UPDATES

ജെഎന്‍യു ചുവന്ന് തന്നെ: എബിവിപിയെ തകര്‍ത്ത് ഇടത് സഖ്യം തൂത്തുവാരി

ഐസയിലെ എന്‍ സായ് ബാലാജി പ്രസിഡന്റായും എസ്എഫ്‌ഐയിലെ ഐജാസ് അഹമ്മദ് റാത്തര്‍ ജനറല്‍ സെക്രട്ടറിയായും ഡിഎസ്എഫിലെ സരിക ചൗധരി വൈസ് പ്രസിഡന്റായും എഐഎസ്എഫില്‍ നിന്ന് മലയാളിയായ അമുത ജയദീപ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സഖ്യമായ ലെഫ്റ്റ് യുണിറ്റിക്ക് വന്‍ വിജയം. ഐസ, എസ് എഫ് ഐ, ഡിഎസ്എഫ്, എഐഎസ്എഫ് എന്നീ സംഘടനകള്‍ ഉള്‍പ്പെട്ട സഖ്യം നാല് ജനറല്‍ സീറ്റുകളും നേടി. ഐസയിലെ എന്‍ സായ് ബാലാജി പ്രസിഡന്റായും എസ്എഫ്‌ഐയിലെ ഐജാസ് അഹമ്മദ് റാത്തര്‍ ജനറല്‍ സെക്രട്ടറിയായും ഡിഎസ്എഫിലെ സരിക ചൗധരി വൈസ് പ്രസിഡന്റായും എഐഎസ്എഫില്‍ നിന്ന് മലയാളിയായ അമുത ജയദീപ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ലെഫ്റ്റ് യുണിറ്റിയുടെ സായ് ബാലാജി 1179 വോട്ടിന് എബിവിപിയിലെ ലളിത് പാണ്ഡെയെ പരാജയപ്പെടുത്തി. വൈസ് പ്രസിഡന്റ്‌ മത്സരത്തില്‍ ലെഫ്റ്റ് യുണിറ്റിയുടെ സരിക ചൗധരി, എബിവിപിയുടെ ഗീതാശ്രീയെ 1579 വോട്ടിന് പരാജയപ്പെടുത്തി. 1193 വോട്ടിന് എബിവിപിയിലെ ഗണേഷിനെ പരാജയപ്പെടുത്തി ലെഫ്റ്റ് യുണിറ്റിയുടെ ഐജാസ് അഹമ്മദ് റാത്തര്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ 757 വോട്ടിനാണ് എബിവിപിയുടെ വെങ്കട് ചൗബെയെ, ലെഫ്റ്റ് യുണിറ്റിയുടെ അമുത ജയദീപ് തോല്‍പ്പിച്ചത്.

പ്രമുഖ സ്കൂളുകളായ SSS, SIS, SLL & CS, SLS എന്നിവയും എബിവിപിക്ക് നഷ്ടപ്പെട്ടു. എബിവിപിക്ക് ശക്തമായ സ്വാധീനമുള്ള സ്കൂള്‍ ഓഫ് സയന്‍സസില്‍ പോലും അവര്‍ക്ക് തിരിച്ചടി നേരിട്ടു. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസിലേയും സ്‌കൂള്‍ ഓഫ് ലാംഗ്വേജസിലേയും ആകെയുള്ള അഞ്ച് കൗണ്‍സിലര്‍ സീറ്റുകളും ഇടതുസഖ്യം തൂത്തുവാരി. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ അഞ്ച് സീറ്റുകളില്‍ നാലെണ്ണം ലെഫ്റ്റ് യൂണിറ്റി നേടിയപ്പോള്‍ എബിവിപിക്ക് ഇവിടെയും ഒരു സീറ്റ് പോലും കിട്ടിയില്ല. എന്‍ എസ് യു ഐയാണ് ഒരു സീറ്റ് ഇവിടെ ജയിച്ചത്.

ജനറല്‍ സീറ്റുകളിലെ അന്തിമ ഫലം ഇങ്ങനെ:

President:
Lalit Pandey (ABVP )-972
N Sai Balaji (Left Unity)- 2151
LEFT WON BY 1179 VOTES

Vice President
Geeta Sri (ABVP)- 1013
Sarika Chaudhary (Left Unity)- 2592
LEFT WON BY 1579 VOTES

General Secretary
Aejaz Ahmed Rather (Left Unity)- 2426
Ganesh (ABVP)- 1235
LEFT WON BY 1193 VOTES

Joint Secretary
Amutha Jayadeep (Left Unity)- 2047
Venkat Chaubey (ABVP)- 1290
LEFT WON BY 757 VOTES

ALSO READ: ജെഎന്‍യു സമരമുഖത്ത് നിന്ന് വിസിക്ക് ഒരു തുറന്ന കത്ത്

പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് സമയത്തും വോട്ടെണ്ണല്‍ സമയത്തും എബിവിപി പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടു എന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങള്‍ അടക്കം ആക്രമിക്കപ്പെടുകയും വോട്ടെണ്ണല്‍ കേന്ദ്രത്തിലെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കൌണ്ടിംഗ് ഇന്നലെ രാത്രിയാണ് പുനരാരംഭിച്ചത്. ലെഫ്റ്റ് യൂണിറ്റിയോടും ഇടതു വിദ്യാര്‍ഥി സംഘടനകളോടും ശക്തമായ അഭിപ്രായ ഭിന്നത പുലര്‍ത്തുന്ന ദലിത് വിദ്യാര്‍ഥി സംഘടന ബാപ്സ അടക്കം, ക്യാമ്പസിലെ എല്ലാ എബിവിപി ഇതര വിദ്യാര്‍ഥി സംഘടനകളും ചേര്‍ന്ന്, എബിവിപിക്കെതിരെ പ്രതിഷേധവുമായി ഇന്നലെ പൊതുപ്രസ്താവന ഇറക്കുകയും തുടര്‍ന്ന് എബിവിപിയുടെ ഭീഷണി കാരണം നിര്‍ത്തി വച്ച വോട്ടെണ്ണല്‍ വിദ്യാര്‍ഥികള്‍ ഒന്നടങ്കം രംഗത്തെത്തിയതിനെ തുടര്‍ന്ന് പുനരാരംഭിക്കുകയുമായിരുന്നു.

വെള്ളിയാഴ്ച രാത്രി വോട്ടെണ്ണല്‍ നടക്കുന്ന സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് കെട്ടിടത്തിലേക്ക് ഇരച്ചുകയറിയ എബിവിപി പ്രവര്‍ത്തകര്‍ ബാലറ്റ് പെട്ടികള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചു. വാതിലിന്റെ ചില്ലുകള്‍ പൊളിക്കുകയും കെട്ടിടത്തിനു നേര്‍ക്ക് കല്ലേറു നടത്തുകയും സുരക്ഷ ഉദ്യോഗസ്ഥരെയും മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെയും ആക്രമിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സെന്‍ട്രല്‍ പാനലിലേക്കുള്ള വോട്ടെണ്ണല്‍ സമയത്ത് തങ്ങളുടെ ഏജന്റുമാരെ ഉള്‍പ്പെടുത്തിയില്ല എന്നാരോപിച്ചായിരുന്നു അക്രമം. എന്നാല്‍ വിവിധ സ്കൂളുകളിലേക്കുള്ള കൌണ്‍സിലര്‍ പോസ്റ്റുകളിലെ വോട്ടെണ്ണല്‍ സമാപിച്ചതിന് ശേഷം സെന്‍ട്രല്‍ പാനലിലേക്കുള്ള വോട്ട് എണ്ണുന്നതിന് ഏജന്റുമാരെ അയയ്ക്കാന്‍ ഇലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ നിരവധി തവണ അനൌണ്‍സ്മെന്റ് നടത്തിയെങ്കിലും എബിവിപി ഇതിനു തയാറായില്ല എന്നാണ് ആരോപണം. ഒടുവില്‍ അനുവദിച്ച സമയം അവസാനിച്ചതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ ആരംഭിച്ചതോടെ എബിവിപി അംഗങ്ങള്‍ കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.

2016ല്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാര്‍, വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും തുടരെയുണ്ടായ വിദ്യാര്‍ഥി വേട്ടയുടെയും പശ്ചാത്തലത്തില്‍ വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അഡ്മിനിസ്‌ട്രേഷനുമായും നിരന്തര സംഘര്‍ഷത്തിലാണ് ഇടതുപക്ഷ സംഘടനകള്‍ നിയന്ത്രിക്കുന്ന വിദ്യാര്‍ത്ഥി യൂണിയന്‍. 2017 ഒക്ടോബറില്‍ എബിവിപി പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തിന് പിന്നാലെ കാണാതായ നജീബ് എന്ന വിദ്യാര്‍ത്ഥിയുടെ തിരോധാനമടക്കം സംഘര്‍ഷഭരിതവും കലുഷിതവുമായി തുടരുകയാണ് ജെഎന്‍യു കാമ്പസ്. സര്‍വകലാശാലയിലെ പ്രവേശന ചട്ടങ്ങളുടെ പരിഷ്‌കാരം, പ്രവേശനത്തിലെ സംവരണ തത്വങ്ങള്‍ അട്ടിമറിക്കല്‍, വിദ്യാര്‍ത്ഥികള്‍ക്കെതിരായ ഏകപക്ഷീയമായ അച്ചടക്ക നടപടികള്‍, ഉന്നത വിദ്യാഭ്യാസ ഫണ്ട് വെട്ടിക്കുറക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം, യുജിസിയെ ഇല്ലാതാക്കാനുള്ള ശ്രമം തുടങ്ങിയവയ്‌ക്കെതിരെയെല്ലാം ശക്തമായ പ്രതിഷേധമാണ് ഇടത് വിദ്യാര്‍ത്ഥി യൂണിയനും എബിവിപി ഇതര വിദ്യാര്‍ത്ഥി സംഘടനകളും ഉയര്‍ത്തുന്നത്.

വിദ്യാര്‍ഥികള്‍ തമ്മില്‍ ആശയപരമായ പോരാട്ടം നടക്കാറുണ്ടെങ്കിലും ജെഎന്‍യുവില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇത്തരത്തില്‍ അക്രമങ്ങള്‍ നടക്കുന്നത് ആദ്യമായാണെന്ന് മുന്‍വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. സംഘപരിവാര്‍ ആശയക്കാരായ അധ്യാപകര്‍ എബിവിപി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് അഭ്യര്‍ഥിച്ചു കൊണ്ട് വിദ്യാര്‍ഥികളെ സമീപിച്ചതിന്റെ തെളിവുകള്‍ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ജെഎന്‍യുവില്‍ സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് നിരോധിക്കുമെന്നും ക്യാമ്പസിലെ നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണശാലകള്‍ പൂട്ടുമെന്നും പ്രഖ്യാപിച്ചുള്ള പോസ്റ്ററുകള്‍ എബിവിപിയുടെതായി പുറത്തു വന്നിരുന്നു. എന്നാല്‍ എബിവിപി പിന്നീട് ഇത് നിഷേധിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍