UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൗരത്വ ബില്‍ പിന്‍വലിച്ചില്ലെങ്കില്‍ എന്‍ഡിഎക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് മിസോറാം മുഖ്യമന്ത്രി

പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക്‌ മിസോ നാഷണല്‍ ഫ്രണ്ട് നേതൃത്വം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ ഭേദഗതി ബില്‍ പിന്‍വലിച്ചില്ലെങ്കില്‍ എന്‍ഡിഎയ്ക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ മടിക്കില്ലെന്ന് മിസോറാം മുഖ്യമന്ത്രിയും മിസോ നാഷണല്‍ ഫ്രണ്ട് നേതാവുമായ സൊറാംതാംഗ. ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളിലെ ന്യൂനപക്ഷ മത വിഭാഗങ്ങളായ ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന വിവാദ ബില്ലിനെതിരെ മിസോറാമും അസമും അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്.

2014 ഡിസംബര്‍ 31ന് മുമ്പായി ഇത്തരത്തില്‍ ഇന്ത്യയിലെത്തിയവര്‍ക്കെല്ലാം പൗരത്വം നല്‍കാനാണ് ജനുവരി എട്ടിന് ലോക്‌സഭ പാസാക്കിയ ബില്‍ വ്യവസ്ഥ ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ ബില്ലിനെതിരെ പ്രമേയം പാസാക്കിയിട്ടുള്ളതായും ബില്‍ പാസാക്കരുതെന്ന് പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും കണ്ട് ആവശ്യപ്പെട്ടിരുന്നതായും മുഖ്യമന്ത്രി പറയുന്നു. പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തിന് മിസോ നാഷണല്‍ ഫ്രണ്ട് നേതൃത്വം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ ബില്‍ 1986 ഇന്ത്യ ഗവണ്‍മെന്റുമായി മിസോ നാഷണല്‍ ഫ്രണ്ട് ഒപ്പിട്ട കരാറിന് വിരുദ്ധമാണ്. അസമിന്റെ ഭാഗമായിരുന്ന മിസോ മേഖലയിലെ രൂക്ഷമായ ഭക്ഷ്യ ക്ഷാമം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് 1950കളിലാണ് പ്രതിഷേധവുമായി മിസോ നാഷണല്‍ ഫ്രണ്ട് രൂപീകരിക്കുന്നത്. പിന്നീട് സംഘടന ഒളിപ്പോരിലേയ്ക്ക് നീങ്ങി. 1986ല്‍ ആയുധം ഉപേക്ഷിച്ച എംഎന്‍എഫ് സര്‍ക്കാരുമായി സന്ധിയില്‍ ഒപ്പുവച്ചു. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 40ല്‍ 26 സീറ്റ് നേടിയാണ് എംഎന്‍എഫ് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് അഞ്ച് സീറ്റിലൊതുങ്ങിയപ്പോള്‍ ബിജെപിക്ക് ഒരു സീറ്റാണ് കിട്ടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍