UPDATES

സിനിമാ വാര്‍ത്തകള്‍

“അമിതാഭിന് ഓര്‍മ്മയില്ലാഞ്ഞിട്ടാണ്, ഞാനയാള്‍ക്ക് 500 അല്ല, 300 രൂപയാണ് കൊടുത്തത്”: മൃണാള്‍ സെന്‍ ഒരിക്കല്‍ പറഞ്ഞു

എന്റെ പേര് ടൈറ്റില്‍ കാര്‍ഡില്‍ വരുമോ? – അതാണ് അമിതാഭിന് അറിയേണ്ടിയിരുന്നത്. പക്ഷെ ‘ബച്ചന്‍’ വേണ്ടെന്നും അമിതാഭ് മാത്രം മതിയെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. 1969ല്‍. അന്ന് അമിതാഭ് ബച്ചന്‍ ബിഗ് ബിയല്ല, സിനിമാമോഹവുമായി നടക്കുന്ന സാധാരണ യുവാവാണ്. കവി ഹരിവംശറായ് ബച്ചന്റെ മകനാണ് എന്ന് മാത്രം. എന്നാല്‍ മൃണാള്‍ സെന്നിന്റെ ഭാഷയില്‍ അമിതാഭ് അന്നൊരു ബച്ചാ (കുട്ടി) മാത്രമാണ്. ഗുജറാത്തിലെ ഭവ്‌നഗറില്‍ വച്ച് മൃണാള്‍ സെന്‍ തന്റെ ആദ്യ ഹിന്ദി സിനിമയായ ഭുവന്‍ ഷോമിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ബോംബെയില്‍ എഡിറ്റിംഗ് ജോലികള്‍ തുടങ്ങിയ സമയം. സാത് ഹിന്ദുസ്ഥാനി എന്ന സിനിമയുടെ ജോലികള്‍ തുടങ്ങിയിരുന്ന, സുഹൃത്തായ സംവിധായകന്‍ കെഎ അബ്ബാസിന്റെ വീട്ടില്‍ മൃണാള്‍ സെന്‍ പോയി. ഒരു സംഘം ആളുകളില്‍ നിന്ന് തന്റെ കഥാപാത്രങ്ങള്‍ക്ക് യോജിച്ച അഭിനേതാക്കളെ തിരയുകയായിരുന്നു അബ്ബാസ്. അപ്പോളാണ് തന്റെ സിനിമയില്‍ നരേറ്ററായ നല്ല ശബ്ദമുള്ള ഒരാളെ വേണമെന്ന് സെന്‍ പറയുന്നത്.

“ആമി ബംഗ്ലാ ജാനേ” (എനിക്ക് ബംഗാളി അറിയാം) എന്ന് പറഞ്ഞ് നല്ല ഉയരമുള്ള ഒരു ചെറുപ്പക്കാരന്‍ എഴുന്നേറ്റു. തന്റെ ബംഗാളി വളരെ മോശമാണെന്നും എന്നാല്‍ ശബ്ദം നല്ലതാണ് എന്നും മൃണാള്‍ സെന്‍ ആ യുവാവിനോട് പറഞ്ഞു. തനിക്ക് ഹിന്ദിയിലുള്ള അവതരണമാണ് വേണ്ടതെന്നതിനാല്‍ പ്രശ്‌നമില്ലെന്നും സെന്‍ പറഞ്ഞു. അങ്ങനെ ശബ്ദം പോരെന്ന് പറഞ്ഞ് ആകാശവാണിക്കാര്‍ ജോലി നിഷേധിച്ച് അമിതാഭ് ബച്ചന്‍ എന്ന ആ യുവാവ് ഭുവന്‍ ഷോമിന് ശബ്ദം നല്‍കി.

റെക്കോഡിംഗ് കഴിഞ്ഞപ്പോള്‍ തനിക്ക് അധികം പണമൊന്നും തരാന്‍ കയ്യിലില്ലെന്നാണ് മൃണാള്‍ സെന്‍, ബച്ചനോട് പറഞ്ഞത്. അതേസമയം തനിക്ക് പണം വേണ്ടെന്നും പണത്തിനല്ല ഈ സിനിമയ്ക്ക് ശബ്ദം നല്‍കിയത് എന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു. എന്നാല്‍ പണം വാങ്ങിയേ തീരൂ എന്ന് സെന്‍ നിര്‍ബന്ധിച്ചു. എന്റെ പേര് ടൈറ്റില്‍ കാര്‍ഡില്‍ വരുമോ? – അതാണ് അമിതാഭിന് അറിയേണ്ടിയിരുന്നത്. പക്ഷെ ‘ബച്ചന്‍’ വേണ്ടെന്നും അമിതാഭ് മാത്രം മതിയെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു. സെന്‍ അത് അംഗീകരിച്ചു. ഭുവന്‍ ഷോമിന്റെ ക്രെഡിറ്റ് ടൈറ്റിലുകളില്‍ ഒടുവിലായി അമിതാഭ് പ്രത്യക്ഷപ്പെട്ടു. സിനിമ തുടങ്ങുമ്പോളും അവസാനിക്കുമ്പോളും അമിതാഭ് ബച്ചന്റെ ശബ്ദമുണ്ടായിരുന്നു.

ഭുവന്‍ ഷോം മികച്ച ഫീച്ചര്‍ സിനിമയ്ക്കും മികച്ച സംവിധായകനും മികച്ച നടനുമുള്ള (കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഉത്പല്‍ ദത്ത്) ദേശീയ പുരസ്‌കാരങ്ങള്‍ നേടി. 1970ല്‍ സംവിധായകനും വോയ്‌സ് ആര്‍ട്ടിസ്റ്റും കല്‍ക്കട്ടയില്‍ വച്ച് കണ്ടുമുട്ടി. ഫിലിം ജേണലിസ്റ്റ്‌സ് അസോസിയേഷന്റെ പരിപാടിക്ക് പോയപ്പോള്‍ താങ്കളുടെ അടുത്ത പടത്തിലെ നായകന്‍ അമിതാഭ് ബച്ചനാണോ എന്ന ചോദ്യമുയര്‍ന്നു. ആ ഐഡിയ കൊള്ളാമെന്നും എന്നാല്‍ അമിതാഭിന് പറ്റിയ റോള്‍ കണ്ടെത്തേണ്ടെന്നും മൃണാള്‍ സെന്‍ പ്രതികരിച്ചു. അമിതാഭ് ബച്ചന്‍ സെന്നിന്റെ സിനിമയില്‍ അഭിനയിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ സെന്നിന് വേണ്ടിയിരുന്നത് ഒരു സാധാരണക്കാരനെന്ന് തോന്നിക്കുന്നയാളെയാണ്. അമിതാഭ് ആ കഥാപാത്രത്തിന് അനുയോജ്യനായിരുന്നില്ല. തന്റെ ആദ്യത്തെ വോയ്‌സ് ഓവര്‍ 1983ല്‍ പുറത്തിറങ്ങിയ സത്യജിത് റേ ചിത്രം ശത്രഞ്ദജ് കേ ഖിലാഡിക്ക് വേണ്ടി ആയിരുന്നില്ല എന്ന് ഒരു ഇന്റര്‍വ്യൂവില്‍ അമിതാഭ് ബച്ചന്‍ തിരുത്തിയിരുന്നു. അത് ഭുവന്‍ ഷോമിന് വേണ്ടിയായിരുന്നു എന്ന് ബച്ചന്‍ പറഞ്ഞു. പക്ഷെ അമിതാഭ് പറഞ്ഞ ഒരു കാര്യം തെറ്റാണ് എന്ന് മൃണാള്‍ സെന്‍ പിന്നീട് പറഞ്ഞു – ഞാനയാള്‍ക്ക് 500 രൂപയല്ല, 300 രൂപയാണ് അന്ന് കൊടുത്തത്.

(ദ ട്രിബ്യൂണില്‍ ശാസ്ത്രി രാമചന്ദ്രന്‍ എഴുതിയ ലേഖനത്തില്‍ നിന്ന്‌)
വായനയ്ക്ക്: https://goo.gl/Wvbw6p

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍