UPDATES

ട്രെന്‍ഡിങ്ങ്

വോട്ടിംഗ് യന്ത്രങ്ങളില്‍ എങ്ങനെ തിരിമറി നടത്താം? ആം ആദ്മി പാര്‍ട്ടി കാണിച്ച് തരുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടിംഗ് യന്ത്രങ്ങളുടെ മാതൃകയിലുള്ള യന്ത്രങ്ങളാണ് ഇക്കാര്യം തെളിയിക്കാനായി എഎപി എംഎല്‍എ സൗരഭ് ഭരദ്വാജ് ഉപയോഗിച്ചത്.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ എങ്ങനെ തിരിമറി നടത്താം എന്നാണ് ആം ആദ്മി പാര്‍ട്ടി ഇന്ന് ഡല്‍ഹി നിയമസഭയില്‍ കാണിച്ച് തരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടിംഗ് യന്ത്രങ്ങളുടെ മാതൃകയിലുള്ള യന്ത്രങ്ങളാണ് ഇക്കാര്യം തെളിയിക്കാനായി എഎപി എംഎല്‍എ സൗരഭ് ഭരദ്വാജ് ഉപയോഗിച്ചത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ മൂന്ന് മണിക്കൂര്‍ പരിശോധിക്കാന്‍ തന്നാല്‍ തിരിമറി തെളിയിച്ച് തരാമെന്ന് സൗരഭ് പറയുന്നത്. നേരാംവണ്ണം തിരഞ്ഞെടുപ്പ് നടതത്തിയാല്‍ ഒരു ബൂത്തില്‍ പോലും ബിജെപി ജയിക്കില്ലെന്നും സൗരഭ് അഭിപ്രായപ്പെട്ടു. 90 സെക്കന്‍ഡ് കൊണ്ട് വോട്ടിംഗ് യന്ത്രത്തിന്‍റെ മദര്‍ ബോഡ് മാറ്റാം എന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു. തിരിമറി നടത്താന്‍ കഴിയാത്ത ഒരു യന്ത്രവും ഇല്ല. തിരഞ്ഞെടുപ്പിനുപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ വിട്ട് തന്നാല്‍ 24 മണിക്കൂറിനുള്ളില്‍ ക്രമക്കേട് സംബന്ധിച്ച് തെളിയിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍വിജയത്തോടെയാണ് വോട്ടിംഗ് യന്ത്രത്തിലെ തിരിമറി സംബന്ധിച്ച് ആരോപണം ശക്തമായത്. ബി എസ് പി നേതാവ് മായാവതിയും അരവിന്ദ് കേജ്രിവാളുമാണ് ഇക്കാര്യം ശക്തിയായി ഉന്നയിച്ചത്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ബിജെപിയുടെ വന്‍ വിജയത്തിനും എഎപിയുടെ തോല്‍വിക്കും കാരണമായത് വോട്ടിംഗ് യന്ത്രത്തിലെ തിരിമറിയാണെന്ന ആരോപണമാണ് എഎപി നേതാക്കള്‍ ഉയര്‍ത്തിയത്. മദ്ധ്യപ്രദേശില്‍ നിന്നും വോട്ടിംഗ് യന്ത്രം സംബന്ധിച്ച് പരാതി ഉയര്‍ന്നു. എഎപിയുടേയും കോണ്‍ഗ്രസിന്റേയും പരാതികളെ തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാനായി സോഫ്റ്റ് വെയര്‍ വിദഗ്ധരുടെ ചര്‍ച്ചയും പരിശോധനയും സംഘടിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് വോട്ടിംഗ് യന്ത്രം പരിശോധിക്കാന്‍ അവസരമൊരുക്കും. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാതി പരിഗണിച്ച ഹൈക്കോടതി, തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടിരുന്നു.

അതേസമയം ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പരിപാടിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കേജ്രിവാളിനെതിരെ കോഴ ആരോപണം ഉന്നയിച്ച മുന്‍ മന്ത്രി കപില്‍ മിശ്ര ആരോപിച്ചു. കേജ്രിവാളിനെതിരായ കോഴ ആരോപണം നിയമസഭയില്‍ കപില്‍ മിശ്ര ആവര്‍ത്തിച്ചു. കേജ്രിവാളിന്‍റെ ബന്ധുവും മന്ത്രി സത്യേന്ദ്ര ജയിനും ഉള്‍പ്പെട്ട അനധികൃത ഭൂമി ഇടപാട്, കേജ്രിവാള്‍ രണ്ട് കോടി രൂപ കോഴ വാങ്ങിയതായുള്ള ആരോപണം (സത്യേന്ദ്ര ജയിന്‍ കോഴപ്പണം കേജ്രിവാളിന് കൈമാറി എന്നാണ് കപില്‍ മിശ്ര പറഞ്ഞത്), എഎപി നേതാക്കളുടെ വിദേശയാത്ര സംബന്ധിച്ച ആരോപണം എന്നിവയാണ് കപില്‍ മിശ്ര ഉന്നയിച്ചിരിക്കുന്നത്. വിദേശയാത്രകള്‍ക്കായി ഫണ്ട് ദുര്‍വിനിയോഗം ചെയ്തു എന്നാണ് കപില്‍ മിശ്ര ആരോപിക്കുന്നത്. നേതാക്കളുടെ വിദേശയാത്രാ വിവരങ്ങള്‍ പുറത്ത് വിടാന്‍ തയ്യാറായില്ലെങ്കില്‍ താന്‍ നിരാഹാര സമരം തുടങ്ങുമെന്നും കപില്‍ മിശ്ര പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍