UPDATES

സിനിമാ വാര്‍ത്തകള്‍

മോഹന്‍ലാലിന്‍റെ ആനക്കൊമ്പ് കേസ്: ഏഴ് വര്‍ഷമായിട്ടും തീര്‍പ്പാക്കാന്‍ താമസമെന്ത്?

2012ല്‍ എടുത്ത കേസ് ഇതുവരെ തീര്‍പ്പാകാത്തത് എന്താണെന്നും മൂന്നാഴ്‍ച്ചയ്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

നടൻ മോഹന്‍ലാലിന്‍റെ വീട്ടില്‍ നിന്ന് ആനക്കൊമ്പുകള്‍ കണ്ടെത്തിയ കേസ് എന്തുകൊണ്ടാണ് ഏഴ് വര്‍ഷമായിട്ടും തീരാത്തത് എന്ന് ഹൈക്കോടതി. 2012ല്‍ എടുത്ത കേസ് ഇതുവരെ തീര്‍പ്പാകാത്തത് എന്താണെന്നും മൂന്നാഴ്‍ച്ചയ്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കൊച്ചി സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കേസിനെക്കുറിച്ച് ഹൈക്കോടതിയുടെ പരാമര്‍ശം. ആദായനികുതി വകുപ്പാണ് 2012 ജൂണ്‍ മാസം മോഹന്‍ലാലിന്‍റെ കൊച്ചി നഗരത്തിലെ വീട്ടില്‍ നടത്തിയ റെയ്‍ഡില്‍ ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.

ഈ കേസിൽ മോഹൻലാലിനും തിരുവഞ്ചൂരിനുമെതിരെ ത്വരിതാന്വേഷണത്തിന് മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവിനെ ചോദ്യം ചെയ്തത് മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട മൂവാറ്റുപുഴ കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

2012 ജൂണിൽ മോഹൻലാലിന്റെ തേവരയിലെ വസതിയിൽ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. ആനക്കൊമ്പുകൾ വനം വകുപ്പിന് കൈമാറുകയും മോഹൻലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. 2015ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നൽകിയത്.

ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹന്‍ലാൽ നൽകിയ വിശദീകരണം. ആനക്കൊമ്പുകള്‍ കെ കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നു പണം കൊടുത്തു വാങ്ങിയതാണെന്നും ലാല്‍ പറഞ്ഞിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസൻസിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചത് എന്നായിരുന്നു അന്വേഷണസംഘം കണ്ടെത്തിയത്. റെയ്‍ഡിൽ ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടർന്ന് കോടനാട് ഫോറസ്റ്റ് അധികൃതർ കേസെടുത്തു. എന്നാല്‍ പിന്നീട് കേസ് റദ്ദാക്കി.

നിലവിലെ നിയമം പരിഷ്കരിച്ച് മോഹന്‍ലാലിന് അനുകൂല നിലപാടെടുത്ത അന്നത്തെ സർക്കാർ തീരുമാനത്തിനെതിരെ ഏറെ വിമർശനങ്ങളും ഉയർന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍