UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെസി വേണുഗോപാല്‍ കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി, ദിഗ് വിജയ്‌ സിംഗിനെ മാറ്റി

കര്‍ണാടകയില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യവും ഗോവയില്‍ ഏറ്റവും വലിയ കക്ഷിയായി മാറിയിട്ടും അധികാരത്തിലെത്താന്‍ കഴിയാതെ വന്ന സാഹചര്യവുമൊക്ക കണക്കിലെടുത്താണ് അഴിച്ചുപണി.

കെസി വേണുഗോപാലിനെ എഐസിസി ജനറല്‍ സെക്രട്ടറിയായും പിസി വിഷ്ണുനാഥിനെ സെക്രട്ടറിയായും കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുത്തു. ദിഗ് വിജയ് സിംഗിനെ കര്‍ണാടകയുടേയും ഗോവയുടേയും ചുമതലയില്‍ നിന്ന് നീക്കുകയും. പകരം കര്‍ണാടകയുടെ ചുമതല കെസി വേണുഗോപാലിനും ഗോവയുടെ ചുമതല എ ചെല്ല കുമാറിനും നല്‍കുകയും ചെയ്തു. കര്‍ണാടകയില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യവും ഗോവയില്‍ ഏറ്റവും വലിയ കക്ഷിയായി മാറിയിട്ടും അധികാരത്തിലെത്താന്‍ കഴിയാതെ വന്ന സാഹചര്യവുമൊക്ക കണക്കിലെടുത്താണ് അഴിച്ചുപണി.

ഗോവയില്‍ നിന്ന് ദിഗ് വിജയ് സിംഗിനെതിരെ രൂക്ഷ വിമര്‍ശനമാണ് വന്നിരുന്നത്. ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ നേടാന്‍ സാധിക്കാതെ വരുകയും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്. മുഖ്യമന്ത്രി പദത്തിന് വേണ്ടി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുണ്ടായിരുന്ന വടംവലിയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് തടസമായെന്ന തരത്തിലും വാര്‍ത്തകളുണ്ടായിരുന്നു.

അതേസമയം മാര്‍ച്ച് 18ന് ഗോവ പിസിസി പ്രസിഡന്റ് ലൂസിനോ ഫലീറോ ദിഗ്‌വിജയ് സിംഗിനും ഗോവ സ്‌ക്രീനിംഗ് കമ്മിറ്റി അദ്ധ്യക്ഷനായിരുന്നു കെസി വേണുഗോപാലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 40 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 21 എംഎല്‍എമാരുടെ പിന്തുണ കോണ്‍ഗ്രസിനുണ്ടെന്ന് ഫലീറോ അവകാശപ്പെട്ടിരുന്നു. ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കണമെന്നും ഫലീറോ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗവര്‍ണര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുന്നത് വരെ കാത്തിരിക്കാനാണ് ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍