UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രളയം: ഈ നിമിഷം നിങ്ങൾ അറിയേണ്ടതെല്ലാം ഈ കുറിപ്പിൽ

റെയിൽ, റോഡ് ഗതാഗതം തടസ്സപ്പെട്ടുതന്നെ. യാത്രകൾ ഒഴിവാക്കുക. കെ എസ് ആർ ടി സി സർവീസുകൾ പലതും നിലച്ചു.

പ്രളയം: ഈ നിമിഷം നിങ്ങൾ അറിയേണ്ടതെല്ലാം ഈ കുറിപ്പിൽ (ഓഗസ്റ്റ് 16 വ്യാഴം, രാത്രി 8.00 ) ഔദ്യോഗിക വിവരങ്ങൾ അടിസ്ഥാനമാക്കി മാധ്യമ പ്രവർത്തകൻ എം.അബ്ദുൾ റഷീദ് ക്രോഡീകരിച്ചത്.

സ്കൂളുകൾ അടച്ചു

ഇത്തവണത്തെ സ്‌കൂൾ ഓണാവധി നേരത്തെയാക്കി. സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഉൾപ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളും വെള്ളിയാഴ്ച പൂട്ടും. 29ന് ആയിരിക്കും തുറക്കുക. ഓഗസ്റ്റ് 31ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ഒന്നാം പാദ വാർഷിക പരീക്ഷ നേരത്തെതന്നെ മാറ്റിവച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട്.

പരീക്ഷകൾ മാറ്റി

കാലിക്കറ്റ് സർവകലാശാല ഓണാവധിക്കായി നേരത്തേ അടച്ചു. 29ന് തുറക്കും. ഓഗസ്റ്റ് 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കണ്ണൂർ സർവകലാശാല 21വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. ഓണാവധിക്കുശേഷം 28നു കോളജുകൾ തുറന്ന ശേഷമേ ഇനി പരീക്ഷകളുണ്ടാകു. വെള്ളിയാഴ്ച്ച നടത്താനിരുന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് 31ലേക്കു മാറ്റി.

ആരോഗ്യ സർവകലാശാല വെള്ളിയാഴ്ച്ച നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയതികൾ പിന്നീട് അറിയിക്കും. അതേസമയം പ്രായോഗിക പരീക്ഷകൾക്കു മാറ്റമില്ല.

കാർഷിക സർവകലാശാലയിൽ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ മാറ്റിവെച്ചു. വെറ്ററിനറി സർവകലാശാലയിൽ നിലവിൽ നാളെ പരീക്ഷകളൊന്നും ഇല്ല.

പിഎസ്സി വെള്ളി, ശനി ദിവസങ്ങളിൽ നടത്താനിരുന്ന ഡിപ്പാർട്ട്മെന്റൽ പരീക്ഷ, അഭിമുഖം, സർട്ടിഫിക്കറ്റ് പരിശോധന എന്നിവയെല്ലാം മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

നാളെയും മറ്റന്നാളും നടത്താൻ തീരുമാനിച്ചിരുന്ന പിഎസ്സി ഓൺലൈൻ/ഒഎംആർ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.

എംജി സർവകലാശാല ഈയാഴ്ചത്തെ എല്ലാ പരീക്ഷകളും നേരത്തേ മാറ്റിയിരുന്നു.

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ സദാനന്ദപുരത്തെ കൃഷി വിജ്ഞാനകേന്ദ്രം 20, 21 തീയതികളിൽ നടത്താനിരുന്ന റിസർച്ച് ഫെലോ, ടെക്നിക്കൽ അസിസ്റ്റന്റ് എന്നീ താൽകാലിക തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷ മാറ്റി.

മുന്നറിയിപ്പുകൾ

പെരിയാർ, ചാലക്കുടി ഭാഗങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. അവിടങ്ങളിൽ വെള്ളം ഇനിയും രാത്രിയിലും പൊങ്ങാൻ ഇടയുണ്ട്. കരകളിൽ ഉള്ളവർ ഉടൻ മാറണം.

ചാലക്കുടി പുഴയുടെ തീരത്ത് ഒരു കിലോമീറ്റർ വരെ അടുത്തുള്ളവർ ഉടൻ മാറണം. ആലുവയിൽ ഉള്ളവരും മാറണം. കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഇനിയും വെള്ളം ഉയരാനും നാശങ്ങൾക്കും സാധ്യതയുണ്ട്.

വെള്ളത്തിന്‍റെ അളവ് കൂടിയതിനാല്‍ പേപ്പാറ ഡാമിന്‍റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഇതോടെ തിരുവനന്തപുരം നഗരത്തിൽ വീണ്ടും വെള്ളക്കെട്ടിന് സാധ്യത.

മഴ കുറയും

മഴയുടെ ശക്തി കേരളത്തിൽ കുറഞ്ഞു തുടങ്ങി. ഇന്ന് രാത്രിയും നാളെയും മഴ ഉണ്ടാകുമെങ്കിലും മുൻ ദിവസങ്ങളിലെ ശക്തി ഉണ്ടാവില്ല. മറ്റു പ്രതികൂല സാഹചര്യങ്ങളൊന്നും പൊടുന്നനെ ഉണ്ടാവുന്നില്ലെങ്കിൽ ശനിയാഴ്ചയോടെ മഴ എല്ലാ ജില്ലകളിലും കുറയും. കാലാവസ്ഥാ കേന്ദ്രത്തിലേക്ക് വിളിക്കാം.
ഫോണ് : 0471 2322 330 04712330025

കൊച്ചി വിമാനം ഉടനില്ല

അടച്ചിട്ടിരിക്കുന്ന നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ചയും തുറക്കില്ല. വെള്ളമിറങ്ങാത്തതിനാല്‍ ഈ മാസം 26ന് ഉച്ചയ്ക്ക് രണ്ട് വരെയാണ് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നത്.

കൊച്ചി മെട്രോ സൗജന്യം

വെള്ളം കയറിയതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. വൈകുന്നേരം നാല് മണിയോടെ മെട്രോ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ്. സാഹചര്യം മുന്‍നിര്‍ത്തി മെട്രോയുടെ സേവനം സൗജന്യമായി നൽകും.

ജിയോ സൗജന്യം

പ്രളയത്തിൽ കുടുങ്ങിയവരെ സഹായിക്കാനായി മിക്ക ടെലികോം
കമ്പനികളും രംഗത്തെത്തി. പ്രളയബാധിത സ്ഥലങ്ങളിൽ ഏഴു ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്സ്, ഡേറ്റ പാക്കുകളാണ് ജിയോ നൽകുന്നത്.

എയർടെൽ പ്രീപെയ്ഡ് വരിക്കാർക്ക് 30 രൂപ ടോക്ക്‌ ടൈം പാക്ക് നൽകും. ഏഴു ദിവസത്തേക്ക് ഒരു ജിബി ഡേറ്റയും നൽകും. ഇതോടൊപ്പം പ്രധാന ദുരിതാശ്വാസ ക്യാംപുകളിലും എയർടെൽ
സേവനം ലഭ്യമാക്കും.

യാത്രകൾ മാറ്റുക

റെയിൽ, റോഡ് ഗതാഗതം തടസ്സപ്പെട്ടുതന്നെ. യാത്രകൾ ഒഴിവാക്കുക. കെ എസ് ആർ ടി സി സർവീസുകൾ പലതും നിലച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍