UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്‌കൂള്‍ കലോത്സവത്തിന് ഇത്തവണ കുടുംബശ്രീ ഭക്ഷണമൊരുക്കും

മുന്‍ വര്‍ഷങ്ങളില്‍ പഴയിടത്തെ തന്നെ സ്ഥിരമായി പാചകം ഏല്‍പിക്കുന്നത് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇത്തവണ ആലപ്പുഴയില്‍ നടക്കുമ്പോള്‍ മത്സരാര്‍ത്ഥികളായ കുട്ടികളടക്കമുള്ളവര്‍ക്ക് ഭക്ഷണമൊരുക്കുന്നത് കുടുംബശ്രീ ആയിരിക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആണ് ഇക്കാര്യം അറിയിച്ചത്. പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വര്‍ഷങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഭക്ഷണം തയ്യാറാക്കിയിരുന്നത്. പ്രളയ ദുരന്തത്തെ തുടര്‍ന്നുള്ള പുനരധിവാസ, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ സാഹചര്യത്തില്‍ കലോത്സവം അടക്കമുള്ള മേളകള്‍ ഇത്തവണ ഒഴിവാക്കുമെന്ന് നേരത്തെ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചിരുന്നെങ്കിലും പിന്നീട് സര്‍ക്കാര്‍ മേളകള്‍ ആര്‍ഭാടമില്ലാത്തെ നടത്താമെന്ന തീരുമാനത്തിലെത്തുകയായിരുന്നു.

2005 മുതല്‍ കലോത്സവങ്ങളില്‍ രുചി പകരുന്നത് പഴയിടം മോഹനന്‍ നമ്പൂതിരിയാണ്. മുന്‍ വര്‍ഷങ്ങളില്‍ പഴയിടത്തെ തന്നെ സ്ഥിരമായി പാചകം ഏല്‍പിക്കുന്നത് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ത്തിയിരുന്നു. വെജിറ്റെറിയന്‍ ഭക്ഷണം മാത്രം ഇത്തരത്തില്‍ ഒരു പൊതുമേളക്ക്, അതും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേള എന്ന് വിശേഷിപ്പിക്കപ്പെടുന്ന മേളക്ക് നല്‍കുന്നത്, സവര്‍ണ്ണത പ്രോത്സാഹിപ്പിക്കുകയാണെന്നും ബഹുസ്വരതയ്ക്ക് എതിരാണെന്നും ഉള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതേസമയം കുടുംബശ്രീ ഇത്തവണ പതിവ് തെറ്റിച്ച് നോണ്‍ വെജ് വിഭവങ്ങളും സദ്യയില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യം വ്യക്തമല്ല. പതിവ് സദ്യ എന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരിക്കുന്നത്. സംസ്ഥാന കായിക മേളക്ക് നോണ്‍ വെജ് വിഭവങ്ങളും ഉണ്ടാകാറുണ്ട്.

2018 സംസ്ഥാന സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ തന്നെ/ വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍