UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെഎം ഷാജിക്ക് നിയമസഭയില്‍ വരാം, വോട്ട് അവകാശമില്ല: സുപ്രീം കോടതി; അപ്പീല്‍ തീരുമാനം വരെ ഹൈക്കോടതി വിധിക്ക് സ്‌റ്റേ

അപ്പീല്‍ തീരുമാനം വരും വരെ ഉപാധികളോടെയാണ് സ്റ്റേ. കെഎം ഷാജിക്ക് നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാം. എന്നാല്‍ വോട്ടവകാശമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മത വര്‍ഗീയത ഇളക്കിവിട്ട് വോട്ട് നേടിയെന്ന പരാതിയില്‍ മുസ്ലീം ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെഎം ഷാജിയുടെ തിരഞ്ഞെടുപ്പ് വിജയവും നിയമസഭാംഗത്വവും റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. അപ്പീല്‍ തീരുമാനം വരും വരെ ഉപാധികളോടെയാണ് സ്റ്റേ. കെഎം ഷാജിക്ക് നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാം. എന്നാല്‍ വോട്ടവകാശമില്ലെന്നും ശമ്പളവും ആനുകൂല്യങ്ങളും പറ്റരുത് എന്നും സുപ്രീം കോടതി വ്യക്തമാക്കി. അഴീക്കോട്‌ മണ്ഡലത്തിലെ തിരഞ്ഞെടുപ്പും തന്‍റെ നിയമസഭാംഗത്വവും റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് കെഎം ഷാജി നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്.

2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എംവി നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് ഷാജിയുടെ നിയമസഭാംഗത്വം ഹൈക്കോടതി റദ്ദാക്കിയിരുന്നത്. എന്നാല്‍ തന്നെ എംഎല്‍എ ആയി പ്രഖ്യാപിക്കണം എന്ന നികേഷ് കുമാറിന്‍റെ ആവശ്യം തള്ളിയ ഹൈക്കോടതി പുതിയ തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിടുകയാണ് ഉണ്ടായത്. അതേസമയം അതേദിവസം തന്നെ വിധിക്ക് സ്‌റ്റേയും അനുവദിച്ചു. സ്‌റ്റേ കാലാവധി തീര്‍ന്നിരുന്നതിനാല്‍ കഴിഞ്ഞ ദിവസം ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചിരുന്നില്ല. ഹൈക്കോടതിയുടെ സ്‌റ്റേ കാലാവധി അവസാനിച്ചതിനാല്‍ ഷാജിക്ക് നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാനാകില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും നിയമസഭ സെക്രട്ടറിയും വ്യക്തമാക്കിയിരുന്നു.

ജനുവരിയിലാണ് ഷാജിയുടെ അപ്പീല്‍ പരിഗണിക്കുക. അപ്പീല്‍ വേഗത്തില്‍ പരിഗണിച്ച് തീര്‍പ്പുണ്ടാകണമെന്ന ഷാജിയുടെ ആവശ്യം സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. എതിര്‍ കക്ഷിയായ എംവി നികേഷ് കുമാറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ 2287 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് കെഎം ഷാജി അഴീക്കോട്‌ നിന്ന് വിജയിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍