UPDATES

പോസിറ്റീവ് സ്റ്റോറീസ്

റോഡിൽ പരിക്കേറ്റു കിടന്നയാൾക്ക് ഔദ്യോഗിക വാഹനം നല്‍കി; മന്ത്രി കടകംപള്ളി ഓട്ടോയില്‍ യാത്ര തുടര്‍ന്നു

ഇയാളെ ഉടൻ ഔദ്യോഗിക വാഹനത്തിൽക്കയറ്റി മന്ത്രിയുടെ ഗൺമാന്റേയും ഡ്രൈവറുടേയും സഹായത്തിൽ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ മന്ത്രി നിർദ്ദേശം നൽകുകയായിരുന്നു.

മന്ത്രിമാരുടെയും, പോലീസ് ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക വാഹനങ്ങൾ അപകടങ്ങൾക്ക് വഴി തെളിയിക്കുമ്പോൾ ലഭിക്കുന്ന വാർത്ത പ്രാധാന്യം പലപ്പോഴും അവർ വാഹനങ്ങൾ സമയോചിതമായ ഇടപെടലിന് ഉപയോഗിക്കുമ്പോൾ ലഭിക്കാറില്ല.

അപകടത്തിൽ പരുക്കേറ്റ് റോഡിൽ കിടന്നയാൾക്ക് സ്വന്തം ഔദ്യോഗിക വാഹനം വിട്ടു നൽകി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒരു നല്ല മാതൃക സൃഷ്ട്ടിച്ചിരിക്കയാണ്. തന്റെ ഔദ്യോഗിക വാഹനം പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ കൊടുത്തശേഷം ഓട്ടോയിലാണ് മന്ത്രി പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെ സെക്രട്ടേറിയേറ്റിന് സമീപമാണ് സംഭവമുണ്ടായത്. പ്രളയദുരന്തബാധിതർക്കായുള്ള സാധനങ്ങൾ ശേഖരിച്ച കേന്ദ്രങ്ങളിലെ സന്നദ്ധപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ സെക്രട്ടേറിയറ്റിൽനിന്ന് കനകക്കുന്നിലേക്കു പോകുകയായിരുന്നു മന്ത്രി. ഇതേസമയം സെക്രട്ടേറിയറ്റിനു സമീപം പുന്നൻ റോഡിൽ വിവരാവകാശ കമ്മിഷൻ ഓഫീസിനു സമീപം ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെട്ട് റോഡിൽ കിടക്കുകയായിരുന്നു.

ഇയാളെ ഉടൻ ഔദ്യോഗിക വാഹനത്തിൽക്കയറ്റി മന്ത്രിയുടെ ഗൺമാന്റേയും ഡ്രൈവറുടേയും സഹായത്തിൽ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ മന്ത്രി നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് ചടങ്ങിൽ പങ്കെടുക്കാനായി മന്ത്രിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ജീവനക്കാരും ചേർന്ന് ഓട്ടോയിലാണ് കനകക്കുന്നിലേക്ക് പുറപ്പെട്ടത്.

ബാലാവകാശ കമ്മിഷൻ ജീവനക്കാരൻ പൂവച്ചൽ സ്വദേശി ആൽഫ്രഡിനാണ് അപകടത്തിൽ പരിക്കേറ്റത്. എതു വാഹനമാണ് ഇടിച്ചിട്ടതെന്നു തിരിച്ചറിഞ്ഞിട്ടില്ല. റോഡിലേക്കു തെറിച്ചുവീണ ആൽഫ്രഡിനു തലയ്ക്കാണ് പരിക്കേറ്റത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പോലീസിനോടു നിർദേശിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍