UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം: 12ല്‍ എട്ട് സീറ്റ് ജയിച്ചു

ആറ് ജില്ലകളിലെ ഏഴു ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കോഴിക്കോട്, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ നാല് മുനിസിപ്പല്‍ വാര്‍ഡുകളിലും കോഴിക്കോട് ജില്ലയിലെ ഒരു ബ്‌ളോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നേട്ടം. തിരഞ്ഞെടുപ്പ് നടന്ന 12ല്‍ എട്ട് വാര്‍ഡുകളും എല്‍ഡിഎഫ് ജയിച്ചു. പത്തനംതിട്ടയില്‍ യുഡിഎഫ് പഞ്ചായത്ത് പ്രസിഡണ്ടിന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് ജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നഷ്ടമായ മൂന്ന് വാര്‍ഡുകള്‍ എല്‍ഡിഎഫ് ഇത്തവണ പിടിച്ചെടുത്തു. രണ്ടിടത്ത് യുഡിഎഫില്‍ നിന്നും ഒരിടത്ത് സ്വതന്ത്രനില്‍ നിന്നുമാണ് എല്‍ഡിഎഫ് സീറ്റ് പിടിച്ചത്. പത്തനംതിട്ട മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് കിഴക്കേക്കര വാര്‍ഡില്‍ ജേക്കബ്ബ് തോമസാണ് (സിപിഎം) ജയിച്ചത്. യുഡിഎഫില്‍ നിന്ന് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.

പത്തനംതിട്ട മുനിസിപ്പാലിറ്റി കുമ്പഴ വെസ്റ്റ് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ആലപ്പുഴ എഴുപുന്ന ഗ്രാമപഞ്ചായത്ത് കുമാരപുരം വാഡും എല്‍ഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജയിച്ച വാര്‍ഡാണ്. ഇവിടെ സ്വതന്ത്രയ്ക്ക് പിന്നില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തും ബിജെപി നാലാം സ്ഥാനത്തുമാണ്. തൃശ്ശൂര്‍ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് നടുവിക്കര വെസ്റ്റ് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. മലപ്പുറം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡിലും മുസ്‌ളീംലീഗ് വിജയിച്ചു. കോഴിക്കോട് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു. ഇരുമുന്നണികളും കഴിഞ്ഞ തവണ ജയിച്ച സീറ്റുകള്‍ നിലനിര്‍ത്തുകയായിരുന്നു. പന്തലായനി ബ്‌ളോക്ക് പഞ്ചായത്ത് വെങ്ങളം വാര്‍ഡില്‍ സിപിഎമ്മിലെ പിടി നാരായണി 1251 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ചെക്യാട് ഗ്രാമപഞ്ചായത്ത് പാറക്കടവ് വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു.

കണ്ണൂര്‍ ജില്ലയില്‍ മുന്നിടത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുന്നിടത്തും എല്‍ഡിഎഫ് വിജയിച്ചു. പായം ഗ്രാമപഞ്ചായത്ത് മട്ടിണി വാര്‍ഡിലും എല്‍ഡിഎഫിനാണ് വിജയം. ആറ് ജില്ലകളിലെ ഏഴു ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കോഴിക്കോട്, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ നാല് മുനിസിപ്പല്‍ വാര്‍ഡുകളിലും കോഴിക്കോട് ജില്ലയിലെ ഒരു ബ്‌ളോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍