UPDATES

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ അന്തരിച്ചു

പ്രാന്‍ക്രിയാസ് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്ത്യയിലേയും യുഎസിലേയും ആശുപത്രികളിലായി ചികിത്സയിലായിരുന്നു അദ്ദേഹം.

ഗോവ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മനോഹര്‍ പരീഖര്‍ അന്തരിച്ചു. പനാജിയിലെ ഔദ്യോഗിക വസതിയിലാണ് അന്ത്യം. 63 വയസായിരുന്നു. പ്രാന്‍ക്രിയാസ് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്ത്യയിലേയും യുഎസിലേയും ആശുപത്രികളിലായി ഒരു വര്‍ഷത്തിലധികമായി ചികിത്സയിലായിരുന്നു അദ്ദേഹം. മുന്‍ പ്രതിരോധ മന്ത്രിയാണ്.

മൂക്കില്‍ ട്യൂബുമായാണ് കുറച്ച് മാസങ്ങളായി അദ്ദേഹം പൊതുവേദികളിലും ഓഫീസിലും എത്തിയിരുന്നത്. തീര്‍ത്തും മോശമായ ആരോഗ്യാവസ്ഥയിലും ബിജെപി അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാത്തത് വിവാദമായിരുന്നു. ജനുവരിയില്‍ ഈ അവസ്ഥയില്‍ നിയമസഭയിലെത്തിയ അദ്ദേഹം ബജറ്റ് അവതരിപ്പിച്ചിരുന്നു.

പരീഖര്‍ പ്രതിരോധ മന്ത്രിയായിരിക്കെയാണ് വിവാദമായ റാഫേല്‍ യുദ്ധ വിമാന കരാര്‍ ഇന്ത്യ ഫ്രാന്‍സുമായി ഒപ്പുവച്ചത്. എല്ലാം പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് തീരുമാനിച്ചത് പരീഖറിന് കരാറിനെപ്പറ്റി ഒന്നും അറിയില്ലായിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. റാഫേല്‍ രേഖകള്‍ തന്റെ മേശപ്പുറത്തുണ്ടെന്ന് ഗോവ മന്ത്രിമാരോട് പരീഖര്‍ പറഞ്ഞിരുന്നതായി കോണ്‍ഗ്രസ് ആരോപിക്കുന്നു.

1955 ഡിസംബര്‍ 13ന് ഗോവയിലെ മപൂസയിലാണ് ജനനം. മഡ്ഗാവിലെ ലയോള ഹൈസ്‌കൂളിലും ബോംബെ ഐഐടിയിലും പഠിച്ചു. ഐഐടി ബിരുദധാരിയായ ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രിയാണ് മനോഹര്‍ പരീഖര്‍. ഭാര്യ മേധ 2001ല്‍ മരിച്ചിരുന്നു. ഉത്പല്‍, അഭിജിത്ത് എന്നിവരാണ് മക്കള്‍.

ആര്‍എസ്എസിലൂടെയാണ് ബിജെപിയിലെത്തിയത്. 1994ല്‍ ആദ്യമായി നിയമസഭയിലെത്തി. 1999ല്‍ പ്രതിപക്ഷ നേതാവായി. മൂന്ന് തവണ ഗോവ മുഖ്യമന്ത്രിയായിട്ടുണ്ട്. 2000 ഒക്ടോബറിലാണ് ആദ്യം മുഖ്യമന്ത്രിയായത്. 2012 മാര്‍ച്ച് മുതല്‍ 2014 നവംബര്‍ വരെ രണ്ടാം തവണ മുഖ്യമന്ത്രിയായി. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ പ്രതിരോധ മന്ത്രിയാക്കി കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് രാജി വച്ചു. 2016ല്‍ ഉറി ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താന്‍ അധീന കാശ്മീരിലെ ഭീകര കാമ്പുകള്‍ ലക്ഷ്യം വച്ച് നടത്തിയ സര്‍ജിക്കല്‍ സട്രൈക്ക് പരീഖര്‍ പ്രതിരോധ മന്ത്രിയായിരുന്ന സമയത്തായിരുന്നു. 2017ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷി അല്ലാതിരുന്നിട്ട് പോലും പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ ബിജെപി സര്‍ക്കാരുണ്ടാക്കി. പരീഖര്‍ പ്രതിരോധ മന്ത്രി സ്ഥാനം രാജി വച്ച് വീണ്ടും മുഖ്യമന്ത്രിയാവുകയായിരുന്നു.

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മനോഹര്‍ പരീഖറുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. രോഗബാധിതനായ രാഹുല്‍ ഈയടുത്ത് പരീഖറെ പനാജിയിലെത്തി കണ്ടതും തുടര്‍ന്ന് ഇരുവരും തമ്മില്‍ റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് നടന്ന വാദപ്രതിവാദങ്ങളും അങ്ങോട്ടുമിങ്ങോട്ടും നല്‍കിയ കത്തുകളും വിവാദമായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദും അനുശോചനം രേഖപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍