UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ നല്‍കണമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ്

ട്രംപിന്‍റെ മുൻഗാമിയായ ബരാക്ക് ഒബാമയ്ക്ക് 2009-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിരുന്നു

ഉത്തര കൊറിയ ആണവനിരായുധീകരണം നടപ്പിലാക്കാന്‍ തീരുമാനിക്കുന്നത് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ശക്തമായ ഇടപെടലുകളെ തുടര്‍ന്നാണെന്നും അതിനാല്‍തന്നെ അദ്ദേഹത്തിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നല്‍കണമെന്നും ദക്ഷിണകൊറിയൻ പ്രസിഡന്‍റ് മൂണ്‍ ജെ ഇന്‍. ‘സമാധാനത്തിനുള്ള നോബൽ പുരസ്കാരം ട്രംപിനു നല്‍കണം, ഞങ്ങൾക്ക് വേണ്ടത് സമാധാനമാണ്’ എന്ന് മൂണ്‍ പറഞ്ഞതായി ദക്ഷിണ കൊറിയന്‍ വക്താവ് പറഞ്ഞു.

ലോകത്തെ ആശങ്കയിലാക്കിയ വെല്ലുവിളികള്‍ക്കുശേഷം ഇരു കൊറിയകളും തമ്മിലുള്ള കൂടിക്കാഴ്ച ആണവ നിരായുധീകരണത്തിനായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും യുദ്ധം ഒഴിവാക്കാനായി സമാധാനകരാറില്‍ ഒപ്പിടുമെന്നുമുള്ള ചരിത്രപ്രഖ്യാപനത്തിനും വഴിതെളിച്ചിരുന്നു.

ട്രംപിനു നൊബേല്‍ പുരസ്കാരം നല്‍കണമെന്ന് ആദ്യം പറഞ്ഞത് സൗത്ത് കൊറിയൻ പ്രസിഡന്‍റ് കിം ഡേ-ജംഗിന്‍റെ വിധവയായ ലീ ഹീ-ഹോയു ആയിരുന്നു. മൂണും ഈ പ്രസ്താവനയോട് യോജിക്കുകയായിരുന്നു. കൊറിയന്‍ ഉപഭൂഖണ്ഡത്തെ ആണവ മുക്തമാക്കുന്നത് സംബന്ധിച്ച് ഉത്തരകൊറിയയുമായി മൂന്നോ നാലോ ആഴ്ചകള്‍ക്കുള്ളില്‍ ചര്‍ച്ച നടത്തുമെന്ന് ട്രംപ് വ്യക്തമാക്കിയതാണ്. നേരത്തെ, ആണവപരീക്ഷണങ്ങളില്‍ നിന്ന് പിന്മാറാന്‍ വിസമ്മതിച്ചിരുന്ന സമയത്ത് ശക്തമായ ആഗോള ഉപരോധമാണ് ഉത്തരകൊറിയാക്കുമേല്‍ ട്രംപ് ചുമത്തിയിരുന്നത്. ഇരു കൊറിയകളും തമ്മില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ട്രംപിന്‍റെ ഇടപെടലുകള്‍ക്ക് മതിയായ അംഗീകാരം നല്‍കണമെന്ന് മൂണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ട്രംപിന്‍റെ മുൻഗാമിയായ ബരാക്ക് ഒബാമയ്ക്ക് 2009-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിരുന്നു. എന്നാല്‍ വാചകമടിക്കുമപ്പുറം യാതൊരു സമാധാന ശ്രമങ്ങള്‍ക്കും തയ്യാറാകാത്തിരുന്ന അദ്ദേഹത്തിന് അവാര്‍ഡ് നല്‍കിയത് ശരിയായ തീരുമാനമായിരുന്നില്ല എന്നു ഒരു വിഭാഗം ആക്ഷേപം ഉന്നയിച്ചിരുന്നു. പുരസ്കാരം നേടിയ അതേ സമയത്താണ് ഒബാമ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചിരുന്ന അമേരിക്കന്‍ സൈനികരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിപ്പിച്ഛത്. ഒബാമയെ കൂടാതെ തിയോഡോർ റൂസ്വെൽറ്റ്, വുഡ്റോ വിൽസൺ, ജിമ്മി കാർട്ടർ എന്നീ മൂന്ന് അമേരിക്കൻ പ്രസിഡന്റുമാരും നൊബേൽ പുരസ്കാരം നേടിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍