UPDATES

സിനിമാ വാര്‍ത്തകള്‍

“വനിത മതിലിന് രാഷ്ട്രീയ നിറം”; പിന്മാറുകയാണെന്ന് മഞ്ജു വാര്യര്‍

കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറമുള്ള രാഷ്ട്രീയനിറമുള്ള പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് താല്‍പര്യപ്പെടുന്നത് – മഞ്ജു പറയുന്നു.

ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരങ്ങളുടെ പശ്ചാത്തലത്തില്‍ കേരള നവോത്ഥാന സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കാനുദ്ദേശിക്കുന്ന വനിത മതില്‍ പരിപാടിയില്‍ നിന്ന് മഞ്ജു വാര്യര്‍ പിന്മാറി. വനിത മതിലിന് രാഷ്ട്രീയ നിറം വന്ന സാഹചര്യത്തിലാണ് പിന്മാറുന്നത് എന്ന് മഞജു വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പാര്‍ട്ടികളുടെ കൊടി നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറമുള്ള രാഷ്ട്രീയനിറമുള്ള പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് താല്‍പര്യപ്പെടുന്നത് – മഞ്ജു പറയുന്നു. നേരത്തെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ വനിത മതിലില്‍ പങ്കെടുക്കുമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്:

സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനിൽക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്കണമെന്നും ആഗ്രഹിക്കുന്നു. പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍