UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മണ്ടത്തരം സമ്മതിക്കൂ, വാചകമടി നിര്‍ത്തി എന്ത് ചെയ്യാമെന്ന് നോക്കൂ: നോട്ട് നിരോധനത്തില്‍ മോദിയോട് മന്‍മോഹന്‍

താന്‍ ചെയ്ത മണ്ടത്തരം അംഗീകരിക്കാനും സമ്പദ്വ്യവസ്ഥ പുനര്‍നിര്‍മ്മിക്കുന്നതിന് എല്ലാവരുടെ പിന്തുണ അഭ്യര്‍ത്ഥിക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയെങ്കിലും തയ്യാറാവേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ വാചാടോപങ്ങളുടെ സമയം അതിക്രമിച്ചെന്നും സാമ്പത്തികരംഗം പുനര്‍നിര്‍മ്മിക്കേണ്ട സമയമാണിതെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഓര്‍മ്മിച്ചു. അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ നിരോധിച്ചതിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ബ്ലൂംബര്‍ഗ്ക്വിന്റിന്റെ പ്രവീണ്‍ ചക്രവര്‍ത്തിക്ക് അനുവദിച്ച അഭിമുഖത്തിലാണ് സാമ്പത്തികവിദഗ്ധന്‍ കൂടിയായ ഡോ.മന്‍മോഹന്‍ സിംഗ് ഇക്കാര്യം പ്രധാനമന്ത്രി മോദിയെ ഓര്‍മ്മിപ്പിച്ചത്. എത് സാമ്പത്തിക സൂചകങ്ങള്‍ വെളിപ്പെടുത്തുന്നതിനേക്കാളും കൂടുതല്‍ വിനാശകരമായിരുന്നു രാജ്യത്തെ ദുര്‍ബല വിഭാഗങ്ങള്‍ക്കും വ്യാപാരമേഖലയ്ക്കും നോട്ട് നിരോധനം ഏല്‍പ്പിച്ച ആഘാതമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചെറുകിട, ഇടത്തരം വ്യാപാരമേഖലയില്‍ നഷ്ടപ്പെട്ട തൊഴിലുകളെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, തീരുമാനം രാജ്യത്തെ അസമത്വത്തിന് ആക്കം കൂട്ടിയതായും ചൂണ്ടിക്കാട്ടി. വര്‍ദ്ധിച്ചുവരുന്ന അസമത്വം നമ്മുടേത് പോലുള്ള സാമ്പത്തിക വികസനത്തിന് സ്ഥായിയായ ഭീഷണിയാണെന്നും സിംഗ് പറഞ്ഞു. ഏകശിലാഘടനയുള്ള രാഷ്ട്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യ പോലെ വൈവിദ്ധ്യം നിറഞ്ഞ ഒരു രാജ്യത്ത് അസമത്വം വലിയ സാമൂഹിക അസ്വാസ്ഥ്യങ്ങള്‍ സൃഷ്ടിക്കും.

പണരഹിത സമ്പദ്വ്യവസ്ഥ എന്ന ആശയം നല്ലതാണെങ്കിലും അത് രാജ്യത്തെ ചെറുകിട വ്യവസായ മേഖലയെ എങ്ങനെ ബാധിക്കും എന്ന് വ്യക്തമല്ല. അതുപകൊണ്ടുതന്നെ നമ്മുടെ സാമ്പത്തിക മുന്‍ഗണനകള്‍ കൃത്യമായി നിര്‍വചിക്കപ്പെടേണ്ടതുണ്ടെന്നും സിംഗ് പറഞ്ഞു. ബലപ്രയോഗത്തിലൂടെയോ ഭീഷണിയിലൂടെയോ റെയ്ഡുകളിലൂടെയോ അസംഘടിത മേഖലയെ സംഘടിതമേഘലയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അസംഘടിത മേഖലയെ കുറിച്ച് സാമാന്യവല്‍ക്കരണം നടത്തുന്നതും അവരെ കുറിച്ച് ധാര്‍മ്മിക വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുന്നതും ഗുണത്തേക്കാളേറെ ദോഷമേ വരുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു സ്ഥാനം എന്ന നിലയില്‍ ആര്‍ബിഐയുടെ സ്വാതന്ത്ര്യവും വിശ്വാസ്യതയും തകര്‍ക്കുന്ന ഒന്നായിരുന്നു നോട്ട് നിരോധനമെന്നും സിംഗ് ആവര്‍ത്തിച്ചു. എല്ലാ മേഖലയിലുമുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ ബലപ്രയോഗത്തിന്റെ സംസ്‌കാരം വളര്‍ന്നുവരുന്നതില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ഇന്ത്യന്‍ സാമ്പത്തികരംഗത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് സമവായത്തിലൂടെയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ചെയ്ത മണ്ടത്തരം അംഗീകരിക്കാനും സമ്പദ്വ്യവസ്ഥ പുനര്‍നിര്‍മ്മിക്കുന്നതിന് എല്ലാവരുടെ പിന്തുണ അഭ്യര്‍ത്ഥിക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയെങ്കിലും തയ്യാറാവേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം: 
https://goo.gl/nqfSLK

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍