UPDATES

മുഖ്യമന്ത്രിയെ കാണില്ലെന്ന് മഹിജ; സമരം കൊണ്ട് എന്ത് നേടി എന്നൊക്കെ ചോദിച്ചത് വേദനിപ്പിച്ചു

നാളെയാണ് ജിഷ്ണുവിന്റെ ജന്മനാടായ വളയത്ത് സിപിഎം പൊതുയോഗവും പ്രകടനവും വിളിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനുമായി നാളെ കൂടിക്കാഴ്ച നടത്തില്ലെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി നാളെയാണ് സമയം അനുവദിച്ചിരുന്നത്. സമരം കൊണ്ട് എന്ത് നേടിയെന്ന് ചോദിച്ച മുഖ്യമന്ത്രിയുടെ വാക്കുകള്‍ വേദനിപ്പിച്ചെന്നും മഹിജ പ്രതികരിച്ചു. തുറന്ന ചര്‍ച്ചയ്ക്ക് വേദിയൊരുക്കിയാല്‍ മുഖ്യമന്ത്രിയെ കാണാമെന്നും മഹിജ വ്യക്തമാക്കി.

ജിഷ്ണു കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏത് കാര്യത്തിലാണ് വീഴ്ച വരുത്തിയതെന്നും എന്ത് കാര്യമാണ് ജിഷ്ണുവിന്റെ കുടുംബത്തിന് സമരത്തിലൂടെ നേടാനുണ്ടായിരുന്നത് എന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ചോദിച്ചിരുന്നു. സമരം അവസാനിച്ചതിന് ശേഷം കോഴിക്കോട്ടേക്ക് തിരിക്കുന്നതിന് മുമ്പായി തന്റെയും സഹോദന്‍ ശ്രീജിത്തിന്റെയും വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കുകയാണെങ്കില്‍ മാത്രമെ മുഖ്യമന്ത്രിയെ കാണുകയുളളുവെന്ന് മഹിജ നേരത്തെയും വ്യക്തമാക്കിയിരുന്നു. നാളെയാണ് ജിഷ്ണുവിന്റെ ജന്മനാടായ വളയത്ത് സിപിഎം പൊതുയോഗവും പ്രകടനവും വിളിച്ചിരിക്കുന്നത്.

നെഹ്‌റു കോളേജില്‍ മകന്‍ ജിഷ്ണു മരിച്ചതുമായി ബന്ധപ്പെട്ട് പ്രതികളായവരെ പിടികൂടുന്നില്ല എന്നാരോപിച്ചാണ് മഹിജയും ബന്ധുക്കളും ഡിജിപിയെ കാണാന്‍ എത്തുന്നതും ഇവരെ പോലീസ് തടയുന്നതും. പോലീസ് നടപടിയില്‍ പരിക്കേറ്റ മഹിജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെയും നിരാഹാര സമരം തുടര്‍ന്ന മഹിജയുടെ സമരം സംസ്ഥാന സര്‍ക്കാരിനെയും സിപിഎമ്മിനെയും ഒരുപോലെ പ്രതിസന്ധിയിലുമാക്കി. തുടര്‍ന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം കൂടി ഇടപെട്ടാണ് മഹിജയുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്.

മഹിജ ആശുപത്രിയിലും മകള്‍ വീട്ടിലും നിരാഹാര സമരം നടത്തിയ സംഭവം സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ ആ ദിവസങ്ങളിലാണ് പോലീസ് ജിഷ്ണു മരിച്ച കേസിലെ രണ്ടു പേരെ അറസ്റ്റ് ചെയ്യുന്നത്. അതുവരെ അവര്‍ ഒളിവിലായിരുന്നു എന്നായിരുന്നു പോലീസ് ഭാഷ്യം. ഇവരെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് മഹിജ സമരം അവസാനിപ്പിക്കാന്‍ തയാരായതും ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ധാരണ ഉണ്ടാക്കിയതും. പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും കോടതി ഇവര്‍ക്കെല്ലാം ഉടനടി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് സമരം ചെയ്തിട്ട് എന്തു നേടിയെന്ന പിണറായിയുടെ പരാമര്‍ശം ഉണ്ടാകുന്നത്. ഇതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നത് സിപിഎം – സിപിഐ ബന്ധത്തിലും ഉലച്ചിലുണ്ടാക്കിയിട്ടുണ്ട്. മുതലാളിമാരുടെ ഭാഷയില്‍ സംസാരിക്കരുത് എന്നായിരുന്നു കാനം പിണറായിയെ ഓര്‍മിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍