UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പണ്ഡിത ഭാഷ പറയാന്‍ ഞാന്‍ പ്രൊഫസറല്ല, സ്ത്രീ എന്ന വാക്ക് പോലും ഉപയോഗിച്ചില്ലെന്നും എംഎം മണി

17 മിനിറ്റുളള പ്രസംഗം മുഴുവനായി സംപ്രേഷണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിശദീകരണവുമായി എംഎം മണിയും രംഗത്തെത്തി. പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ താന്‍ ആക്ഷേപിച്ചിട്ടില്ല. സ്ത്രീകളോട് എന്നും ആദരവോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ എന്നും എംഎം മണി പറഞ്ഞു. സ്ത്രീകളെ ഞാന്‍ ഒരിക്കലും ആക്ഷേപിക്കില്ല. നിങ്ങള്‍ ഏതെങ്കിലും ഒരു പത്രം എടുത്ത് നോക്ക്. സ്ത്രീകള്‍ക്ക് എതിരായി എന്തെങ്കിലും ഞാന്‍ പറഞ്ഞിട്ടുണ്ടോ എന്ന് നോക്ക്. സ്ത്രീയെന്ന് വാക്ക് തന്നെ ഞാന്‍ പറഞ്ഞിട്ടില്ല.

17 മിനിറ്റുളള പ്രസംഗം മുഴുവനായി സംപ്രേഷണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് തന്നോട് വിരോധമുണ്ട്. തന്റെ വിശദീകരണം കേള്‍ക്കണം. തൂക്കിക്കൊല്ലും മുമ്പ് പോലും വിശദീകരണത്തിന് അവസരമുണ്ട്. പണ്ഡിത ഭാഷ സംസാരിക്കാന്‍ ഞാന്‍ പ്രൊഫസറൊന്നുമല്ല, സാധാരണക്കാരനാണ്. കയ്യേറ്റക്കാരും ഉദ്യോഗസ്ഥരുമായി ചില മാധ്യമപ്രവര്‍ത്തകര്‍ക്കു ബന്ധമുണ്ടെന്നും അതു ചൂണ്ടിക്കാണിച്ചതാണ് തന്നോടുള്ള വിരോധത്തിനു കാരണം. ചില ഉദ്യോഗസ്ഥരെ വിമര്‍ശിക്കേണ്ടി വരുമെന്നത് ഭരണ നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്. അല്ലെങ്കില്‍ ഉദ്യോഗസ്ഥ ഭരണം മാത്രം മതിയല്ലോയെന്നും മണി ചോദിച്ചു.

എംഎം മണി നിയമസഭയിൽ നൽകിയ വിശദീകരണം – പൂര്‍ണ രൂപം:

സത്യവുമായി ഒരു ബന്ധവുമില്ലാത്ത ആരോപണങ്ങളാണ് കഴിഞ്ഞ ചില ദിവസങ്ങളായി എനിക്കെതിരെ ഉന്നയിക്കപ്പെട്ടത്. ഞാന്‍ സ്ത്രീകള്‍ക്ക് ആക്ഷേപകരമായി എന്തോ പറഞ്ഞു എന്ന് ആരോപിക്കുന്നു. ചിലര്‍ വിവാദത്തിനടിസ്ഥാനമാക്കിയ ആ പ്രസംഗത്തിലൊരിടത്തും സ്ത്രീ എന്ന വാക്കോ, ഏതെങ്കിലും സ്ത്രീയുടെ പേരോ പരാമര്‍ശിച്ചിട്ടില്ല എന്നതാണ് സത്യം.

എന്നാല്‍ പ്രസംഗത്തിന്റെ പൂര്‍ണരൂപം റ്റെലിവിഷന്‍ മാധ്യമങ്ങളുടെ കൈയ്യിലുണ്ട്. ഞാന്‍ അവരോട് ഈ വേദി ഉപയോഗിച്ച് അഭ്യര്‍ത്ഥിക്കുകയാണ്; നിങ്ങള്‍ അത് ഒന്നു പൂര്‍ണമായി സംപ്രേഷണം ചെയ്യൂ. അങ്ങനെ സംപ്രേഷണം ചെയ്താല്‍, ഞാന്‍ പറയുന്നതിലെ സത്യം എല്ലാവര്‍ക്കും ബോധ്യമാവും.

മുമ്പത്തെ ഒഴിപ്പിക്കല്‍ ഘട്ടത്തില്‍ ഉണ്ടായ ചില കാര്യങ്ങളെക്കുറിച്ചു ഞാന്‍ പറഞ്ഞു. ആ ഉദ്യോഗസ്ഥരുടെ ചെയ്തികളെക്കുറിച്ചു ഞാന്‍ നടത്തിയ വിമര്‍ശനം ഒഴിവാക്കി. എഡിറ്റ് ചെയ്ത് സ്ത്രീകള്‍ക്കെതിരെയുള്ള ആക്ഷേപം എന്ന വ്യാഖ്യാനത്തോടെ അവതരിപ്പിക്കുകയാണ് ചില ടെലിവിഷനുകള്‍ ചില പത്രങ്ങള്‍ ചെയ്തത്.

ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്നോട് വിരോധമുണ്ട്. അത് ആ ചുരുക്കം മാധ്യമപ്രവര്‍ത്തകര്‍ക്ക് കയ്യേറ്റക്കാരോടും ചില ഉദ്യോഗസ്ഥ പ്രമാണിമാരോടും ഉള്ള ചില പ്രത്യേകതരം ബന്ധത്തെക്കുറിച്ചു ഞാന്‍ വിമര്‍ശിച്ചതാണ്. അതാവാം ഈ വിധത്തിലുള്ള ദുര്‍വ്യാഖ്യാനത്തിനു കാരണം എന്നാണു ഞാന്‍ കരുതുന്നത്.

ഉദ്യോഗസ്ഥരുടെ ചില പ്രവൃത്തികള്‍ സംബന്ധിച്ച് ചില വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടി വരും. അതല്ലെങ്കില്‍ ഉദ്യോഗസ്ഥഭരണം മതിയല്ലോ. ഉദ്യോഗസ്ഥ പ്രവൃത്തികളില്‍ തിരുത്തല്‍ വരുത്താന്‍ ജനാധിപത്യത്തില്‍ രാഷ്ട്രീയ ഭരണ നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ട്.

പെമ്പിളൈ ഒരുമൈയെ ആക്ഷേപിച്ചു എന്നു പറയുന്നു. അവരെ ആക്ഷേപിച്ചിട്ടില്ല. അവര്‍ക്കു പോലും അങ്ങനെയൊരു അഭിപ്രായമില്ല. ഇക്കാര്യം ആ സംഘടനയുടെ പ്രസിഡന്‍റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നുമാത്രമല്ല, പെമ്പിളൈ ഒരുമൈ പ്രതിഷേധ പ്രക്ഷോഭത്തിലാണെന്ന് പറയുന്നത് ശരിയല്ല. ആകെ ആറു പേരാണ് സമരത്തിനുള്ളത്. അതില്‍ രണ്ടുപേര്‍ ശ്രീമതി ബിന്ദു കൃഷ്ണയും, ശ്രീമതി ശോഭാസുരേന്ദ്രനുമാണ്. ഇവര്‍ പെമ്പിളൈ ഒരുമൈക്കാരല്ല. ഇവരെ കഴിച്ചാല്‍ ആകെ നാലു പേരെയുള്ളൂ. നേതൃത്വം നല്‍കുന്നു എന്നുപറയുന്ന ഗോമതി പെമ്പിളൈ ഒരുമൈയുടെ ഭാരവാഹി സമിതിയില്‍ പോലും ഉള്ളയാളല്ല. ചില മാധ്യമപ്രവര്‍ത്തകരും ബി.ജെ.പി.ക്കാരും എത്രയേറെ ശ്രമിച്ചിട്ടും ഇവര്‍ക്ക് പ്രതിഷേധത്തിന് ആളെ കിട്ടിയില്ല എന്നതാണ് സത്യം. പെമ്പിളൈ ഒരുമൈയുടെ സമരം കേരളം രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടു. അതില്‍ ആയിരക്കണക്കിന് ആളുകളുണ്ടായിരുന്നു. റ്റി.വികളില്‍ അത് നാം കണ്ടതാണ്. ആ പ്രക്ഷോഭം എവിടെ, ഇന്നത്തെ നാലാള്‍ പ്രക്ഷോഭം എവിടെ? ഇല്ലാത്തതത് ഉണ്ടെന്ന് വരുത്തിത്തീര്‍ത്ത് എന്നെയും എന്റെ പാര്‍ട്ടിയെയും ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരിനെയും ആകേഷിപിക്കാനാണ് ശ്രമം നടക്കുന്നത്. ആ ശ്രമം ഈ സഭയ്ക്കുള്ളില്‍ കൂടി പ്രതിഫലിച്ചു എന്നതുകൊണ്ടാണ് ഈ വിശദീകരണം വേണ്ടിവരുന്നത്.

സര്‍, ഞാന്‍ തോട്ടംതൊഴിലാളികള്‍ക്കിടയില്‍ ജനിച്ചുവളര്‍ന്ന സാധാരണക്കാരനാണ്. അവര്‍ക്കിടയിലാണ് പ്രവര്‍ത്തിച്ചത്. ആ നാടിന്റെയും ആ പാവപ്പെട്ട നാട്ടുകരുടേയും ഭാഷ എന്റെ ഭാഷയാണ്. പണ്ഡിതോചിതമായ ഭാഷയൊന്നുമാവില്ല. അത് ആ നാടിന്റെ ഭാഷയില്‍ നന്മയുണ്ട്, ശുദ്ധിയുണ്ട്, മനുഷ്യസ്നേഹമുണ്ട്. അതിനെതിരായ ഒന്നും അതിലുണ്ടാവില്. അതിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കരുത്. മനസ്സിന്റെ ഭാഷ എന്നൊന്നുണ്ട്. അതാണ് ഞങ്ങള്‍ സംസാരിക്കാറ്. അതല്ലാതെ മനസ്സിലുള്ളത് മറച്ചുവെച്ച് മിനുക്കിതേച്ച വാക്കുകള്‍ കൊണ്ട് കൃത്രിമമായി സംസാരിക്കാറില്ല. പ്രൊഫസര്‍മാരുടെ ഭാഷയില്‍ എനിക്ക് സംസാരിക്കാനാവില്ല. സാധാരണക്കാരന്റെ ഭാഷയേ നാവില്‍ വരൂ. ആ പാവപ്പെട്ട സാധാരണക്കാരുകൂടി ഉള്ളതാണ് സര്‍ ഈ കേരളം. ആ ഭാഷയില്‍ സ്ത്രീയെ ആക്ഷേപിക്കുന്ന ഒന്നും വരില്ല. പലരും ആക്ഷേപിക്കുന്നത് കേട്ടാല്‍ തോന്നുക ഞാന്‍ സ്ത്രീകളില്ലാത്ത നാട്ടില്‍ നിന്നും വന്നതാണെന്നാണ്. എന്റെ നാട്ടിലും വീട്ടിലുമൊക്കെ സ്ത്രീകള്‍ ഉണ്ട്. ആദരവോടെയേ അവരോടു പെരുമാറാറുള്ളൂവെന്നത് അവര്‍ക്കെല്ലാം ബോധ്യവുമുണ്ട്. ആബോധ്യമാണ് എന്റെ ശക്തി. അതാണ് ആ സമൂഹത്തില്‍ എനിക്കുള്ള സ്വീകര്യതയും. സ്ത്രീസമൂഹത്തോടുള്ള ആദരവ് ആവര്‍ത്തിച്ചുറപ്പിച്ചുകൊണ്ട് ഞാന്‍ ഉപസംഹരിക്കട്ടെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍