തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഊട്ടി കോടനാട് ബംഗ്ലാവിന്റെ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് സയന്‍.
കോടനാട് കൊലപാതക കേസിലെ രണ്ടാംപ്രതി സയന്റെ ഭാര്യയുടേയും മകളുടേയും മുറിവുകളില്‍ അസ്വാഭാവികതയില്ലെന്ന് ഡോക്ടര്‍മാര്‍. അപകടത്തില്‍ സംഭവിച്ചതാകാം മുറിവുകളെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. ഇന്നലെ പാലക്കാട് കണ്ണാടിയില്‍ വച്ച് നടന്ന വാഹനാപകടത്തില്‍ സയന് പരിക്കേല്‍ക്കുകയും ഭാര്യയും മകളും മരിക്കുകയും ചെയ്തിരുന്നു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഊട്ടി കോടനാട് ബംഗ്ലാവിന്റെ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് സയന്‍. ഒന്നാം പ്രതി കനകരാജും കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. ഇത് കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ കേസിലെ ഒന്നും രണ്ടും പ്രതികള്‍ ദൂരൂഹ സാഹചര്യത്തില്‍ അപകടത്തില്‍ പെട്ടത് സംബന്ധിച്ച് പൊലീസ് അന്വേഷിച്ച് വരുകയാണ്.
സയനും കുടുംബവും സഞ്ചരിച്ചിരുന്ന സാന്‍ട്രോ കാര്‍ ഇന്നലെ പുലര്‍ച്ചെയാണ് ദേശീയപാതയില്‍ പാലക്കാട് കാഴ്ചപ്പറമ്പിനടുത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായി തകര്‍ന്ന കാറില്‍ നിന്നും ഉള്ളിലുണ്ടായവരെ പുറത്തെടുക്കുമ്പോള്‍ സയന്റെ ഭാര്യ വിനുപ്രിയയും മകള്‍ നീതുവും മരിച്ചിരുന്നു. എന്നാല്‍ വിനുപ്രിയയുടെയും നീതുവിന്റെയും കഴുത്തില്‍ സമാനസ്വഭാവത്തില്‍ കണ്ടെത്തിയ ആഴത്തിലുള്ള മുറിവ് സംശയം ജനിപ്പിച്ചു. കാര്‍ അപകടത്തില്‍ പെടുന്നതിനു മുന്നെ തന്നെ ഇരുവരും കൊല്ലപ്പെട്ടിരുന്നു എന്നു സംശയം ജനിപ്പിക്കുന്നതാണ് കഴുത്തിലെ മുറിവുകള്‍.
ഒന്നുകില്‍ ഭാര്യയേും മകളെയും കൊന്നശേഷം സയന്‍ സ്വയം കാര്‍ ലോറിക്ക് പിന്നിലേക്ക് ഇടിച്ചു കയറ്റിയതായിരിക്കണം; ആത്മഹത്യപോലെ. അതല്ലെങ്കില്‍ മറ്റാരുടെയോ കൈകള്‍ അതിന്റെ പിന്നില്‍ ഉണ്ട്. ഈ തരത്തിലാണ് പൊലീസും ഈ അപകടത്തെ പ്രാഥമികമായി നോക്കി കണ്ടിരുന്നത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സയന്റെ മൊഴി മജിസ്‌ട്രേറ്റ് നേരിട്ടെത്തി രേഖപ്പെടുത്തിയിട്ടുണ്ട്. സയനില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്.