UPDATES

ട്രെന്‍ഡിങ്ങ്

ഹരിയാന മുഖ്യമന്ത്രിയെ മാറ്റില്ല; ബിജെപി ഖട്ടറില്‍ തുടരും

പഞ്ച്കുളയില്‍ 32 പേര്‍ മരിക്കാനിടയായ അക്രമം തടയാന്‍ ആവശ്യമായ നടപടികള്‍ മുഖ്യമന്ത്രിയോ സര്‍ക്കാരോ എടുത്തില്ല.

ഹരിയാനയിലെ വ്യാപക സംഘര്‍ഷത്തേയും അക്രമങ്ങളേയും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുകയും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്‌തെങ്കിലും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറെ മാറ്റേണ്ടെന്ന് ബിജെപി നേതൃത്വം തീരുമാനിച്ചതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടി ദേശീയ പ്രസിഡന്റ് അമിത് ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. കലാപത്തിന് ഉത്തരവാദിയായ ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിമിനെ സഹായിക്കുന്ന നിലപാടാണ് ബിജെപി കൈക്കൊള്ളുന്നത്. ഡല്‍ഹിയില്‍ രാജ്‌നാഥ് സിംഗ് വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷമാണ് ഖട്ടര്‍ തുടരുമെന്ന് അമിത് ഷാ അറിയിച്ചത്. ഹരിയാനയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അനില്‍ ജയിന്‍, മുതിര്‍ന്ന നേതാവ് കൈലാസ് വിജയ് വര്‍ഗിയ എന്നിവരുമായും അമിത് ഷാ ചര്‍ച്ച നടത്തിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ മാറ്റിയാല്‍ അത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്ന നിലപാടാണ് നേതാക്കള്‍ക്കുള്ളത്. പഞ്ച്കുളയില്‍ 32 പേര്‍ മരിക്കാനിടയായ അക്രമം തടയാന്‍ ആവശ്യമായ നടപടികള്‍ മുഖ്യമന്ത്രിയോ സര്‍ക്കാരോ എടുത്തില്ല. ഒരാഴ്ച മുമ്പ് തന്നെ ദേര അനുയായികള്‍ പഞ്ച്കുളയിലേക്ക് വരുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്.

ബലാത്സംഗ കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗുര്‍മീതിന്റെ അനുയായികള്‍ വ്യാപക അക്രമം അഴിച്ചുവിട്ടിട്ടും റാം റഹിം സിംഗിനെ കുറ്റപ്പെടുത്താന്‍ ബിജെപി തയാറായിട്ടില്ല. 2014ല്‍ ദേരയുടെ പിന്തുണ സ്വീകരിച്ച ബിജെപിക്ക് ധാര്‍മികമായി മറ്റൊരു നിലപാട് കൈക്കൊള്ളാനുമാവില്ല. മുഖ്യമന്ത്രി ശനിയാഴ്ച പറഞ്ഞത് ദേരയുടെ അനുയായികള്‍ക്കിടയില്‍ സാമൂഹ്യവിരുദ്ധര്‍ കടന്നുകയറിയെന്നാണ്. ഹരിയാനയില്‍ ആദ്യമായി ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ സഹായിച്ചതില്‍ റാം റഹിം സിംഗും ദേര സച്ച സൗദയും പങ്ക് വഹിച്ചിട്ടുണ്ട്. അന്ന് മുഖ്യമന്ത്രി പദവിയിലേക്ക് പുതുമുഖമായ ഖട്ടറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായും കൂടി നിശ്ചയിക്കുകയായിരുന്നു. എന്നാല്‍, ആ വര്‍ഷം തന്നെ ഹിസാറില്‍ ആള്‍ദൈവമായ റാം പാലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍, അക്രമങ്ങളില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. വീണ്ടും 2015ല്‍ സംവരണം ആവശ്യപ്പെട്ട് ജാട്ടുകള്‍ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായപ്പോള്‍ 30 പേര്‍ കൊല്ലപ്പെട്ടു. 2014ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സിര്‍സയില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി, റാം റഹിം സിംഗിനെ പ്രശംസിച്ചിരുന്നു. സ്വച്ഛ് ഭാരത് പദ്ധതിക്ക് റാം റഹിം നല്‍കുന്ന പിന്തുണയെക്കുറിച്ച് പറഞ്ഞാണ് പ്രശംസിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍