താന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേയ്ക്ക് പോയേക്കുമെന്ന വാര്‍ത്തകള്‍ അല്‍പേഷ് താക്കൂര്‍ കഴിഞ്ഞ മാസം തള്ളിക്കളഞ്ഞിരുന്നു.
ഗുജറാത്തിലെ ക്ഷത്രിയ (ഒബിസി) നേതാവും എംഎല്‍എയുമായ അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസ് വിട്ടു. താന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേയ്ക്ക് പോയേക്കുമെന്ന വാര്‍ത്തകള്‍ അല്‍പേഷ് താക്കൂര്‍ കഴിഞ്ഞ മാസം തള്ളിക്കളഞ്ഞിരുന്നു. കോണ്‍ഗ്രസില്‍ ഉറച്ചുനിന്നുകൊണ്ട് തന്നെ താക്കൂര്‍ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നാണ് അല്‍പേഷ് താക്കൂര്‍ പറഞ്ഞിരുന്നത്. അതേസമയം നേതൃത്വവുമായി അഭിപ്രായ ഭിന്നതകളുണ്ടെന്നും അല്‍പേഷ് വ്യക്തമാക്കിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അല്‍പേഷ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മകനാണെങ്കിലും 2017ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസിലെത്തിയത്. നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്കും മോദി – അമിത് ഷാ നേതൃത്വത്തിനും വെല്ലുവിളിയായിക്കൊണ്ട് ഉയര്‍ന്നുവന്ന പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നിന്ന മൂന്ന് യുവ നേതാക്കളില്‍ ഒരാളാണ് അല്‍പേഷ് താക്കൂര്‍. പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലും ദലിത് നേതാവ് ജിഗ്നേഷ് മേവാനിയുമാണ് മറ്റ് രണ്ട് പേര്. ജിഗ്നേഷ് മേവാനി വാദ്ഗാം മണ്ഡലത്തില്‍ നിന്നും അല്‍പേഷ് താക്കൂര്‍ രാധന്‍പൂരില്‍ നിന്നും വിജയിച്ച് എംഎല്‍എമാരായി.
നിയമസഭ തിരഞ്ഞെടുപ്പില്‍ രാധന്‍പൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ലവിംഗ്ജി താക്കൂറിനെ 18,000ത്തിനടുത്ത് വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അല്‍പേഷ് താക്കൂര്‍ പരാജയപ്പെടുത്തിയത്. രാഹുല്‍ ഗാന്ധിയുടെ ക്ഷണത്തെ തുടര്‍ന്നാണ് അല്‍പേഷ് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തതും മത്സരിച്ചതും. അല്‍പേഷിന്റെ എതിരാളിയായിരുന്ന ലവിംഗ്ജി താക്കൂര്‍, കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നയാളാണ്. അല്‍പേഷ് താക്കൂര്‍ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന്റെ ക്ഷത്രിയ സമുദായ വോട്ടിനെ ബാധിച്ചേക്കും.