UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൈനികരേയും ഹെലികോപ്റ്ററുകളേയും ഇന്ത്യ പിന്‍വലിക്കണമെന്ന് മാല്‍ദീവ്‌സ്; പിന്നില്‍ ചൈന?

പൈലറ്റുമാരും മെയ്ന്റനന്‍സ് ക്രൂവും അടക്കം 50 സൈനികരെയാണ് ഇന്ത്യ നിയോഗിച്ചിരിക്കുന്നത്. ഇവരുടെ വിസ കാലാവധി അവസാനിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ഇവരെ ഇതുവരെ പിന്‍വലിച്ചിട്ടില്ല.

സൈനികരേയും ഹെലികോപ്റ്ററുകളേയും തങ്ങളുടെ രാജ്യത്ത് നിന്ന് ഇന്ത്യ പിന്‍വലിക്കണമെന്ന് ചൈനീസ് പിന്തുണയുള്ള മാല്‍ദീവ്‌സ് ഗവണ്‍മെന്റ്. ജൂണില്‍ കരാര്‍ അവസാനിച്ച സാഹചര്യത്തിലാണ് സൈനികരേയും ഹെലികോപ്റ്ററുകളേയും പിന്‍വലിക്കണമെന്ന് പ്രസിഡന്റ് അബ്ദുള്ള യമീന്റെ ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. മാല്‍ദീവ്‌സിലെ റോഡ്, പാലങ്ങള്‍, പുതിയ വിമാനത്താവളം, എന്നിവയുടെയെല്ലാം നിര്‍മ്മാണം ചൈനയാണ് നടത്തുന്നത്. വര്‍ഷങ്ങളായി മാല്‍ദീവ്‌സിന് സൈനികവും സൈനികേതര സിവിലിയന്‍ ആവശ്യങ്ങള്‍ക്കുമുള്ള സഹായം നല്‍കുന്ന ഇന്ത്യയെ മറികടന്നാണ് ചൈന ആധിപത്യം സ്ഥാപിച്ചത്. ഇത് മേഖലയില്‍ വലിയ സംഘര്‍ഷമുണ്ടാക്കുന്നുണ്ട്.

രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്തുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത അബ്ദുള്ള യമീന്‍ ഗവണ്‍മെന്റിനെ ഇന്ത്യ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യ സൈന്യത്തെ അയയ്ക്കണമെന്നാണ് യമീന്റെ രാഷ്ട്രീയ എതിരാളികള്‍ ആവശ്യപ്പെടുന്നത്. ഇത് മാല്‍ദീവ്‌സ് ഗവണ്‍മെന്റിനെ അസ്വസ്ഥമാക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ രോഗികളെ കൊണ്ടുപോകുന്നതിനാണ് രണ്ട് ഇന്ത്യന്‍ സൈനിക ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടിരിക്കുന്നതിനാല്‍ ഇപ്പോള്‍ ഇതിന്റെ ആവശ്യമില്ലെന്നാണ് ഇന്ത്യയിലെ മാല്‍ദീവ്‌സ് അംബാസഡര്‍ അഹമ്മദ് മുഹമ്മദ് പറയുന്നത്. പൈലറ്റുമാരും മെയ്ന്റനന്‍സ് ക്രൂവും അടക്കം 50 സൈനികരെയാണ് ഇന്ത്യ നിയോഗിച്ചിരിക്കുന്നത്. ഇവരുടെ വിസ കാലാവധി അവസാനിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ഇവരെ ഇതുവരെ പിന്‍വലിച്ചിട്ടില്ല.

മുന്‍ പ്രസിഡന്റ് അബ്ദുള്ള ഗയൂമും സുപ്രീംകോടതി ജഡ്ജിമാരും അടക്കമുള്ളവര്‍ നിലവില്‍ ജയിലിലുണ്ട്. ഇവരെ വിട്ടയയ്ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു. അബ്ദുള്ള ഗയൂമിന്റെ ഗവണ്‍മെന്റിനെ ഇന്ത്യ പിന്തുണച്ചിരുന്നു. 1988ല്‍ ഗയൂമിന്റെ ഗവണ്‍മെന്റിനെ അട്ടിമറിക്കാനുള്ള മാല്‍ദീവ്‌സ് സൈന്യത്തിന്റെ ശ്രമം ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. അതേസമയം 2011ല്‍ മാല്‍ദീവ്‌സില്‍ എംബസി തുറന്ന ചൈന അവരുമായുള്ള ബന്ധം വളരെ പെട്ടെന്ന് ശക്തിപ്പെടുത്തി. ബെല്‍ട്ട് ആന്‍ഡ് റോഡ് പദ്ധതിയിലൂടെയായിരുന്നു ഇത്. ഇന്ത്യന്‍ ഹെലികോപ്റ്ററുകളല്ല, സൈനികരാണ് യമീന്റെ പ്രശ്‌നമെന്നാണ് റിപ്പോര്‍ട്ട്. മാല്‍ദീവ്‌സ്, മൗറീഷ്യസ്, സീ ഷെല്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഹെലികോപ്റ്ററുകള്‍, പട്രോള്‍ ബോട്ടുകള്‍, സാറ്റലൈറ്റ് സഹായം തുടങ്ങിയവയെല്ലാം നല്‍കി ഇന്ത്യന്‍ സമുദ്രത്തില്‍ ആധിപത്യം തുടരാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് ചൈനയുടെ വലിയ തോതിലുള്ള ഇടപെടലുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍