UPDATES

വാര്‍ത്തകള്‍

ബിഹാറില്‍ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികളില്‍ കനയ്യ കുമാറില്ല, പേര് ചര്‍ച്ച പോലും ചെയ്തില്ലെന്ന് ആര്‍ജെഡി

കനയ്യ കുമാറിന്റെ പേര് ചര്‍ച്ചയ്ക്ക് പോലും വന്നില്ല എന്നാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞത്.

ആര്‍ജെഡി പിന്തുണയ്ക്കാന്‍ തയ്യാറാണെങ്കില്‍ പ്രതിപക്ഷ സഖ്യത്തിന്റെ പൊതുസ്ഥാനാര്‍ത്ഥിയായി തന്റെ സ്വദേശം ഉള്‍പ്പെടുന്ന ബിഹാറിലെ ബെഗുസാരായ് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് മത്സരിക്കാന്‍ തയ്യാറാണ് എന്ന് കഴിഞ്ഞ വര്‍ഷം തന്ന ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമായ കനയ്യ കുമാര്‍ വ്യക്തമാക്കിയിരുന്നു. തന്റെ പാര്‍ട്ടിയായ സിപിഐയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള താല്‍പര്യമാണ് കനയ്യ കുമാര്‍ പ്രകടിപ്പിച്ചത്. കനയ്യയെ പിന്തുണക്കാന്‍ തയ്യാറാണ് എന്ന് ആര്‍ജെഡി പിന്നീട് വ്യക്തമാക്കിയെങ്കിലും ഇപ്പോള്‍ ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കനയ്യ കുമാറിന്റെ പേരില്ല.

ആരും പിന്തുണച്ചില്ലെങ്കില്‍ ഇവിടെ ഒറ്റയ്ക്ക് മത്സരിക്കുമെന്നും കനയ്യ കുമാറിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കുമെന്നും സിപിഐ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആര്‍ജെഡി തന്നെയാണ് ബെഗുസാരായില്‍ മത്സരിക്കുന്നത്. കനയ്യ കുമാറിന്റെ പേര് ചര്‍ച്ചയ്ക്ക് പോലും വന്നില്ല എന്നാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞത്. അതേസമയം ആര്‍ജെഡി ക്വേട്ടയില്‍ ഒരു സിപിഐഎംഎല്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്നും സിപിഐയെ പിന്തുണക്കില്ലെന്നും പാര്‍ട്ടി നേതാവ് മനോജ് ഝാ പ്രതികരിച്ചു.

ആര്‍ജെഡി 20 സീറ്റിലും (ഇതില്‍ രണ്ട് സീറ്റില്‍ ഒന്നില്‍ ശരദ് യാദവും മറ്റൊന്നില്‍ സിപിഐഎംഎല്‍ സ്ഥാനാര്‍ത്ഥിയും ജനവിധി തേടും) കോണ്‍ഗ്രസ് ഒമ്പത് സീറ്റിലും മുന്‍ കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ ആര്‍ എല്‍ എസ് പി അഞ്ച് സീറ്റിലും മുന്‍ മുഖ്യമന്ത്രി
ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയും വിഐപി പാര്‍ട്ടിയും മൂന്ന് സീറ്റില്‍ വീതവും മത്സരിക്കും.

തേജസ്വി യാദവിന് കനയ്യ കുമാറിനെ വ്യക്തിപരമായി താല്‍പര്യമില്ല എന്ന പ്രശ്‌നവുമുണ്ട് എന്ന് ആര്‍ജെഡി നേതാക്കള്‍ സ്വകാര്യമായി പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പല തവണ ഫോണില്‍ വിളിച്ചിട്ടും കനയ്യ പ്രതികരിച്ചില്ല എന്ന് ആര്‍ജെഡി നേതാക്കള്‍ പറയുന്നു. അതേസമയം തേജസ്വിയേക്കാള്‍ മികച്ച പ്രാസംഗികനും കൂടുതല്‍ ഊര്‍ജ്ജസ്വലനും ജനകീയത നേടാന്‍ കഴിവുള്ളയാളുമെന്ന് വിലയിരുത്തപ്പെടുന്ന കനയ്യ കുമാര്‍ തേജസ്വിയെ നിഷ്പ്രഭനാക്കുമോ എന്ന ആശങ്കയും സീറ്റ് നിഷേധത്തിന് പിന്നിലുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

2016ല്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കുന്നതായി ആരോപിച്ച്, വ്യാജ വീഡിയോ ടേപ്പിന്റെ അടിസ്ഥാനത്തില്‍ രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലടയ്ക്കപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങിയ കനയ്യ കുമാറിന് ബിഹാറില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. തന്നെ കാണാനെത്തിയ കനയ്യയെ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് സ്വീകരിച്ചിരുന്നു. ബെഗുസാരായ് സിപിഐയ്ക്ക് നിര്‍ണായക സ്വാധീനമുള്ള മേഖലയാണ്. ഇത് മുമ്പ് സിപിഐ ജയിച്ചിട്ടുള്ള സീറ്റുമാണ്. ബിഹാറിലെ ലെനിന്‍ഗ്രാഡ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.

ഇവിടെ ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെ ഇത്തവണ നിര്‍ത്താനാണ് ആര്‍ജെഡി ലക്ഷ്യമിടുന്നത് – തന്‍വീര്‍ ഹസന്‍ ആയിരിക്കും സ്ഥാനാര്‍ത്ഥി. 2014ല്‍ ഇവിടെ തന്‍വീര്‍ ഹസന്‍ 60,000ല്‍ പരം വോട്ടിന് ജെഡിയു സ്ഥാനാര്‍ത്ഥി മൊനാസിര്‍ ഹസനോട് പരാജയപ്പെട്ടിരുന്നു. വിവാദ, വര്‍ഗീയ പ്രസ്താവനകളിലൂടെ കുപ്രിസിദ്ധി നേടിയ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ആണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. ഗിരിരാജ് സിംഗിനോട് ഏറ്റുമുട്ടാന്‍ കനയ്യ കഴിയില്ല എന്ന ചിന്തയും ആര്‍ജെഡി നേതാക്കള്‍ക്കുണ്ട്. കനയ്യയുടെ ഭൂമിഹാര്‍ സമുദായം പോലും ഗിരിരാജ് സിംഗിന്റെ പിന്തുണക്കും എന്നാണ് ആര്‍ജെഡിയുടെ കണക്കുകൂട്ടല്‍. ©

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍