UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റാഫേല്‍ കരാറിന്റെ ഭാഗമായിരുന്ന സിഎജി രാജീവ് മെഹറിഷിയുടെ പരിശോധന അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ്

രാജീവ് മെഹ്രിഷി അടക്കമുള്ളവരുടെ മേല്‍നോട്ടത്തിലാണ് കരാര്‍ നടപടികള്‍ നടന്നത്. താന്‍ പങ്കാളിയായ കരാറുമായി ബന്ധപ്പെട്ട പരിശോധന മെഹ്രിഷി തന്നെ നടത്തുന്നത് അംഗീകരിക്കാനാവില്ല.

ധനകാര്യ സെക്രട്ടറിയെന്ന നിലയില്‍ റാഫേല്‍ കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ പങ്കാളിയായിരുന്ന രാജീവ് മെഹ്രിഷി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) എന്ന നിലയില്‍ റാഫേല്‍ കരാര്‍ സംബന്ധിച്ച് ഓഡിറ്റിംഗ് നടത്തിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. രാജീവ് മെഹ്രിഷി മോദി സര്‍ക്കാരിനേയും ബിജെപിയേയും സംരക്ഷിക്കാനേ ശ്രമിക്കൂ എന്ന് കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു. രാജീവ് മെഹ്രിഷി അടക്കമുള്ളവരുടെ മേല്‍നോട്ടത്തിലാണ് കരാര്‍ നടപടികള്‍ നടന്നത്. താന്‍ പങ്കാളിയായ കരാറുമായി ബന്ധപ്പെട്ട പരിശോധന മെഹ്രിഷി തന്നെ നടത്തുന്നത് അംഗീകരിക്കാനാവില്ല – സിബല്‍ പറഞ്ഞു.

തിങ്കളാഴ്ചയോട് അടുത്ത ദിവസങ്ങളിലോ സിഎജി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാനും പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കാനും സാധ്യതയുണ്ടെന്നാണ് വാര്‍ത്തകള്‍ വരുന്നത്. അതേസമയം മെഹ്രിഷി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട നടപടികളില്‍ നിന്ന് മാറിനില്‍ക്കണമെന്നും മെഹ്രിഷിയുടെ പരിശോധന റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചാല്‍ അത് വലിയൊരു അഴിമതിയായേ കാണാനാകൂ എന്നും കപില്‍ സിബല്‍ വ്യക്തമാക്കി. മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ നല്‍കിയതിന് സമാനമായ മുന്നറിയിപ്പും കപില്‍ സിബല്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. തിരഞ്ഞെടുപ്പ് വരും പോകും. ഭരണം മാറും. പ്രധാനമന്ത്രിയോട് കൂറ് കാണിക്കാനായി നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ഭരണഘടനയാണ് എല്ലാറ്റിലും വലുത് എന്ന കാര്യം മറക്കരുത്.

അതേസമയം ധനകാര്യ സെക്രട്ടറിക്ക് റാഫേല്‍ കരാര്‍ തീരുമാനങ്ങളില്‍ യാതൊരു പങ്കുമില്ലെന്നും സിഎജി പോലൊരു ഭരണഘടനാസ്ഥാപനത്തോടുള്ള കോണ്‍ഗ്രസിന്റെ മനോഭാവമാണ് ഇത്തരം പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത് എ്ന്നും ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രതികരിച്ചു.

സുപ്രീം കോടതിയേയും തിരഞ്ഞെടുപ്പ് കമ്മീഷനേയും സംശയത്തില്‍ നിര്‍ത്തിയ ശേഷം കോണ്‍ഗ്രസ് ഇപ്പോള്‍ സിഎജിക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസ് ആണ് രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങളെ തകര്‍ത്തത് എന്ന് ഇത് വ്യക്തമാക്കുകയാണ് എന്ന് മറ്റൊരു കേന്ദ്ര മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍