UPDATES

എംജെ അക്ബര്‍ ഇന്നെത്തുന്നു; രാജിയുണ്ടാകുമോ?

അക്ബറിനെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണ് എന്നും അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്തുന്ന കാര്യം ബുദ്ധിമുട്ടായിരിക്കും എന്നും ബിജെപി വൃത്തങ്ങള്‍ പറയുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ലൈംഗികാതിക്രമ ആരോപണങ്ങള്‍ നേരിടുന്ന വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ വിദേശപര്യടനത്തിന് ശേഷം ഇന്ന് രാവിലെ ഡല്‍ഹിയില്‍ തിരിച്ചെത്തും. അക്ബറിനോട് വിശദീകരണം തേടിയ ശേഷം രാജി വേണോ എന്ന്ത് സംബന്ധിച്ച തീരുമാനമുണ്ടായേക്കും എന്നാണ് സൂചന. മീ ടൂ കാംപെയിനിന്റെ ഭാഗമായി ഒരു വിദേശിയടക്കം എട്ട് വനിത മാധ്യമപ്രവര്‍ത്തകരാണ് അക്ബറിനെതിരെ ലൈംഗിക ചൂഷണ, അതിക്രമ പരാതിയുമായി രംഗത്തുള്ളത്. വിവിധ പത്രങ്ങളുടെ എഡിറ്ററായിരിക്കെ അക്ബര്‍ തങ്ങളെ പീഡിപ്പിച്ചു എന്നാണ് ആരോപണം.

ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി നൈജീരിയയിലായിരുന്ന മന്ത്രി ഇതുവരെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. അക്ബറിനെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണ് എന്നും അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്തുന്ന കാര്യം ബുദ്ധിമുട്ടായിരിക്കും എന്നും ബിജെപി വൃത്തങ്ങള്‍ പറയുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

അക്ബറിനെതിരെ നിലവില്‍ കേസുകളൊന്നുമില്ലെന്നും മന്ത്രിയാകുന്നതിന് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതായി പറയുന്ന സംഭവങ്ങളായതിനാലും അക്ബര്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന് വാദിക്കുന്നവരും ബിജെപിയിലുണ്ട്. നിര്‍ണായകമായ നിയമസഭ തിരഞ്ഞെടുപ്പുകളും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുകളും മുന്നിലുള്ളപ്പോള്‍ അക്ബറിനെ ഇത്തരം ആരോപണങ്ങള്‍ അംഗീകരിച്ച് പുറത്താക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകും എന്ന് ചില ബിജെപി നേതാക്കള്‍ കരുതുന്നുണ്ട്. അതേസമയം കേന്ദ്ര മന്ത്രിമാരായ മേനക ഗാന്ധിയും സ്മൃതി ഇറാനിയും ഇരകള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അക്ബറിനെതിരെ പരോക്ഷ വിമര്‍ശനമാണ് ഇരുവരും നടത്തിയത്. വനിത – ശിശുക്ഷേമ മന്ത്രിയായ മേനക, എല്ലാ മീ ടൂ ആരോപണങ്ങളിലും അന്വേഷണം നടത്താന്‍ ജുഡീഷ്യല്‍ കമ്മിറ്റിയെ നിയോഗിക്കാനുള്ള തീരുമാനവും അറിയിച്ചിരുന്നു. സാമൂഹ്യനീതി വകുപ്പ് സഹമന്ത്രി രാംദാസ് അതാവാലെ അക്ബര്‍ രാജി വയ്ക്കണമെന്ന് തുറന്നടിച്ചു. കോണ്‍ഗ്രസും സിപിഎമ്മും എഐഎംഐഎമ്മും അക്ബറിന്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്.

READ ALSO: ആഘോഷിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകനില്‍ നിന്നും സംഘപരിവാര്‍ പാളയത്തിലേക്ക്; ഇപ്പോള്‍ ‘ലൈംഗിക അതിക്രമി’

ഒക്ടോബര്‍ എട്ടിന് പ്രിയ രമണി എന്ന മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റോടെയാണ് അക്ബറിനെതിരായ മീ ടൂ ആരോപണങ്ങളുടെ തുടക്കം. പിന്നീട് ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തക ഗസാല വഹാവ് അടക്കമുള്ളവര്‍ രംഗത്തെത്തി. അക്ബര്‍ പീഡിപ്പിച്ചതായി ആരോപിച്ച് കൊളംബിയന്‍ മാധ്യമപ്രവര്‍ത്തകയും രംഗത്തെത്തിയിരുന്നു.

ആഘോഷിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകനില്‍ നിന്നും സംഘപരിവാര്‍ പാളയത്തിലേക്ക്; ഇപ്പോള്‍ ‘ലൈംഗിക അതിക്രമി’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍