UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിയെ ‘മോദിയുടെ പാവ’ എന്ന് വിളിച്ചു: മണിപ്പൂര്‍ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ് ശിക്ഷ

ദേശീയസുരക്ഷാ നിയമപ്രകാരമാണ് കേസെടുത്തത്. ഒരു മാസം മുമ്പാണ് 39കാരനായ കിഷോരിചന്ദ്ര വാംഖെയെ കസ്റ്റഡിയിലെടുത്തത്.

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അധിക്ഷേപിച്ചു എന്ന് ആരോപിച്ചുള്ള കേസില്‍ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ് ശിക്ഷ. ദേശീയസുരക്ഷാ നിയമപ്രകാരമാണ് കേസെടുത്തത്. ഒരു മാസം മുമ്പാണ് 39കാരനായ കിഷോരിചന്ദ്ര വാംഖെയെ കസ്റ്റഡിയിലെടുത്തത്. ഫേസ്ബുക്ക് വീഡിയോയില്‍ കിഷോരിചന്ദ്ര മോദിയേയും ബിരേന്‍ സിംഗിനേയും വിമര്‍ശിച്ചതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്.

ബിരേന്‍ സിംഗ് മോദിയുടെ പാവയാണ് എന്ന് കിഷോരിചന്ദ്ര അഭിപ്രായപ്പെടുന്നുണ്ട്. മണിപ്പൂരിന് വേണ്ടി ഒന്നും ചെയ്യാത്ത, ഈ നാടുമായി ഒരു ബന്ധവുമില്ലാത്ത രജപുത്രയായ ഝാന്‍സിയിലെ റാണി ലക്ഷ്മിബായുടെ ജന്മവാര്‍ഷിക പരിപാടി ബിജെപിയും ആര്‍എസ്എസും സംഘടിപ്പിച്ചതിനെക്കുറിച്ചായിരുന്നു കിഷോരിചന്ദ്രയുടെ വിമര്‍ശനം. മണിപ്പൂരിന്റെ സ്വാതന്ത്ര്യ പോരാളികളെ അപമാനിക്കരുതെന്ന് പറയുന്ന കിഷോരിചന്ദ്ര, ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സര്‍്ക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തു.

ഇത് കടുത്ത അധികാര ദുര്‍വിനിയോഗവും പ്രതികാര നടപടിയുമാണ് എന്ന് കിഷോരിചന്ദ്രയുടെ അഭിഭാഷകന്‍ ആരോപിച്ചു. പ്രാദേശിക വാര്‍ത്ത ചാനലായ ഐഎസ് ടിവിയില്‍ പ്രവര്‍ത്തിച്ചിരുന്ന കിഷോരിചന്ദ്ര നേരത്തെ ജോലി രാജി വച്ചിരിക്കുന്നു. ഇന്ത്യന്‍ ജേണലിസ്റ്റ്‌സ് യൂണിയനും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും കിഷോരിചന്ദ്രയുടെ അറസ്റ്റിനെ അപലപിച്ചു. അതേസമയം സോഷ്യല്‍ മീഡിയ പോസ്റ്റുകളെ മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നാണ് ഓള്‍ മണിപ്പൂര്‍ വര്‍ക്കിംഗ് ജേണലിസ്റ്റ്്‌സ് യൂണിയന്റെ നിലപാട്. കിഷോരിചന്ദ്രക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് മണിപ്പൂര്‍ ആഭ്യന്തര ഉപമന്ത്രി ചരണ്‍ജീത് സിംഗ് പറഞ്ഞത്. ലോക മാധ്യമ സ്വാതന്ത്ര്യ പട്ടികയില്‍ ഇന്ത്യക്ക് 138ാം സ്ഥാനമാണുള്ളത് – മ്യാന്‍മറിനും അഫ്ഗാനിസ്താനും സിംബാബ്‌വേയ്ക്കുമെല്ലാം പിന്നില്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍