UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മധ്യപ്രദേശില്‍ 74.6 ശതമാനം പോളിംഗ്, 2013ലേക്കാള്‍ കൂടുതല്‍; 1145 ഇവിഎമ്മുകള്‍ മാറ്റി; മിസോറാമില്‍ 72.7 ശതമാനം

വോട്ടിംഗ് മെഷീന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് വ്യാപക പരാതികളാണ് മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായത്. ആദ്യ മണിക്കൂറില്‍ തന്നെ 100 പരാതികള്‍ വന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പിസിസി പ്രസിഡന്റുമായ കമല്‍നാഥ് പറയുന്നു. 1145 വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റേണ്ടി വന്നു.

നിയമസഭ തിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശില്‍ 2013നേക്കാല്‍ മികച്ച പോളിംഗ്. മധ്യപ്രദേശില്‍ 74.6 ശതമാനവും മിസോറാമില്‍ 72.7 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. മിസോറാമില്‍ കഴിഞ്ഞ തവണ 83.4 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്്. മധ്യപ്രദേശില്‍ ഭരണവിരുദ്ധ വികാരം തങ്ങള്‍ക്ക് അനുകൂലമായ ജനവിധിയുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. അതേസമയം നാലാം തവണയും അധികാരത്തിലെത്തി ഭരണത്തുടര്‍ച്ചയുണ്ടാക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. അഭിപ്രായ സര്‍വേകളില്‍ ചിലത് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിക്കുമ്പോള്‍ മറ്റ് ചിലത് ബിജെപി ഭരണത്തുടര്‍ച്ച നേടുമെന്ന് പറയുന്നു. ഉയര്‍ന്ന പോളിംഗ് ശതമാനം ഭരണവിരുദ്ധ വികാരത്തിന്‍റെ തീവ്രത പ്രകടമാക്കുന്നതായി കോണ്‍ഗ്രസ് വിലയിരുത്തുമ്പോള്‍ ഇത് ശക്തമായ ഭരണാനുകൂല വികാരമാണ് എന്നാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍റെയും ബിജെപിയുടെയും അവകാശവാദം.

കോണ്‍ഗ്രിന്റെ പ്രചാരണം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പുറമെ സംസ്ഥാനത്തെ പ്രധാന മൂന്ന് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, കമല്‍നാഥ്, ദിഗ് വിജയ് സിംഗ് എന്നിവര്‍ നയിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായിരുന്നു ബിജെപിയുടെ താരപ്രചാരകര്‍. മാന്‍സോറിലേതടക്കമുള്ള കര്‍ഷക പ്രശ്‌നങ്ങളും 15 വര്‍ഷത്തെ ബിജെപി ഭരണത്തിലുള്ള വ്യാപക അതൃപ്തിയും തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് കരുതുമ്പോള്‍ ശിവരാജ് സിംഗ് ചൗഹാന്റെ പ്രതിച്ഛായ ഭരണത്തുടര്‍ച്ചയുണ്ടാക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. മായാവതിയുടെ ബി എസ് പിയുമായി സഖ്യമുണ്ടാക്കി ദലിത് വോട്ടുകള്‍ നേടാമെന്ന കോണ്‍ഗ്രസ് ലക്ഷ്യം നടന്നിരുന്നില്ല. ദിഗ് വിജയ് സിംഗും ജ്യോതിരാദിത്യയും തമ്മിലുള്ള രൂക്ഷമായ അഭിപ്രായ ഭിന്നത പരസ്യമായതും കോണ്‍ഗ്രസിന് തലവേദനയായിരുന്നു. അതേസമയം ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യാസഹോദരന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ പാര്‍ട്ടി വിട്ടി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

മിസോറാമില്‍ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച് എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഭരണം പിടിക്കുക എന്ന ബിജെപിയുടെ ലക്ഷ്യത്തിന് മുന്നില്‍ ഇനി മിസോറാം മാത്രമാണ് ബാക്കി. ആകെയുള്ള 40ല്‍ 39 സീറ്റുകളിലും ബിജെപി മത്സരിക്കുന്നുണ്ട്. രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തിലുള്ളത് മിസോറാമിലും പഞ്ചാബിലും കര്‍ണാടകയിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലും മാത്രമാണ്. അഭിപ്രായ സര്‍വേകള്‍ പറയുന്നത് പ്രാദേശിക കക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട് ഏറ്റവും വലിയ ഒറ്റ കക്ഷിയും കോണ്‍ഗ്രസ് രണ്ടാമത്തെ വലിയ കക്ഷിയും ആകുമെന്നും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ നിലവില്‍ വരുമെന്നുമാണ് പറയുന്നത്. മിസോ നാഷണല്‍ ഫ്രണ്ട് മുഴുവന്‍ സീറ്റുകളിലും മത്സരിക്കുന്നുണ്ട്.

ഇതിനിടെ വോട്ടിംഗ് മെഷീന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് വ്യാപക പരാതികളാണ് മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായത്. ആദ്യ മണിക്കൂറില്‍ തന്നെ 100 പരാതികള്‍ വന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പിസിസി പ്രസിഡന്റുമായ കമല്‍നാഥ് പറയുന്നു. 1145 വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റേണ്ടി വന്നു. മൂന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഹൃദയാഘാതം മൂലം മരിച്ചു. വോട്ടിംഗ് മെഷിന്‍ ക്രമക്കേടിലൂടെ ജനവിധി അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍