UPDATES

വായന/സംസ്കാരം

സെക്രട്ടറിയേറ്റിന് മുന്‍പില്‍ മജീഷ്യന്‍ സാമ്രാജ് ‘ആത്മഹത്യ’ ചെയ്യാന്‍ തീരുമാനിച്ചു; പക്ഷേ, ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല

ആഘോഷങ്ങള്‍ ആഡംബരമല്ല, കലാകാരന്റെ ഉപജീവനമാണ്

സെക്രട്ടറിയേറ്റിന് മുന്‍പില്‍ പ്രശസ്ത മജീഷ്യന്‍ സാമ്രാജ് പ്രതീകാത്മകമായി ആത്മഹത്യ ചെയ്തു. പ്രളയത്തെ തുടര്‍ന്ന് സാംസ്കാരിക ആഘോഷ പരിപാടികള്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ചു സ്റ്റേജ് കലാകാരന്‍മാര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിലാണ് സാമ്രാജിന്റെ പ്രകടനം. ആത്മഹത്യയുടെ മാന്ത്രികാവിഷ്കാരമാണ് നടത്താന്‍ ഉദ്ദേശിച്ചിരുന്നത് എങ്കിലും അത് മറ്റുള്ളവര്‍ക്ക് പ്രേരണയാകും എന്നു ചൂണ്ടിക്കാട്ടി ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍ അനുമതി തരാത്തതുകൊണ്ടാണ് പ്രതീകാത്മകമായി തൂക്കിലേറിയതെന്ന് സാമ്രാജ് പറഞ്ഞു.

‘സൗജന്യമായി ഒന്നും തരേണ്ട. ഉപജീവനമാര്‍ഗത്തിനുള്ള അവസരങ്ങള്‍ മാത്രം ഉണ്ടാക്കിയാല്‍ മതി’ പ്രളയത്തില്‍ ഏകദേശം 25 ലക്ഷം രൂപയുടെ കലാ ഉപകരണങ്ങള്‍ നഷ്ടമായ ആലപ്പുഴ കുട്ടനാട് സ്വദേശിയും മജീഷ്യനുമായ മനു മങ്കൊമ്പ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് ഇതാണ്. മാജിക് അവതരിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്ക് പുറമെ ചിത്രകലാകാരന്‍ കൂടിയായ ഇദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങളും വെള്ളപ്പൊക്കത്തില്‍ നഷ്ടമായി. പ്രദേശവാസികളായ 67 പേരെ വള്ളങ്ങളില്‍ രക്ഷിച്ചതിന് ശേഷം തിരികെ എത്തിയപ്പോഴാണ് സ്വന്തം വീട്ടിലും സമിതിയിലും വെള്ളം കയറി എല്ലാം നഷ്ടമായ വിവരം മനു അറിയുന്നത്. രണ്ട് വര്‍ഷം മുമ്പ് കന്നാസുകളും പ്ലാസ്റ്റിക് കുപ്പികളും മണ്ണെണ്ണ വീപ്പയും ഉപയോഗിച്ച് സ്വന്തമായി നിര്‍മിച്ച വീട്ടില്‍ മനു പ്രളയദിനങ്ങളില്‍ ചിലവിട്ടു. ഉപജീവനമാര്‍ഗങ്ങള്‍ നഷ്ടമായ മനുവിന് ഇനി ശൂന്യതയില്‍ നിന്ന് ജീവിതം കെട്ടിപ്പൊക്കേണ്ടിയിരിക്കുന്നു.

പ്രളയം കേരളത്തിലെ എല്ലാ വിഭാഗങ്ങളെയും ബാധിച്ചിട്ടുണ്ട്. പ്രളയാനന്തരം എല്ലാ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളും വ്യാപാര വ്യവസായ മേഖലകളും തുറന്ന് പ്രവര്‍ത്തിക്കാനും തുടങ്ങി. പക്ഷേ കേരളത്തിലെ സ്റ്റേജ് കലാകാരന്മാരുടെ ജീവിതം ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്. ഈ വര്‍ഷം നടത്താനിരുന്ന എല്ലാ മേളകളും ഉല്‍സവാഘോഷങ്ങളും സംസ്ഥാനത്തിന് പ്രളയത്തിലുണ്ടായ നഷ്ടം കണക്കിലെടുത്ത് റദ്ദാക്കുന്നതായി സര്‍ക്കാര്‍ അറിയിപ്പ് ഉണ്ടായി. നാടകം, നാടന്‍പാട്ട്, ഗാനമേള, മിമിക്രി, മാജിക്, ചെണ്ടമേളം തുടങ്ങിയ കലാരൂപങ്ങള്‍ അവതരിപ്പിക്കാനുള്ള വേദികളാണ് ഈ തീരുമാനത്തിലൂടെ നഷ്ടമായത്.

പ്രത്യക്ഷത്തില്‍ ഈ തീരുമാനം ഉചിതമാണെങ്കിലും സ്റ്റേജ് കലാകാരന്മാരുടെ വരുമാന മാര്‍ഗത്തെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതിന് പരിഹാരം കാണണമെന്ന ആവശ്യവുമായി കേരളത്തിലെ സ്റ്റേജ് കലാകാരന്മാര്‍ സെക്രട്ടറിയേറ്റ് നടയില്‍ പ്രതിഷേധാര്‍ത്ഥം കലാപരിപാടികള്‍ അവതരിപ്പിച്ചു. സംഘകലാവേദിയുടെ ചെയര്‍മാന്‍ രാജസേനനാണ് ഘോഷയാത്ര പരിപാടി ഉദ്ഘാടനം ചെയ്തത്.



‘സ്റ്റേജ് കലാകാരന്മാരെ മാത്രമല്ല അതിന് അനുബന്ധമായ ജീവനോപാദി കണ്ടെത്തിയിരുന്ന ഏജന്‍സി പ്രവര്‍ത്തകര്‍, ടെക്‌നീഷ്യന്മാര്‍, സൗണ്ട് ഓപ്പറേറ്റര്‍ തുടങ്ങിയവരും പ്രളയത്തില്‍ നഷ്ടങ്ങള്‍ ഉണ്ടായവരാണ്. സംഗീത ഉപകരണങ്ങള്‍, ലൈറ്റ്, സൗണ്ട് സിസ്റ്റം തുടങ്ങി ലക്ഷങ്ങളുടെ നഷ്ടങ്ങള്‍ കലാകാരന്മാര്‍ക്ക് സംഭവിച്ചിട്ടുണ്ട്. കേരളത്തില്‍ അഞ്ഞൂറോളം സമിതികള്‍ ഉണ്ട്. ഒരു ട്രൂപ്പില്‍ കുറഞ്ഞത് 15 അംഗങ്ങളാണ് ഉണ്ടാകുക. അതായത് വേദികള്‍ കിട്ടാതെയാകുമ്പോള്‍ 15 കുടുംബങ്ങളെയാണ് ബാധിക്കുക. നമുക്ക് സീസണലില്‍ ആണ് പരിപാടികള്‍ കിട്ടുന്നത്. അതാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. സിനിമാ സീരിയല്‍ കലാകാരന്മാര്‍ ഈ പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വരുന്നില്ല. ഓണം പരിപാടികളൊക്കെ സമിതികള്‍ക്ക് ലഭിക്കുകയും അതിന് വേണ്ട നോട്ടീസ് അടിക്കുകയും ചെയ്തിരുന്നതാണ്. പക്ഷേ പ്രളയത്തില്‍ അതെല്ലാം നഷ്ടമായി. ആ സമയത്ത് കൈയിലുള്ളത് വെച്ച് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുകയും ചെയ്തു. പക്ഷേ ഇപ്പോള്‍ നമുക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല.’
മനു പറയുന്നു.

* Photos: Sreekesh Raveendran Nair / The News Minute

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍