UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോഴിക്കോട്ട് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ മൂന്നരവയസ്സുകാരനെ പരിക്കേല്‍പ്പിച്ചത് അമ്മയും സുഹൃത്തും ചേര്‍ന്നാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസ്

ബൈക്ക് മറിഞ്ഞു വീണതാണെന്ന് വാദമുണ്ടെങ്കിലും, അപകടത്തില്‍ കുഞ്ഞിനു മാത്രം പരിക്കേറ്റതില്‍ ദുരൂഹതയുണ്ടെന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ നിരീക്ഷണം

കോഴിക്കോട്ട് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ മൂന്നരവയസ്സുകാരനെ പരിക്കേല്‍പ്പിച്ചത് അമ്മയും സുഹൃത്തും ചേര്‍ന്നാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസ്. കുട്ടിയുടെ ശരീരമാസകലം പരിക്കേറ്റ പാടുകളുണ്ടെന്നും, പ്രാഥമിക പരിശോധനയില്‍ പൊള്ളലേറ്റതെന്ന് തോന്നിപ്പിക്കുന്നതാണ് പരിക്കെന്നും നടക്കാവ് പൊലീസ് സ്റ്റേഷനില്‍ കുട്ടിയെ സന്ദര്‍ശിച്ച ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പറയുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ബൈക്കില്‍ നിന്നും വീണപ്പോഴുണ്ടായ പരിക്കുകളാണിതെന്നും കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും ആവര്‍ത്തിക്കുകയാണ് പൊലീസ് കസ്റ്റഡിയിലുള്ള അമ്മയും സുഹൃത്തും.

കഴിഞ്ഞ ഏപ്രില്‍ 27നാണ് പാലക്കാട് നിന്നും മൂന്നരവയസ്സുകാരനെ അമ്മയ്‌ക്കൊപ്പം കാണാതായത്. കുഞ്ഞിനെയും കൊണ്ട് സുഹൃത്തിനൊപ്പം കടന്നുകളഞ്ഞുവെന്നു കാണിച്ച് പാലക്കാട് സൗത്ത് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതിയും കൊടുത്തിരുന്നു. ബന്ധുക്കള്‍ അന്വേഷിച്ചെത്തുമെന്ന് മനസ്സിലാക്കിയതോടെ കോഴിക്കോട്ടേക്ക് പോന്ന ഇവര്‍ ദിവസങ്ങളായി കിഴക്കേ നടക്കാവിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. ഇവര്‍ കോഴിക്കോട്ടെത്തിയ വിവരം മനസ്സിലാക്കി പിന്തുടര്‍ന്നെത്തിയ ബന്ധുക്കളാണ് ഇന്ന് കുട്ടിയെ പരിക്കേറ്റ നിലയില്‍ ഇവര്‍ക്കൊപ്പം കണ്ടെത്തിയത്. കുഞ്ഞിന്റെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയും, തുടര്‍ന്ന് അമ്മയേയും സുഹൃത്തിനേയും നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവരെ ഉടനെ പാലക്കാട് പൊലീസിന് കൈമാറും.

കുഞ്ഞിന് പരിക്കേറ്റ വിവരം ശ്രദ്ധയില്‍പ്പെട്ടതോടെ ചൈല്‍ഡ് ലൈനും വിഷയത്തില്‍ ഇടപെട്ടിരുന്നു. ബൈക്ക് മറിഞ്ഞു വീണതാണെന്ന് വാദമുണ്ടെങ്കിലും, അപകടത്തില്‍ കുഞ്ഞിനു മാത്രം പരിക്കേറ്റതില്‍ ദുരൂഹതയുണ്ടെന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ നിരീക്ഷണം. ബൈക്കപകടത്തിനു ശേഷം കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയെന്നും അമ്മയും സുഹൃത്തും അറിയിച്ചിട്ടുണ്ടെന്നും, എന്നാല്‍ ഇത്ര സാരമായ മുറിവുകളില്‍ മരുന്നോ ബാന്‍ഡേജോ കാണാത്തതിലും ചൈല്‍ഡ് ലൈന്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. പരിക്കുകള്‍ പൊള്ളല്‍ പോലെ കാണപ്പെടുന്നതിനാല്‍ കുട്ടിയെ മനപ്പൂര്‍വ്വം പൊള്ളിച്ചതോ, അല്ലെങ്കില്‍ ബൈക്കില്‍ നിന്നും മനപ്പൂര്‍വം തള്ളിയിട്ടതോ ആയിരിക്കാനാണ് സാധ്യതയെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടിയുടെ മുഖത്ത് നല്ല പരിക്കേറ്റിട്ടുണ്ട്. കൈകള്‍ക്കും കാലിനും സാരമല്ലാത്ത പരിക്കുണ്ട്. തൊലി അടര്‍ന്ന് പൊള്ളലേറ്റ രൂപത്തിലാണ് പരിക്കുകളെല്ലാം.

പരിക്കുകളുടെ സ്വഭാവം നിര്‍ണയിക്കാനായി കുഞ്ഞിനെ ബീച്ച് ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ ടെസ്റ്റിന് വിധേയനാക്കിയിട്ടുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനാല്‍ ടെസ്റ്റുകള്‍ക്കു ശേഷം കുട്ടിയെ അച്ഛന്റെ സഹോദരനൊപ്പം വിട്ടയച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വന്ന ശേഷം സംഭവസ്ഥലവും സന്ദര്‍ശിച്ചാല്‍ മാത്രമേ കുട്ടിക്ക് പരിക്കേറ്റത് എങ്ങിനെയാണെന്ന് സ്ഥിരീകരിക്കാനാകൂ എന്നാണ് പൊലീസിന്റെ പക്ഷം.

കുട്ടികള്‍ക്കെതിരായ അതിക്രമത്തിന്റെ വാര്‍ത്തകള്‍ തുടര്‍ച്ചയായി പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഏറെ പ്രാധാന്യത്തോടെയാണ് പൊലീസും ചൈല്‍ഡ് ലൈനും കേസ് പരിഗണിച്ചിരിക്കുന്നത്.

Read More: ബാങ്കുകളെ ഷൈലോക്കുകളാക്കുന്ന സര്‍ഫാസി നിയമം, കേരളത്തില്‍ ഭീഷണി നേരിടുന്നത് നൂറുകണക്കിന് കുടുംബങ്ങള്‍, നിസഹായരായി സര്‍ക്കാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍