UPDATES

ട്രെന്‍ഡിങ്ങ്

രാമക്ഷേത്രം: പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഡിസംബര്‍ 11ന് ശേഷമെന്ന് ഹിന്ദുത്വ നേതാവ്

ഡിസംബര്‍ 11ന് ശേഷം രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുന്ന തീയതി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് ഒരു മുതിര്‍ന്ന കേന്ദ്ര മന്ത്രി തനിക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത് എന്നാണ് വിഎച്ച്പി പരിപാടിയില്‍ സ്വാമി രാം ഭദ്രാചാര്യ പ്രസംഗിച്ചത്.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം വൈകുന്നതിലൂടെ ഹിന്ദുക്കള്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണ് എന്ന് ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭഗവത്. നാഗ്പൂരിലെ ഹുങ്കാര്‍ സഭ പരിപാടിയിലാണ് ആര്‍എസ്എസ് തലവന്‍ ഇക്കാര്യം പറഞ്ഞത്. വിഎച്ച്പിയും ശിവസേനയും രാമക്ഷേത്രം നിര്‍മ്മാണം തുടങ്ങാന്‍ ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുന്നതിന് ഇടയിലാണ് മോഹന്‍ ഭഗവത് ഇക്കാര്യം പറഞ്ഞത്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങിയില്ലെങ്കില്‍ മഹാഭാരത യുദ്ധം തുടങ്ങുമെന്നാണ് നേരത്തെ ഭഗവത് ഭീഷണി മുഴക്കിയിരുന്നത്. നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഏത്രയും പെട്ടെന്ന് തീരുമാനമുണ്ടാകണം. സുപ്രീം കോടതി ഈ പ്രശ്‌നത്തിന് പ്രാധാന്യം നല്‍കുന്നില്ല. വൈകിയ നീതി, നിഷേധിക്കപ്പെട്ട നീതിയാണ്. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ആവശ്യമായ നിയമം മോദി സര്‍ക്കാര്‍ എത്രയും പെട്ടെന്ന് കൊണ്ടുവരണമെന്ന് ഭഗവത് ആവശ്യപ്പെട്ടു.

അതേസമയം രാമക്ഷേത്ര നിര്‍മ്മാണം ആവശ്യപ്പെട്ട് ബിജെപിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി മുന്നേറുകയാണ് അവരുമായി തെറ്റിപ്പിരിഞ്ഞ് മുന്നണി വിട്ട ശിവസേന. മൂവായിരത്തിലധികം പ്രവര്‍ത്തകരുമായി മഹാരാഷ്ട്രയില്‍ നിന്ന് അയോധ്യയിലേയ്ക്ക് യാത്ര സംഘടിപ്പിക്കുകയാണ് ശിവസേന. മൂന്ന് ലക്ഷം പേരെ അണിനിരത്തുമെന്നാണ് വിഎച്ച്പി പറയുന്നത്. അയോധ്യയിലെ തര്‍ക്ക ഭൂമി മൂന്നാക്കി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിന് എതിരാണ് വിഎച്ച്പി.

ഡിസംബര്‍ 11ന് ശേഷം രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുന്ന തീയതി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് ഒരു മുതിര്‍ന്ന കേന്ദ്ര മന്ത്രി തനിക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത് എന്നാണ് വിഎച്ച്പി പരിപാടിയില്‍ സ്വാമി രാം ഭദ്രാചാര്യ പ്രസംഗിച്ചത്. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് രാമക്ഷേത്ര നിര്‍മ്മാണം വൈകിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് റാലിയില്‍ ആരോപിച്ചത്. അയോധ്യ കേസില്‍ വാദം കേള്‍ക്കല്‍ നീട്ടിവയ്ക്കണമെന്നാണ് അവര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടുന്നത്. ചീഫ് ജസ്റ്റിസിന് നേരെ അവര്‍ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നതായും മധ്യപ്രദേശിലെ റാലിയില്‍ മോദി ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍