UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രി പരീഖറുടെ ആരോഗ്യനില മോശം; ഗോവയില്‍ പകരക്കാരനെ തേടി ബിജെപി; ഭരണ സ്തംഭനമെന്ന് കോണ്‍ഗ്രസ്

പരീഖറുടെ അഭാവത്തില്‍ ഗോവയിലെ ബിജെപി സര്‍ക്കാര്‍ കുത്തഴിഞ്ഞ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും സംസ്ഥാനത്ത് ഭരണ സ്തംഭനമാണ് എന്നുമാണ് പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ വിമര്‍ശനം.

തന്റെ ആരോഗ്യനിലയില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ ആശങ്കയറിയിച്ച സാഹചര്യത്തില്‍ ഗോവയില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ബിജെപി പകരം മറ്റൊരാളെ തേടുന്നു. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പരീഖര്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി ഇക്കാര്യം സംസാരിച്ചു. 62 കാരനായ പരീഖര്‍ മാസങ്ങളായി അസുഖ ബാധിതനാണ്. കഴിഞ്ഞയാഴ്ച യുഎസിലെ മെഡിക്കല്‍ ചെക്ക് അപ്പ് കഴിഞ്ഞ് തിരിച്ചെത്തിയ മനോഹര്‍ പരീഖര്‍ നോര്‍ത്ത് ഗോവയിലെ കന്‍ഡോലിമിലുള്ള ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. താല്‍ക്കാലികമായി പരീഖര്‍ക്ക് പകരം മുഖ്യമന്ത്രിയായി മറ്റൊരാളെ നിയോഗിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി രാം ലാല്‍, ബിഎല്‍ സന്തോഷ് തുടങ്ങിയ നേതാക്കള്‍ അടങ്ങിയ സംഘത്തെ ഗോവയിലേയ്ക്ക് അയച്ചിട്ടുണ്ട്.

ഇന്നലെ സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ചേരുകയും പരീഖറുമായി നേതാക്കള്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഗോവയില്‍ മനോഹര്‍ പരീഖര്‍ക്ക് പകരക്കാരനെ കണ്ടെത്തുക ബിജെപിയെ സംബന്ധിച്ച് നിലവിലെ സാഹചര്യത്തില്‍ എളുപ്പമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഏറ്റവും വലിയ ഒറ്റ കക്ഷി പോലുമല്ലാതിരുന്നിട്ടും പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് കഴിഞ്ഞതില്‍ പരീഖറുടെ പങ്ക് ചെറുതല്ല. ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കുന്നതിലും ചെറു പാര്‍ട്ടികളെ കൂടെ കൂട്ടുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പരീഖര്‍ പ്രതിരോധ മന്ത്രി സ്ഥാനം രാജി വച്ച് ഗോവ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയായിരുന്നു.

പരീഖറുടെ അഭാവത്തില്‍ ഗോവയിലെ ബിജെപി സര്‍ക്കാര്‍ കുത്തഴിഞ്ഞ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും സംസ്ഥാനത്ത് ഭരണ സ്തംഭനമാണ് എന്നുമാണ് പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ വിമര്‍ശനം. ഈ വര്‍ഷം ചികിത്സയുടെ ഭാഗമായി മൂന്ന് മാസത്തോളം പരീഖര്‍ അമേരിക്കയിലായിരുന്നു. മൂന്ന് തവണ യുഎസില്‍ പോയി. ആദ്യ തവണ പോയപ്പോള്‍ മന്ത്രിമാരായ സുദിന്‍ ധവാലിക്കര്‍, ഫ്രാന്‍സിസ് ഡിസൂസ, വിജയ് സര്‍ദേശായ് എന്നിവരുള്‍പ്പെട്ട കാബിനറ്റ് അഡൈ്വസറി കമ്മിറ്റിയെ ഭരണകാര്യങ്ങള്‍ക്കായി നിയോഗിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതുണ്ടായില്ല. പകരം കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയാണുണ്ടായത്. അതേസമയം സംസ്ഥാനത്ത് രാഷ്്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ബിജെപി തള്ളി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍