UPDATES

വാര്‍ത്തകള്‍

ആര്‍ജെഡി വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ ലാലുവിന്റെ മകന്‍ തേജ് പ്രതാപ്: ലാലു – റാബ്‌റി മോര്‍ച്ച

രണ്ട് സീറ്റുകള്‍ നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്നും സ്വന്തം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്നുമാണ് ഭീഷണി.

ലോക്‌സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന ഭീഷണിയുമായി ബിഹാറില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മൂത്തമകനും മുന്‍ മന്ത്രിയുമായ തേജ്പ്രതാപ് യാദവ്. ലാലു – റാബ്‌റി മോര്‍ച്ച. ആര്‍ജെഡി 20 സീറ്റിലാണ് മത്സരിക്കുന്നത്. ഇതില്‍ രണ്ട് സീറ്റ് – ജഹാനാബാദും ഷിയോഹാറും തന്റെ അനുയായികള്‍ക്ക് നല്‍കണം എന്ന് ആവശ്യപ്പെട്ട് തേജ്പ്രതാപ് കലഹമുണ്ടാക്കിയിരുന്നു. ഈ രണ്ട് സീറ്റുകള്‍ നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്നും സ്വന്തം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്നുമാണ് ഭീഷണി.

തന്റെ മുന്‍ ഭാര്യയുടെ പിതാവ് ചന്ദ്രിക റായിയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടതില്‍ തേജ്പ്രതാപ് അസ്വസ്ഥനാണ്. ലാലുപ്രസാദ് യാദവ് ജയിലിലായതിനാല്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് തേജ്പ്രതാപിന്റെ അനുജനും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ആണ്. ലാലു നാല് തവണ ജയിച്ച സരണ്‍ സീറ്റാണ് ചന്ദ്രിക റായിയ്ക്ക് നല്‍കുന്നത്. ചന്ദ്രിക റായിയുടെ മകള്‍ ഐശ്വര്യ റായിയെ തേജ്പ്രതാപ് വിവാഹം കഴിച്ചെങ്കിലും ആറ് മാസത്തിന് ശേഷം ഇവര്‍ വിവാഹമോചിതരായിരുന്നു. ചന്ദ്രിക റായിയ്ക്ക് സീറ്റ് നല്‍കരുതെന്ന തേജ്പ്രതാപിന്റെ വാദം അംഗീകരിക്കാന്‍ തേജസ്വി തയ്യാറായില്ല. ആര്‍ജെഡിയുടെ യുവജനസംഘടന തലവനായിരുന്ന തേജ് പ്രതാപ് ഇതില്‍ പ്രതിഷേധിച്ച് രാജി വച്ചു.

തേജസ്വി യാദവിനെതിരെ വിമര്‍ശനവുമായി തേജ് പ്രതാപ് ട്വീറ്റ് ചെയ്തു – ഞാന്‍ ഒന്നും അറിയാത്തവനാണ് എന്ന് കരുതുന്നവര്‍ക്കാണ് ഒന്നും അറിയാത്തത് എന്ന്. തേജസ്വിയുടെ മറുപടി ഇങ്ങനെയായിരുന്നു – അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്, അദ്ദേഹം കൃഷ്ണനും ഞാന്‍ അര്‍ജ്ജുനനുമാണ് എന്ന്. നീതീഷ് കുമാര്‍ മന്ത്രിസഭയില്‍ തേജസ്വിയെ ആണ് ഉപമുഖ്യമന്ത്രിയാക്കിയത്. ലാലുവിന്റെ രാഷ്ട്രീയ പിന്‍ഗാമിയായി പരിഗണിക്കുന്നതും തേജസ്വിയെ ആണ്. തേജ് പ്രതാപ് ആരോഗ്യ മന്ത്രിയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍