UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിങ്ങൾക്കെത്ര ഫ്‌ളെക്‌സുകള്‍ വേണം? ഞങ്ങൾ തരാം, പകരം ആ ജീവനെ തിരിച്ചുതരുമോ? എം സ്വരാജ് എം എല്‍ എ

നൂറുകണക്കിന്ന്‌ എസ്‌എഫ്‌ഐക്കാർ ആക്രമിച്ചപ്പോൾ സ്വയരക്ഷയ്‌ക്കുവേണ്ടിയാണ്‌ കുത്തിയതെന്ന്‌ പറയുന്നവർ , ഏത്‌ കാലത്തിലാണ്‌ ജീവിക്കുന്നത്‌?

ഒരു വിദ്യാർത്ഥിയെ പിടിച്ചുനിർത്തി കുത്തിക്കൊന്നിട്ട്‌ ന്യായം പറയാൻ നിൽക്കുന്നവരെ അറപ്പോടെ ആട്ടിയകറ്റുകയാണ്‌ വേണ്ടതെന്ന്‌ എം സ്വരാജ്‌ എംഎൽഎ. നൂറുകണക്കിന്ന്‌ എസ്‌എഫ്‌ഐക്കാർ ആക്രമിച്ചപ്പോൾ സ്വയരക്ഷയ്‌ക്കുവേണ്ടിയാണ്‌ കുത്തിയതെന്ന്‌ പറയുന്നവർ, ഏത്‌ കാലത്തിലാണ്‌ ജീവിക്കുന്നത്‌? അഭിമന്യുവിനെ കുത്തികൊന്നത്‌ ഏകപക്ഷീയമായിതന്നെയാണ്‌. സംഘർഷമുണ്ടാകുമ്പോൾ രണ്ടുഭാഗത്തും പരിക്കുണ്ടാവില്ലെ. ഇവിടെ അതില്ലല്ലോ. കോളേജിൽ പോകുന്നവർ കത്തിയും കൊണ്ടാണോ പോകുന്നതെന്നും എസ്‌ഡിപിഐ സംസ്‌ഥാന പ്രസിഡന്റ്‌ മജീദ്‌ ഫൈസിക്ക്‌ മറുപടിയായി സ്വരാജ്‌ ചോദിച്ചു.

സ്വയരക്ഷയ്‌ക്ക്‌ വേണ്ടിയാണ്‌ കുത്തിയതെന്നും കുട്ടികളെ ആക്രമിക്കുമ്പോൾ രക്ഷിതാക്കളും ബന്ധുക്കളും എത്തുന്നത്‌ സ്വാഭാവികമാണെന്നുമാണ്‌ എസ്. എഫ്. ഐ പ്രവർത്തകൻ  അഭിമന്യുവിന്റെ കൊലപാതകത്തെ കുറിച്ച്  മജീദ്‌ ഫൈസി പ്രതികരിച്ചത്. മജീദ് ഫൈസിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുൻ എസ്.എഫ് ഐ സംസ്ഥാന സെക്രട്ടറി കൂടിയായ എം സ്വരാജ്.

“ആ ക്യാമ്പസിൽ ആരാണ്‌ പുറത്തുനിന്നുണ്ടായിരുന്നത്‌. നവാഗതരെ സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിനായി എസ്‌എഫ്‌ഐക്കാർ അവിടെ ഉണ്ടായിരുന്നു. കെഎസ്‌‌യുക്കാരും അവിടെ  ഉണ്ടായിരുന്നു. ഒരു പ്രശ്‌നവും ഉണ്ടായില്ലല്ലോ. അവിടെയൊന്നും ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ.  എസ്‌ഡിപിഐ ക്രിമിനൽ സംഘം കുത്തികൊല്ലുകതന്നെയായിരുന്നു. ഒരു ഫ്‌ളെക്‌സ്‌ കീറിയെന്നും പറഞ്ഞാണോ നിങ്ങളൊരു ജീവനെടുത്തത്‌. പകരം നിങ്ങൾക്കെത്ര ഫ്‌ളെക്‌സുകളും  ഞങ്ങൾ തരാം. പകരം ആ ജീവനെ തിരിച്ചുതരാൻ പറ്റുമോ. സ്വരാജ്‌ ചോദിച്ചു.

എസ് ഡി പി ഐ ക്ക് ക്യാംപസ് ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ലെന്ന് എസ് ഡി പി ഐ ഇന്നലെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ആണ് കുട്ടികളെ രക്ഷിക്കാന്‍ ബന്ധുക്കള്‍ എത്തുക സ്വാഭാവികമാണെന്ന പ്രസ്താവന മജീദ് ഫൈസി മാധ്യമങ്ങളോട് നടത്തിയത്. “സ്വയരക്ഷക്ക് വേണ്ടിയാണ് കത്തി ഉപയോഗിച്ച് അഭിമന്യുവിനെ എസ്ഡിപിഐ- ക്യാംപസ് ഫ്രണ്ട് അക്രമികള്‍ കുത്തിയത്‌. ‘കുട്ടികളെ അക്രമിക്കുമ്പോള്‍ രക്ഷിതാക്കളും ബന്ധുക്കളും എത്തുക സ്വാഭാവികം. ഏകപക്ഷീയമായ ആക്രമണമായിരുന്നില്ല” തന്റെ  അന്വേഷണത്തില്‍ നിന്നും മനസ്സിലായതിതാണ് ഫൈസി മലപ്പുറത്ത് മാധ്യമങ്ങളോട്  പറഞ്ഞു.

അതേ സമയം എറണാകുളം മഹാരാജസ് കോളേജില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൊത്തം 15 പ്രതികളുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനെ അറിയിച്ചു. ഒന്നാം പ്രതി മഹാരാജസിലെ മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥിയായ വടുതല സ്വദേശി മുഹമ്മദാണെന്ന് പോലീസ് വ്യക്തമാക്കി. മുഹമ്മദ് ഒളിവിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍