UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്തു: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് എബിവിപിക്കാരുടെ മര്‍ദ്ദനം

ഹോസ്റ്റല്‍ കാന്റീനില്‍ വച്ച് ഏഴോളം പേര്‍ വരുന്ന വിദ്യാര്‍ത്ഥി സംഘം സൂരജിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. വലതുകണ്ണിനുള്‍പ്പടെ സാരമായി പരിക്കേറ്റ സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്തതിന്റെ പേരില്‍ മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം. എയ്‌റോസ്‌പേസ് എഞ്ചിനിയറിംഗില്‍ പിഎച്ച്ഡി ചെയ്യുന്ന തൃശൂര്‍ സ്വദേശി ആര്‍ സൂരജിനെയാണ് എബിവിപി പ്രവര്‍ത്തകരായ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി വില്‍പ്പന നിയന്ത്രണം സംബന്ധിച്ച വിവാദ ഉത്തരവിനെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായാണ് ചെന്നൈയിലെ മദ്രാസ് ഐഐടി ക്യാമ്പസില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. ഹോസ്റ്റല്‍ കാന്റീനില്‍ വച്ച് ഏഴോളം പേര്‍ വരുന്ന വിദ്യാര്‍ത്ഥി സംഘം സൂരജിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. വലതുകണ്ണിനുള്‍പ്പടെ സാരമായി പരിക്കേറ്റ സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഐഐടി മദ്രാസ് ഡീനിന് പരാതി നല്‍കിയിട്ടുണ്ടെന്നും പൊലീസിനും പരാതി നല്‍കുമെന്നും ബീഫ് ഫെസ്റ്റിവലിന്റെ സംഘാടകനും ഐഐടിയിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ്് വിദ്യാര്‍ത്ഥി അഭിനവ് സൂര്യ പറഞ്ഞു. 80ഓളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ക്യാമ്പസില്‍ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. വിഷയത്തില്‍ ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു. തമിഴ്‌നാട്ടില്‍ പശു, പശുക്കുട്ടി എന്നിവയെ കശാപ്പ് ചെയ്യുന്നതിന് നിയന്ത്രണമുണ്ട്. ഇതിന് അധികൃതരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. അതേസമയം പോത്തും എരുമയും കാളയും പോലുള്ള മറ്റ് കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് വിലക്കില്ല.

കേന്ദ്രസര്‍ക്കാരിന്റെ വിവാദ ഉത്തരവ് നാലാഴ്ചത്തേയ്ക്ക് തമിഴ്‌നാട്ടില്‍ കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് മദ്രാസ് ഐഐടിയില്‍ നിന്നുള്ള വാര്‍ത്ത. മുഖ്യമന്ത്രി ഇ പളനിസാമി ബീഫ് വിവാദത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍