UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസ് നേതാക്കള്‍ സ്ത്രീ പീഡനത്തിന്റെ ആളുകള്‍: എംഎം മണി

സോളാര്‍ കേസുമായി ബന്ധപ്പെട്ട് എന്തെല്ലാം വൃത്തികേടുകളാണ് അവര്‍ കാട്ടിക്കൂട്ടിയത്. ഇതില്‍ പങ്കുള്ളവര്‍ക്കും കഴിഞ്ഞ ദിവസം സ്ഥാനക്കയറ്റം നല്‍കിയില്ലേ?

സ്ത്രീ വിരുദ്ധമായ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ വിവാദമുണ്ടാക്കിയ മന്ത്രി എംഎം മണി സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണവുമായി രംഗത്ത്. കോണ്‍ഗ്രസുകാരാണ് സ്ത്രീ പീഡനത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആക്ഷേപങ്ങള്‍ കേട്ടിട്ടുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് എന്തെല്ലാം വൃത്തികേടുകളാണ് അവര്‍ കാട്ടിക്കൂട്ടിയത്. ഇതില്‍ പങ്കുള്ളവര്‍ക്കും കഴിഞ്ഞ ദിവസം സ്ഥാനക്കയറ്റം നല്‍കിയില്ലേ? സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത ഇനിയും മാറിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ സ്ത്രീ പീഡനത്തിന്റെ ആളുകളാണ്. ചരിത്രകാരന്‍മാര്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളതാണ്. കമ്യൂണിസ്റ്റ് നേതാക്കളാരും ഇത്തരത്തില്‍ സ്ത്രീപീഡനത്തിന്റെ പേരില്‍ ആക്ഷേപം നേരിട്ടിട്ടില്ലെന്നും മണി ചൂണ്ടിക്കാട്ടി.

വിവാദ പരാമര്‍ശത്തിന്റെ പേരില്‍ തന്റെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിവരുന്ന സത്യഗ്രഹ സമരം അവസാനിപ്പിക്കാന്‍ ഇടപെടില്ലെന്ന് എംഎം മണി ആവര്‍ത്തിച്ചു. സമരം തുടങ്ങിയത് യുഡിഎഫും ബിജെപിയും ആം ആദ്മി പാര്‍ട്ടിയും മാധ്യങ്ങളുമാണ്. ഇനിയും ആ പാവം സ്ത്രീകള്‍ സമരം തുടരുന്നത് കഷ്ടമാണെന്നും മണി പറഞ്ഞു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ പെമ്പിളൈ ഒരുമൈ സമരം രണ്ടാം ഘട്ടത്തിലേക്ക് കടന്നതിന് പിന്നാലെയാണ് പ്രതികരണം. പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിനെ തുടര്‍ന്ന് നിരാഹാര സമരം അവസാനിപ്പിച്ച പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍, റിലേ സത്യാഗ്രഹത്തിന് തുടക്കം കുറിച്ചിരുന്നു. സമരത്തിന് പിന്തുണയര്‍പ്പിച്ച് ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരും രംഗത്തുണ്ട്.

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടിനെയും മണി വിമര്‍ശിച്ചു. എല്ലാവരും പങ്കെടുക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്. ചെന്നിത്തല പങ്കെടുക്കില്ലെന്ന് പറഞ്ഞത് കയ്യേറ്റം ഒഴിപ്പിക്കുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുള്ളതിനാലാണ്. അഞ്ച് വര്‍ഷം ഭരിച്ചിട്ടും കയ്യേറ്റം ഒഴിപ്പിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഞ്ച് കൊല്ലം ഇതിന്റെ മേലെ ചടഞ്ഞിരുന്നതല്ലേ. രമേശ് ചെന്നിത്തലയ്ക്കും മോശമല്ലാത്ത സ്ഥാനമുണ്ടായിരുന്നല്ലോ. എന്ത് ചെയ്തു? എന്നിട്ടിപ്പോള്‍ എട്ടു പത്തു മാസം ആയപ്പോഴേക്കും ലോകം മാറ്റിയില്ലെന്ന് പറഞ്ഞുനടക്കുന്നത് ആണുങ്ങള്‍ക്കു ചേര്‍ന്ന പണിയല്ലെന്നും മന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍