UPDATES

ദളിത്‌ വിഷയത്തില്‍ രാജ്യസഭാംഗത്വം രാജിവച്ച് മായാവതി; ഇനിയെന്ത്?

രാജ്യസഭയില്‍ ദളിതര്‍ക്കെതിരായ വ്യാപക അക്രമ സംഭവങ്ങള്‍ ഉന്നയിച്ച് സംസാരിക്കാന്‍ അനുമതി നല്‍കിയില്ലെന്ന് ആരോപിച്ചാണ് മായാവതി എംപി സ്ഥാനം രാജി വച്ചത്.

ബി എസ് പി നേതാവ് മായാവതി രാജ്യസഭാംഗത്വം രാജിവച്ചു. രാജ്യസഭ ചെയര്‍മാനായ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്ക് മായാവതി രാജിക്കത്ത് കൈമാറി. രാജ്യസഭയില്‍ ദളിതര്‍ക്കെതിരായ വ്യാപക അക്രമ സംഭവങ്ങള്‍ ഉന്നയിച്ച് സംസാരിക്കാന്‍ അനുമതി നല്‍കിയില്ലെന്ന് ആരോപിച്ചാണ് മായാവതി എംപി സ്ഥാനം രാജി വച്ചത്. പശുവിന്‍റെ പേര് പറഞ്ഞുള്ള അക്രമങ്ങള്‍ സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ പ്രസംഗിക്കുകയായിരുന്നു മായാവതി.

പ്രസംഗം മൂന്ന് മിനുട്ടില്‍ അധികം നീണ്ടപ്പോള്‍ മറ്റ് അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് പറഞ്ഞ് രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ മായാവതിയോട് പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധം ഉയര്‍ത്തിയ മായാവതി സഭയില്‍ നിന്ന് ബി എസ് പി അംഗങ്ങളോടൊപ്പം ഇറങ്ങിപ്പോയി. ഒന്‍പത് മാസത്തെ കാലാവധി രാജ്യസഭാംഗമായി മായാവതിക്ക് ബാക്കിയുണ്ടായിരുന്നു.

ഉത്തര്‍ പ്രദേശിലെ സഹാരന്‍പൂരില്‍ ദളിതര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് സഭയില്‍ സംസരിക്കനമായിരുന്നുവെന്ന് മായാവതി പറഞ്ഞു. അടിയന്തര പ്രമേയത്തിന് നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ വിഷയം ഉയര്‍ത്താന്‍ ഭരണപക്ഷവും മന്ത്രിമാര്‍ പോലും സമ്മതിച്ചില്ല. അതുകൊണ്ടു ഇനി ഇവിടെ തുടരുന്നതില്‍ അര്‍ഥമില്ല. സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരിക്ക് രാജിക്കത്ത് സമര്‍പ്പിച്ചുവെന്നും അവര്‍ വ്യക്തമാക്കി.

മൂന്നു പേജുള്ള രാജിക്കത്താണ് മായാവതി സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇത് അംഗീകരിച്ചേക്കില്ലെന്നും അംഗങ്ങള്‍ രാജിക്കത്ത് ചെറുതായി എഴുതി മറ്റു കാരണങ്ങള്‍ ചൂണ്ടിക്കാനിക്കാതെ വേണം സമര്‍പ്പിക്കാന്‍ എന്നാണ് ചട്ടം.

രാജി സമര്‍പ്പിക്കരുതെന്നും മായാവതിയെപ്പോലുള്ളവരുടെ ശബ്ദം സഭയില്‍ ഉണ്ടാവണമെന്നും യുപിഎ നേതാക്കള്‍ അഭയാര്‍ഥിച്ചുവെന്ന് പറഞ്ഞ മായാവതി, താന്‍ അവരെ മാനിക്കുന്നു, എന്നാല്‍ എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വ്യക്തമാക്കി.

മായാവതിയെ കൂടാതെ അഞ്ചംഗങ്ങള്‍ കൂടിയാണ് ബി.എസ്.പിക്ക് രാജ്യസഭയിലുള്ളത്. 2012 വരെ യു.പി ഭരിച്ച മായാവതിയുടെ പാര്‍ട്ടി അതിനു ശേഷമുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം പരാജയപ്പെടുകയായിരുന്നു. ഇത്തവണ അവര്‍ തിരിച്ചു വരവിനു ശ്രമിച്ചെങ്കിലും 402 അംഗ സഭയില്‍ വെറും 19 സീറ്റുകള്‍ മാത്രം നേടാനേ കഴിഞ്ഞുള്ളൂ.

എന്നാല്‍ മായാവതിയുടെ നടപടി യുപി രാഷ്ട്രീയത്തില്‍ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തില്‍ തന്നെ മാറ്റങ്ങള്‍ കൊണ്ടുവന്നേക്കാമെന്നും സൂചനയുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ദേശീയതലത്തില്‍ തന്നെ പ്രതിപക്ഷ നിര കെട്ടിപ്പടുക്കുന്നതില്‍ അവരും മുന്നിട്ടിറങ്ങിയേക്കും എന്നാണ് സൂചനകള്‍. ദളിത്‌ സമുദായത്തില്‍ നിന്നുള്ള രാംനാഥ് ഗോവിന്ദിനെ രാഷ്ട്രപതിയാക്കുക വഴി യു.പിയില്‍ മായാവതിയുടെ ദളിത്‌ അടിത്തറ തോണ്ടാനുള്ള ബിജെപി പദ്ധതിയെ കൂടി ലക്‌ഷ്യം വച്ചാണ് അവരുടെ പുതിയ നീക്കമെന്നാണ് സൂചനകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍