UPDATES

നാലര വര്‍ഷത്തിനിടയില്‍ ഈ ‘വി ഐ പി’ തടവുപുള്ളിക്ക് കിട്ടിയത് 384 പരോള്‍ ദിനങ്ങള്‍

ഹൈക്കോടതിയില്‍ കേസ് കൊടുക്കാനൊരുങ്ങി കെ കെ രമ

ടി പി കൊലക്കേസ് പ്രതിക്ക് തുടര്‍ച്ചയായി 40 ദിവസം പരോള്‍ അനുവദിച്ച് ജയില്‍ വകുപ്പ്. നിയമ നടപടിക്കൊരുങ്ങി കെ.കെ.രമ. ടി പി കൊലക്കേസിലെ പ്രധാന ഗൂഢാലോചകനായ സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തനാണ് തുടര്‍ച്ചയായി നാല്‍പ്പത് ദിവസങ്ങള്‍ പരോള്‍ അനുവദിച്ചത്.

പത്ത് ദിവസത്തെ പരോളിന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കുഞ്ഞനന്തന് രണ്ട് തവണയായി 30 ദിവസത്തെ പരോള്‍ ദിനങ്ങളാണ് അധികം നല്‍കിയത്. ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ കുഞ്ഞനന്തന്‍ ഉള്‍പ്പെടെയുള്ളവരുടെ പട്ടിക ഗവര്‍ണര്‍ റദ്ദാക്കിയതിന് പിന്നാലെ കയ്യയച്ച് പരോള്‍ ദിനങ്ങള്‍ നല്‍കി സര്‍ക്കാര്‍ അദ്ദേഹത്തെ സഹായിക്കുകയാണെന്ന ആരോപണം ശക്തമാണ്. ടി പി വധക്കേസിലെ പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍ അനുവദിക്കപ്പെടുന്നതിനെതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് ടി പിയുടെ വിധവയും ആര്‍എംപി നേതാവുമായ കെ.കെ.രമ.

പി കെ കുഞ്ഞനന്തന്റെ അപേക്ഷ പ്രകാരം കഴിഞ്ഞ സെപ്തംബര്‍ 21നാണ് അടിയന്തിര പരോള്‍ അനുവദിച്ചത്. പിന്നീട് പരോള്‍ നീട്ടി നല്‍കണമെന്ന അപേക്ഷ ലഭിച്ചതിനെ തുടര്‍ന്ന് 15 ദിവസത്തെ പരോള്‍ കൂടി അനുവദിച്ചു. എന്നാല്‍ വീണ്ടും പരോള്‍ നീട്ടി നല്‍കണമെന്ന് ഒക്ടോബര്‍ ആറിന് കുഞ്ഞനന്തന്‍ അപേക്ഷിച്ചു. തുടര്‍ന്ന് വീണ്ടും പതിനഞ്ച് ദിവസങ്ങള്‍ കൂടി അനുവദിക്കപ്പെട്ടു. ഒക്ടോബര്‍ 16ന് ജയില്‍ വകുപ്പ് ഇതിനുള്ള ഉത്തരവിറക്കി. ഇതോടെ തുടര്‍ച്ചയായ നാല്‍പ്പത് ദിനങ്ങള്‍ കുഞ്ഞനന്തന് പരോള്‍ ലഭിച്ചു.

നാലര വര്‍ഷമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പി കെ കുഞ്ഞനന്തന് ലഭിച്ചത് ഒരു വര്‍ഷത്തിലേറെ പരോള്‍ ദിനങ്ങള്‍. അവസാനമായി ലഭിച്ച 40 ദിവസത്തെ പരോള്‍ ഉള്‍പ്പെടെ കുഞ്ഞനന്തന് ലഭിച്ചത് 384 ദിവസത്തെ പരോള്‍ ദിനങ്ങളാണ്. ഇതിന് പുറമെ 45 ദിവസത്തെ ആശുപത്രി വാസവും അനുവദിച്ചതായി ജയില്‍ രേഖകള്‍ പറയുന്നു. 384ല്‍ 267 ദിവസം സ്വാഭാവിക പരോളും ബാക്കി ദിവസങ്ങളില്‍ അടിയന്തിര പരോളുമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ആഭ്യന്തരവകുപ്പിന്റെ കൃത്യമായ നിര്‍ദ്ദേശ പ്രകാരമാണ് ഇത്രയും ദിവസങ്ങള്‍ പരോള്‍ ലഭിക്കുന്നതെന്നും കെ കെ രമ ആരോപിച്ചു.

‘ അടിയന്തിര സാഹചര്യം ഉണ്ടെങ്കില്‍ മാത്രം അനുവദിക്കപ്പെടേണ്ടതാണ് അടിയന്തിര പരോള്‍. അടുത്ത ബന്ധുക്കളുടെ മരണം, അസുഖം, കല്യാണം എന്നിവയ്ക്കാണ് അടിയന്തിരമായി പരോള്‍ അനുവദിക്കപ്പെടുക. 117 ദിവസങ്ങള്‍ അടിയന്തിര പരോളായി കുഞ്ഞനന്തന് മാത്രം അടിയന്തിര പരോളായി ലഭിച്ചു. അടിയന്തിര സാഹചര്യം എന്ന് പറയുന്നതെല്ലാം പരോള്‍ നല്‍കുന്നതിനുള്ള മറ മാത്രമാണ്. നിയമം,നിയമ വ്യവസ്ഥ എന്നിവയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. എന്നിട്ട് ടി.പി. വധക്കേസിലെ പ്രതികളുടെ കാര്യത്തില്‍ ഈ നിയമം നടപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് എന്താണ് മുട്ടുവിറയ്ക്കുന്നത്? മുഖ്യമന്ത്രിയുടെ, ആഭ്യന്തര വകുപ്പിന്റെ പൂര്‍ണ അനുവാദത്തോടെയും നിര്‍ദേശത്തോടെയുമാണ് തുടര്‍ച്ചയായി പരോള്‍ അനുവദിക്കപ്പെടുന്നത്. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് ഇത്തരത്തില്‍ പരോള്‍ അനുവദിക്കുന്നതില്‍ നിന്ന് വ്യക്തമാവുന്നത്, ഈ പ്രതികള്‍ ഇവര്‍ക്ക് വേണ്ടി തന്നെയാണ് ആ കൃത്യം നടപ്പാക്കിയതെന്നാണ്. അല്ലെങ്കില്‍ ഇത്രയധികം ഇളവ് അനുവദിക്കപ്പെടുന്നതെങ്ങനെയാണ്? മറ്റൊരു പ്രതിയായി ജയില്‍ ശിക്ഷയനുഭവിക്കുന്ന രാമചന്ദ്രന്‍ ഇപ്പോള്‍ നാട്ടിലുണ്ട്. പരോളില്‍ ഇറങ്ങിയതാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെങ്കിലും ഇപ്പോഴും പാര്‍ട്ടി പരിപാടികളിലടക്കം അയാള്‍ പങ്കെടുക്കുന്നുണ്ട്.

ടി പി വധക്കേസിലെ പ്രതികള്‍ക്ക് അനുവദിക്കപ്പെടുന്ന പരോള്‍ നിയമപ്രകാരമാണെങ്കില്‍ ഇതുപോലെ ശിക്ഷ അനുഭവിക്കുന്ന എത്രപേര്‍ക്ക് ഇതുപോലെ പരോള്‍ അനുവദിക്കപ്പെടുന്നുണ്ട്? താമരശേരിയില്‍ നിന്ന് ഇതേപോലെ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഒരാളുടെ കാര്യം എനിക്ക് നേരിട്ട് അനുഭവമുള്ളതാണ്. അയാളുടെ ഉമ്മയുടെ ഉമ്മയ്ക്ക് അസുഖം കൂടുതലാണെന്ന് പറഞ്ഞ് അപേക്ഷ നല്‍കിയിട്ട് എത്രയോ കാലം കാത്തിരുന്നിട്ടാണ് പരോള്‍ അനുവദിച്ചത്. ഇവര്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് ഇവര്‍ പരിഗണനയിലുള്ള ആളുകളായതുകൊണ്ടാണ്. എന്തായാലും ഞങ്ങള്‍ ഇതിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ്. അടുത്തയാഴ്ച ഹൈക്കോടതിയില്‍ ഇതിനെതിരെ കേസ് കൊടുക്കും.’

സമ്മേളന കാലയളവില്‍ കുഞ്ഞനന്തനെ പാനൂര്‍ ഏരിയാ കമ്മറ്റിയില്‍ നിലനിര്‍ത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. പി്ന്നീട് കുഞ്ഞനന്തനെ ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമവും വിവാദത്തിന് വഴിവച്ചു. പ്രായാധിക്യമെന്ന പേരില്‍ കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. എഴുപത് വയസ്സ് പിന്നിട്ടവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതില്‍ കുഞ്ഞനന്തനേയും ഉള്‍പ്പെടുത്തിയിരുന്നു. ടി പി കൊലക്കേസ് പ്രതികളായ കുഞ്ഞനന്ദനും, കെ സി രാമചന്ദ്രനും ഉള്‍പ്പെടെ 1800 പേര്‍ക്ക് ശിക്ഷായിളവ് നല്‍കുന്നതിനുള്ള പട്ടികയാണ് സര്‍ക്കാര്‍ തയ്യാറാക്കിയത്. എന്നാല്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പി സദാശിവം ഈ പട്ടിക റദ്ദാക്കുകയായിരുന്നു. പിന്നീട് സര്‍ക്കാര്‍ തയ്യാറാക്കിയ 739 പേരടങ്ങുന്ന പട്ടികയില്‍ കുഞ്ഞനന്തനും രാമചന്ദ്രനും ഇടംപിടിച്ചതുമില്ല. ഈ വിഷയവും അവശ്യം പോലെ പരോള്‍ നല്‍കുന്ന കാര്യവും നിയമസഭയില്‍ ചര്‍ച്ചയായെങ്കിലും സര്‍ക്കാര്‍ അത് കണക്കിലെടുത്തില്ല.

2014 ജനുവരി 28നാണ് ടി പി കൊലക്കേസ് പ്രതികളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നത്. ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ഏഴ് കൊലയാളികളും മൂന്ന് സി പി എം നേതാക്കളും കണ്ണൂര്‍, വിയ്യൂർ ജയിലുകളിലാണ്. എട്ടാംപ്രതിയായ കെ. സി രാമചന്ദ്രന് ഇക്കാലയളവിനിടയില്‍ 232 ദിവസത്തെ പരോള്‍ ആണ് അനുവദിക്കപ്പെട്ടത്. ഹൃദ്രോഗചികിത്സയ്ക്കായി 85 ദിവസത്തെ ആശുപത്രിവാസത്തിനും അവധി നല്‍കി. ഇതില്‍ 28 ദിവസം ആയുര്‍വേദ ചികിത്സയ്ക്കുമായിരുന്നു. 232ല്‍ 186 ദിവസം സ്വാഭാവിക പരോളും 46ദിവസം അടിയന്തിര പരോളുമാണ് രാമചന്ദ്രന് ലഭിച്ചത്. ഒന്നാം പ്രതി എം സി അനൂപിന് 75 ദിവസത്തേ പരോള്‍ അനുവദിക്കപ്പെട്ടപ്പോള്‍ ടി കെ രജീഷിന് 30 ദിവസത്തെ പരോള്‍ കൂടാതെ 45 ദിവസത്തെ ആയുര്‍വേദ ചികിത്സയ്ക്കും അവധി ലഭ്യമായി. കിര്‍മാണി മനോജിന് 45 ദിവസവും കൊടിസുനിക്ക് 30 ദിവസവും മുഹമ്മദ് ഷാഫിക്ക് 60 ദിവസവും ഷിനോജിന് 45 ദിവസവും സിജിത്തിന് 28 ദിവസവും പരോള്‍ ലഭിച്ചു.

ഒട്ടേറെപ്പേര്‍ പരോളിന് അപേക്ഷ സമര്‍പ്പിച്ച് മാസങ്ങളോളം കാത്തിരിക്കേണ്ടി വരുമ്പോള്‍ ടി പി വധക്കേസിലെ പ്രതികള്‍ക്ക് നിരന്തരം പരോള്‍ ലഭിക്കുന്നതിനെയാണ് പലരും ചോദ്യം ചെയ്യുന്നത്. എന്നാല്‍ നിയമവിധേയമായാണ് പരോള്‍ നല്‍കിയതെന്നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെയും ജില്ലാ പോലീസ് മേധാവി ജി.ശിവ വിക്രത്തിന്റെയും വിശദീകരണം ‘ജയില്‍ റൂള്‍ അനുസരിച്ചല്ലാതെ ഒരാള്‍ക്കും പരോള്‍ അനുവദിച്ചിട്ടില്ല. ഒന്നിച്ച് നാല്‍പ്പത് ദിവസം കുഞ്ഞനന്തന് പരോള്‍ കൊടുത്തു എന്നത് തെറ്റായ റിപ്പോര്‍ട്ടാണ്്. ആദ്യം പത്ത് ദിവസം പരോള്‍ അനുവദിച്ചു. പിന്നീട് പതിനഞ്ച് ദിവസങ്ങള്‍ വീതം പരോള്‍ നീട്ടി നല്‍കിയതാണ്. നിയമപ്രകാരം നല്‍കാന്‍ കഴിയുന്ന പരോള്‍ മാത്രമേ ജയിലില്‍ നിന്ന് നല്‍കിയിട്ടുള്ളൂ. ‘ എന്നാണ് ജയില്‍ സൂപ്രണ്ട് പ്രതികരിച്ചത്. എന്നാല്‍ അടിയന്തിര പരോള്‍ അനുവദിക്കപ്പെടുന്നതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല ‘ ഭാര്യക്ക് സുഖമില്ല എന്ന ഒരു കാരണമുണ്ട്. പലപ്പോഴും പല സാഹചര്യങ്ങളിലാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കു്‌നനതിനനുസരിച്ചാണ് ജയിലില്‍ നിന്ന് പരോള്‍ അനുവദിക്കുന്നത്’ എന്നും അദ്ദേഹം പറഞ്ഞു. ‘ സമൂഹത്തില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കില്ലെന്നും, സമൂഹത്തിന് ഭീഷണിയല്ലെന്നും ബോധ്യപ്പെട്ടാല്‍ നിയമപ്രകാരം ആര്‍ക്കും പരോള്‍ നല്‍കും. നിയമം അടിസ്ഥാനമാക്കി മാത്രമാണ് കുഞ്ഞനന്തന് പരോള്‍ അനുവദിക്കപ്പെട്ടത്’ എന്ന് ജില്ലാ പോലീസ് മേധാവി പ്രതികരിച്ചു.

പത്ത് ദിവസത്തിന് മുകളില്‍ അടിയന്തിര പരോള്‍ അനുവദിക്കപ്പെട്ടാല്‍ ആറ് മാസത്തിന് ശേഷം മാത്രമേ സ്വാഭാവിക പരോള്‍ നല്‍കാവൂ എന്ന് പരോള്‍ നിയമത്തില്‍ പറയുന്നുണ്ട്. ഒരു വര്‍ഷം നാല് പ്രാവശ്യത്തിന് മേല്‍, അത് സ്വാഭാവികമായാലും അടിയന്തിരമായാലും, പരോള്‍ അനുവദിക്കരുതെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥകള്‍ അനുസരിച്ചാണോ പരോള്‍ അനുവദിക്കുന്നതെന്ന് ചോദ്യത്തിന് ‘ എല്ലാം നിയമാനുസൃതമായി മാത്രമാണ് ചെയ്യുന്നത്’ എന്ന മറുപടിയാണ് ജയില്‍ സൂപ്രണ്ട് നല്‍കിയത്. ജയിലില്‍ ടി പി വധക്കേസ് പ്രതികള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളും മുമ്പും പലതവണ വാര്‍ത്തയായിരുന്നു.

കമ്യൂണിസ്റ്റുകാരിയാണ് ഞാന്‍, കരഞ്ഞ് വീട്ടിലിരിക്കുമെന്ന് കരുതരുത്- കെ.കെ രമ/അഭിമുഖം

കെകെ രമയെ തെറി വിളിക്കുന്ന ഭക്തജന നുണയന്മാരേ, നാണമില്ലേ നിങ്ങള്‍ക്ക്?: സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍