UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായിയും മോഹനചന്ദ്രനും പറഞ്ഞത് ചെയ്തു: ലാവ്‌ലിന്‍ കേസിലെ പ്രതിയായ മുന്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ സുപ്രീംകോടതിയില്‍

തങ്ങളേയും കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് കസ്തൂരിരംഗ അയ്യരും ആര്‍ ശിവദാസനും നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടായിരുന്നു. ഒരേ കേസിലെ പ്രതികള്‍ക്ക് വ്യത്യസ്ത നീതി എന്ന പരാതി കസ്തൂരിരംഗ അയ്യര്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

എസ്എന്‍സി ലാവലിന്‍ കേസില്‍ ഹൈകോടതി വിധിക്ക് എതിരെ സുപ്രീം കോടതിയില്‍ പുതിയ ഒരു അപ്പീല്‍ കൂടി. കേസിലെ രണ്ടാം പ്രതി ആയിരുന്ന കെഎസ്ഇബി മുന്‍ ചീഫ് അകൗണ്ട് ഓഫീസര്‍ കെ ജി രാജശേഖരന്‍ ആണ് വിചാരണ നേരിടണം എന്ന ഹൈകോടതി വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ലാവലിന്‍ കരാറിന് ആയി കാനഡ സന്ദര്‍ശിച്ച സംഘത്തിന് നേതൃത്വം നല്‍കിയിരുന്ന അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന്‍, ഊര്‍ജ്ജ വകുപ്പ് മുന്‍ സെക്രട്ടറി കെ മോഹനചന്ദ്രന്‍ എന്നിവരുടെ നിര്‍ദേശം ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അനുസരിക്കുക മാത്രം ആയിരുന്നു താനെന്നും അപ്പീലില്‍ കെജി രാജശേഖരന്‍ പറയുന്നു. കാനഡ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് 1997 ഫെബ്രുവരി 10 ന് ലാവലിന്‍ കരാര്‍ ഒപ്പുവെച്ചത്.

പിണറായി വിജയനെയും മോഹനചന്ദ്രനെയും മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസിനെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി, ഒരേ കേസിലെ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിച്ചുവെന്നും കെജി രാജശേഖരന്‍ ഫയല്‍ ചെയ്ത അപ്പീലില്‍ ആരോപിക്കുന്നു. കെജി രാജശേഖരന് പുറമെ മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എഞ്ചിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ക്കെതിരെ മാത്രം വിചാരണ തുടരാനായിരുന്നു ഹൈക്കോടതി ഉത്തരവ്. പിണറായി വിജയന്‍, മോഹന ചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധി ഓഗസ്റ്റ് 23ന് ഹൈക്കോടതി ശരി വച്ചിരുന്നു. തങ്ങളേയും കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് കസ്തൂരിരംഗ അയ്യരും ആര്‍ ശിവദാസനും നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടായിരുന്നു. ഒരേ കേസിലെ പ്രതികള്‍ക്ക് വ്യത്യസ്ത നീതി എന്ന പരാതി കസ്തൂരിരംഗ അയ്യര്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. ഇനി ജനുവരി 12 നാണ് ലാവലിന്‍ കേസ് സുപ്രിംകോടതി പരിഗണിക്കുക.

പിണറായി വിജയന്‍ അടക്കമുള്ളവരെ വിചാരണയ്ക്ക് മുന്‍പേ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി വിധി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയില്‍ ഇന്നലെ അപ്പീല്‍ നല്‍കിയിരുന്നു. വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ അറിയാതെ ഇടപാട് നടക്കില്ലെന്നും പിണറായിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും സിബിഐ അപ്പീലില്‍ പറയുന്നു. അപ്പീല്‍ നല്‍കാനുള്ള കാലാവധി കഴിഞ്ഞതിനാല്‍ പ്രത്യേക അപേക്ഷ നല്‍കിയാണ് സിബിഐ അപ്പീല്‍ നല്‍കിയിരിക്കുന്നത്. വിധി വന്ന് 90 ദിവസത്തിനകം അപ്പീല്‍ നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ നിയമ മന്ത്രാലയത്തിന്റെ അനുകൂല തീരുമാനം ലഭിക്കാത്തതാണ് അപ്പീല്‍ വൈകാന്‍ കാരണം. പിണറായി വൈദ്യുതി മന്ത്രിയായിരുന്ന 1996-98 കാലഘട്ടത്തില്‍ കേരളത്തിലെ മൂന്ന് ജലവൈദ്യുത പദ്ധതികളുടെ (പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍) നവീകരണ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിന് നല്‍കിയത്തിലൂടെ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍