന്ന് കരുതി ഇതിന് മുൻപും എം എൽ എ ആയിട്ടുണ്ടെങ്കിലും നാളിതുവരെ മന്ത്രിയാകാൻ യോഗം കിട്ടാതെ പോയ ഒരാൾ ഒരു തവണയെങ്കിലും മന്ത്രിയാവണമെന്ന് ആഗ്രഹിച്ചാൽ അതിനെ അതിമോഹം എന്നും വിളിക്കുന്നത് അത്രകണ്ട് ശരിയാവുമെന്നു തോന്നുന്നില്ല.

മാത്യു ടി തോമസ് മന്ത്രിസഭയില്‍ നിന്നും പുറത്തേക്ക്; കൃഷ്ണന്‍കുട്ടി പകരം മന്ത്രിയാകും

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍