UPDATES

പ്രളയം 2019

“ആരെയും കുറ്റപ്പെടുത്തുകയോ, രാഷ്ട്രീയം പറയുകയോ അല്ല, ഈ മണ്ണിനിടയില്‍ കിടക്കുന്നവരെ ഒരിക്കല്‍ കൂടി ഒന്നു കാണാന്‍ വേണ്ടിയാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്”

വിവിധ മേഖലകളില്‍ നിന്നായി നൂറിലധികം ആളുകള്‍ ദുരന്തഭൂമിയില്‍ ഉണ്ടെങ്കിലും തിരച്ചില്‍ ദൗത്യത്തില്‍ വീഴ്ച്ചകള്‍ ഉണ്ടാകുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പരാതിപ്പെടുന്നത്

നിലമ്പൂര്‍ പോത്തുകല്ല് ഭൂദാനം കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ ഭൂമിയിലെ തിരച്ചില്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. അപകടത്തില്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ നഷ്ടപ്പെട്ടവരാണ് പരാതിയും പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്. കഴിഞ്ഞ എട്ടാം തീയതി രാത്രിയായിരുന്നു കേരളത്തെ നടുക്കിയ ഉരുള്‍പൊട്ടല്‍ കവളപ്പാറയില്‍ നടക്കുന്നത്. ഏകദേശം 60 പേര്‍ മണ്ണിനടിയില്‍ പെട്ടുപോയിട്ടുണ്ടെന്നാണ് വിവരം. ഇതുവരെ 12 പേരുടെ മൃതശരീരം കണ്ടെത്താനായിട്ടുണ്ട്. ദുരന്തം നടന്ന് മൂന്നു ദിവസം പിന്നിടാറാകുമ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശരീരമെങ്കിലും അവസാനമായി ഒന്നു കാണാനാകണേ എന്ന പ്രതീക്ഷയോടെയാണ് ഇവിടെയുള്ളവര്‍ നില്‍ക്കുന്നത്.

വിവിധ മേഖലകളില്‍ നിന്നായി നൂറിലധികം ആളുകള്‍ ദുരന്തഭൂമിയില്‍ ഉണ്ടെങ്കിലും തിരച്ചില്‍ ദൗത്യത്തില്‍ വീഴ്ച്ചകള്‍ ഉണ്ടാകുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പരാതിപ്പെടുന്നത്. പൊലീസ്, ഫയര്‍ ഫോഴ്‌സ്, ട്രോമ കെയര്‍, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവരുടെയെല്ലാം ആളുകള്‍ വന്നിട്ടുണ്ട്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയാക്കാരുമെല്ലാവരും ഉണ്ട്. എന്നിട്ടും തിരച്ചില്‍ ജോലികള്‍ വൈകുകയാണെന്നാണ് പ്രദേശവാസിയായ ദിനൂബ് പറയുന്നു. ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ കൂട്ടത്തില്‍ ദിനൂബിന്റെ വല്യച്ഛനും ജേഷ്ഠ സഹോദരനും ഉണ്ട്. അപകട സ്ഥലത്ത് നിന്നും നൂറു മീറ്റര്‍ മാറിയാണ് ദിനൂബിന്റെ വീട്. തന്നെപ്പോലെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട വേദനയില്‍ നില്‍ക്കുന്ന നിരവധി പേരുണ്ടെന്നും അവരുടെയെല്ലാം പരാതിയാണ് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകാതെ പോകുന്നുവെന്നതെന്നും ദിനൂബ് പറയുന്നു.

ആദ്യ ദിവസങ്ങളില്‍ കനത്ത മഴ തുടര്‍ന്നതും പ്രദേശം ചതുപ്പ് പോലെയായതും തെരച്ചിലിനു തടസം ഉണ്ടാക്കിയിരുന്നു. ഇന്നലെ മുതല്‍ മഴ മാറി നില്‍ക്കുകയാണ്. ഇന്ന് ഇവിടെ മഴ പെയ്തിട്ടില്ല. ഉരുള്‍പൊട്ടിയ ഭൂമിയിലൂടെ മുഴുവന്‍ ആളുകള്‍ നടക്കുന്നുണ്ട്. കാലാവസ്ഥ അനുകൂലമായി നില്‍ക്കുമ്പോഴും വളരെ തണുത്ത മട്ടിലാണ് ഇവിടെ തിരച്ചില്‍ നടക്കുന്നത്. ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ടവര്‍ ഈ മണ്ണിനും കല്ലിനും ഇടയില്‍ ഉണ്ട്. കുറെ പേര്‍ നിന്നു മരങ്ങള്‍ മുറിച്ചു മാറ്റുന്നുണ്ട്. അതല്ലാതെ മണ്ണിനടിയിലെ തിരച്ചിലിന് ഇപ്പോഴും വേഗത വന്നിട്ടില്ല. ഇന്ന് ഉച്ചവരെ ഒരു ജെസിബിയും ഒരു വലിയ ഹിറ്റാച്ചിയും മാത്രമായിരുന്നു തെരച്ചിലിന് ഉണ്ടായിരുന്നത്. ഒടുവില്‍ സുധീഷ് എന്നയാള്‍ ഉത്തരവാദിത്വപ്പെട്ടവരുടെ മുന്നില്‍ ചെന്നു ബഹളം വച്ചതിനുശേഷമാണ് ഒരു ഹിറ്റാച്ചി കൂടി തെരച്ചിലിനായി കൊണ്ടുവന്നത്. സുധീഷിന്റെ അമ്മയും അച്ഛനും വല്യച്ചനും ഈ മണ്ണിനടിയില്‍ എവിടെയോ ഉണ്ട്. ആളുകള്‍ പ്രതികരിക്കുക സ്വഭാവികമാണ്. ഒരു ഹിറ്റാച്ചി കൂടി കൊണ്ടുവന്നപ്പോള്‍ തെരച്ചിലിന് കുറച്ചു കൂടി വേഗത വന്നു. ജെസിബിയും ഹിറ്റാച്ചിയും എവിടേക്ക് എത്തിക്കാന്‍ ഇപ്പോള്‍ കാര്യമായ ബുദ്ധിമുട്ടില്ല. മുകള്‍ വശത്ത് ഒരു റോഡ് ഉണ്ടായിരുന്നു. ആ റോഡിന്റെ ഇരുവശങ്ങളിലുമായിട്ടായിരുന്നു വീടുകള്‍. അതെല്ലാം പോയി. ചില വീടുകളുടെ അവശിഷ്ടങ്ങള്‍ അവിടെ തന്നെയുണ്ട്. ചിലത് പത്തു നാന്നൂറ് മീറ്റര്‍ ദൂരെയാണ്. ഇവിടെയൊക്കെ തെരച്ചില്‍ നടത്തണമെങ്കില്‍ ഹിറ്റാച്ചി തന്നെ ഉപയോഗിക്കണം. ജെസിബി കൊണ്ട് കാര്യമില്ല. ഇതു മനസിലാക്കി കാര്യങ്ങള്‍ ചെയ്താലേ ഫലം ഉണ്ടാകൂ.

കുറഞ്ഞത് 60 പേരെങ്കിലും മണ്ണിനിടയില്‍ പോയിട്ടുണ്ട്. അതില്‍ 12 പേരെയാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ബാക്കിയുള്ളവരൊന്നും ജിവനോടെയില്ലെന്ന് ഞങ്ങള്‍ക്ക് അറിയാം. ഇരുപതടിയോളം മണ്ണ് അടിഞ്ഞു കിടക്കുന്നുണ്ട്. അതിനടിയിലൊക്കെ ആളുകള്‍ പെട്ടിട്ടുണ്ടെങ്കില്‍ കണ്ടെത്താന്‍ കഴിയില്ല. വളരെ പ്രയാസമേറിയ ജോലിയാണ്. പക്ഷേ, വീടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിടത്ത് ഹിറ്റാച്ചി കൊണ്ട് തെരഞ്ഞാല്‍ അവിടെ പെട്ടുകിടക്കുന്നവരുണ്ടെങ്കില്‍ കണ്ടെത്താന്‍ കഴിയുമായിരിക്കും.

എല്ലാം നഷ്ടപ്പെട്ടവരാണ് ഞങ്ങളുടെ നാട്ടുകാര്‍ കൂട്ടവും കുടുംബവും മൂന്ന് ദിവസമായി തീരാദുഖത്തിലാണ് ഇനി ഞങ്ങള്‍ക്ക് ബാക്കിയുള്ള ആരെയും ജീവനോടെ തിരികെ കിട്ടില്ലെന്ന് ഉറപ്പായി ഇനിവേണ്ടത് മണ്ണിനടിയിലുള്ളവരുടെ മൃതുശരീരമാണ് എത്രയാളുകളുടെ കിട്ടുമെന്ന് അറിയില്ല എങ്കിലും അവസാനമായി ഒരുനോക്ക് കാണാനും അന്ത്യകര്‍മങ്ങള്‍ ചെയ്യാനും മറ്റുള്ള കാര്യങ്ങള്‍ക്കും തീരുമാനമാവുമല്ലോ അത്രയും കുടുംബത്തിന്റെ കാത്തിരിപ്പിന് അവസാനമാവുമല്ലോ; ദിനൂബ് ചോദിക്കുന്നു.

പ്രതികൂല കാലാവസ്ഥയും മണ്ണിടിച്ചിലും കാരണമാണ് തെരച്ചില്‍ വൈകുന്നതെന്നാണ് നിലമ്പൂര്‍ എംഎല്‍എ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. നിലവില്‍ അവിടെ സൈന്യത്തിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ ദൗത്യം മുന്നോട്ടു പോകുന്നുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. മദ്രാസ് റെജിമെന്റിലെ 30 അംഗസംഘമാണ് തെരച്ചിലിനായി എത്തിയിരിക്കുന്നത്. ഇവരെ കൂടാതെയാണ് ഫയര്‍ഫോഴ്‌സും ദുരന്തനിവാരണ സേനയും സന്നദ്ധപ്രവര്‍ത്തകരുമെല്ലാം ദൗത്യത്തിന്റെ ഭാഗമായുള്ളത്. നാട്ടുകാരും പങ്കു ചേരുന്നുണ്ട്. കാലാവസ്ഥ അനുകൂലമായി നിന്നാല്‍ തെരച്ചില്‍ വേഗത്തില്‍ നടത്താന്‍ കഴിയുമെന്നും അധികൃതര്‍ പറയുന്നുണ്ടെങ്കിലും സൈന്യത്തിന്റെ ഭാഗത്തു നിന്നുപോലും കാര്യക്ഷമമായ ഇടപെടല്‍ നടക്കുന്നില്ലെന്നാണ് ദിനൂബിനെ പോലുള്ളവര്‍ പറയുന്നത്. ആരെയും കുറ്റപ്പെടുത്തുകയോ, രാഷ്ട്രീയം പറയുകയോ അല്ല, ഈ മണ്ണിനിടയില്‍ കിടക്കുന്നവരെ ഒരിക്കല്‍ കൂടി ഒന്നു കാണാന്‍ വേണ്ടിയാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്…അതിങ്ങനെ നീണ്ടു പോകുമ്പോള്‍ ഞങ്ങള്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാതെ വരികയാണ്.

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍