UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തുകൊണ്ട് ആരും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നില്ല? ആഞ്ഞടിച്ച് കമല്‍

കമല്‍ ഡിഎംകെയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഇതിനിടയില്‍ വരുന്നുണ്ട്

എഐഎഡിഎംകെയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കമല്‍ഹാസന്‍. സ്വാതന്ത്ര്യദിനത്തില്‍ ചെയ്ത ട്വീറ്റുകളിലാണ് കമല്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും അടക്കം വിമര്‍ശിച്ചുകൊണ്ട് രംഗത്തു വന്നത്. മുഖ്യമന്ത്രി ഇപി പളനിസാമി രാജിവയ്ക്കണമെന്ന ആവിശ്യമായിരുന്നു കമലിന്റെ ട്വീറ്റില്‍.

ഓരോ സംസ്ഥാനത്തും തന്റെ സര്‍ക്കാരിനു കീഴില്‍ ഒരു അത്യാഹിതമോ അഴിമതിയോ നടന്നാല്‍ മുഖ്യമന്ത്രി രാജിവയ്ക്കണം. പക്ഷേ തമിഴ്‌നാട്ടില്‍ ഒരു പാര്‍ട്ടിയും മുഖ്യമന്ത്രിയുടെ രാജി ആവിശ്യപ്പെടുന്നില്ല. മതിയായ കുറ്റങ്ങള്‍ ചെയ്തു കഴിഞ്ഞിട്ടും; കമല്‍ ട്വീറ്റ് ചെയ്തു.

മികച്ചൊരു തമിഴ്‌നാടാണ് എന്റെ ലക്ഷ്യം. എന്റെ ശബ്ദത്തിനു ആരെല്ലാം കരുത്തു പകരും? കമല്‍ ചോദിക്കുന്നു. അഴിമതിയില്‍ നിന്നും മുക്തരാകാത്തിടത്തോളം നമ്മളെല്ലാവരും അടിമകളാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

ഇതാദ്യമായല്ല കമല്‍ എ ഐഎഡിഎംകെ സര്‍ക്കാരിനെതിരേ ശബ്ദമുയര്‍ത്തുന്നത്. കഴിഞ്ഞ മാസവും കമല്‍ ആരോപണം ഉയര്‍ത്തിയത് സംസ്ഥാനത്ത് എവിടെയും ഇപ്പോള്‍ അഴിമതിയെന്നായിരുന്നു. മന്ത്രിമാര്‍ക്കെതിരേ നടത്തിയ അഴിമതിയാരോപണത്തെ തുടര്‍ന്ന് തനിക്കെതിരേ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പൊലീസ് കേസ് തുടങ്ങിയ ഭീഷണി ഉണ്ടായിരുന്നതായും കമല്‍ പറയുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാരിനെതിരേയുള്ള പോരാട്ടത്തിന്റെ ഭഗമെന്നോണം സോഷ്യല്‍ മീഡിയ കാമ്പയിന്‍ തുടങ്ങുകയായിരുന്നു കമല്‍. അഴിമതിക്കെതിരേ പരാതി ഉയര്‍ത്താന്‍ അദ്ദേഹം ജനങ്ങളോടും ആവശ്യപ്പെട്ടു.

നിങ്ങള്‍ക്കെതിരേ ലക്ഷംപേര്‍ പരാതിപ്പെട്ടാല്‍ അവരെയെല്ലാം പിടിച്ച് ജയിലില്‍ ഇടുമോ? അതോ മറുപടി പറയുമോ? ദക്ഷിണേന്ത്യയിലെ എല്ലാ ജയിലുകളും നിങ്ങള്‍ക്ക് മതിയായെന്നു വരില്ല; കമല്‍ ട്വീറ്റ് ചെയ്യുന്നു.

ഡിഎംകെയില്‍ ചേരുന്നു എന്ന അഭ്യൂഹങ്ങള്‍ കമലിനെ ചുറ്റി നില്‍ക്കുന്നതിനിടയിലാണ് ഇപ്പോള്‍ സര്‍ക്കാരിനെതിരേ തുറന്നപോരിനിറങ്ങി നടന്‍ എത്തിയിരിക്കുന്നത്. രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്ന തമിഴ്‌നാടില്‍ കമല്‍ കൂടി രാഷ്ട്രീയം പറഞ്ഞു തുടങ്ങിയിരിക്കുന്നത് കൂടുതല്‍ വാര്‍ത്താപ്രാധാന്യം ആ സംസ്ഥാനത്തിനു നേടിക്കൊടുത്തിരിക്കുകയാണ്. പ്രത്യേകിച്ച് എ ഐ എഡിഎംകെയിലെ പളനിസാമി പനീര്‍സെല്‍വം ഗ്രൂപ്പുകള്‍ ഒന്നിച്ച് എന്‍ഡിഎയുമായി കൈകോര്‍ത്ത് തമിഴ്‌നാട്ടില്‍ ബിജെപി അധികാരകേന്ദ്രത്തിലേക്ക് എത്തുന്നൂവെന്ന വാര്‍ത്തകള്‍ ശക്തമാകുന്നിടത്ത്.
കഴിഞ്ഞദിവസം ഡിഎംകെയുടെ മുഖപത്രമായ മുരശൊലിയുടെ 75 ആം വാര്‍ഷികാഘോഷത്തില്‍ കമലും രജനിയും പങ്കെടുത്തിരുന്നു. ഇതാണ് കമലിനെ കരുണാനിധിയുടെ പാര്‍ട്ടിയുമായി ചേര്‍ത്തുവച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കാനുള്ള കാരണം.

എന്നാല്‍ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട് ഒന്നും തന്നെ കമല്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇന്നലത്തെ ട്വീറ്റിലും കമല്‍ കുറിച്ചത് ഇങ്ങനെയയിരുന്നു; മികച്ചൊരു തമിഴ്‌നാട് എന്ന ലക്ഷ്യത്തെ സഹായിക്കുന്ന ആയുധങ്ങള്‍ മാത്രമാണ് ഡിഎംകെ ആയാലും എ ഐഎഡിഎംകെ ആയാലും. ആ രണ്ട് ആയുധങ്ങള്‍ക്കും മൂര്‍ച്ഛയില്ലെങ്കില്‍ മറ്റൊന്ന് കണ്ടെത്തേണ്ടി വരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍