UPDATES

ന്യൂസ് അപ്ഡേറ്റ്സ്

2007ലെ കയ്യേറ്റമൊഴിപ്പിക്കല്‍ തടഞ്ഞതിന്റെ ദുരന്ത ഫലമാണ് മൂന്നാറില്‍ ഇപ്പോള്‍ കാണുന്നത്: വിഎസ്

കൊഴുത്തുതടിക്കുന്ന റിസോര്‍ട്ട് മാഫിയയാണ് മൂന്നാറില്‍ കുഴപ്പങ്ങളുണ്ടാക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തിലെ ചിലര്‍ ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും വിഎസ് ചൂണ്ടിക്കാട്ടി.

മൂന്നാറില്‍ 2007ല്‍ തന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി തടഞ്ഞതിന്റെ ദുരന്ത ഫലമാണ് ഇപ്പോള്‍ കാണുന്നതെന്ന് വിഎസ് അച്യുതാനന്ദന്‍. മൂന്നാറില്‍ ജാതിയുടെയോ മതത്തിന്റെയോ വിശ്വാസങ്ങളുടെയോ േപരില്‍ കയ്യേറ്റങ്ങള്‍ക്ക് മറയിടാനുള്ള ശ്രമങ്ങളെ ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിഎസ് പറഞ്ഞു. കൊഴുത്തുതടിക്കുന്ന റിസോര്‍ട്ട് മാഫിയയാണ് മൂന്നാറില്‍ കുഴപ്പങ്ങളുണ്ടാക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തിലെ ചിലര്‍ ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും വിഎസ് ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് യുവകലാസാഹിതിയുടെ സാംസ്‌കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനെതിരെയും കയ്യേറ്റത്തിനെതിരേയും കാല്‍ നൂറ്റാണ്ട് മുമ്പ് തന്നെപ്പോലുള്ളവര്‍ രംഗത്ത് വന്നിരുന്നു. അന്ന് വെട്ടിനിരത്തലുകാര്‍ എന്ന് പറഞ്ഞ് അധിക്ഷേപിക്കാനാണ് പലരും ശ്രമിച്ചത്. അതിന്റെ ദുരന്തമാണ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നതെന്നും വിഎസ് ചൂണ്ടികാണിച്ചു. ലക്കും ലഗാനുമില്ലാത്ത കയ്യേറ്റം മൂന്നാറിനെ മൂന്നാറല്ലാതാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. പാവപ്പെട്ട ദളിതരും ആദിവാസികളും അടക്കമുള്ളവര്‍, ആയിരക്കണക്കിന് വരുന്ന ജനങ്ങള്‍ ഭൂമിക്ക് വേണ്ടി സമരരംഗത്ത് വരുന്ന സമയത്താണ് പണാധിപത്യത്തിന്റെ മുഷ്‌കില്‍ കയ്യേറ്റം നടത്തിക്കൊണ്ടിരക്കുന്നതെന്നും വിഎസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.

മൂന്നാറില്‍ ടാറ്റയെപ്പോലുള്ള വന്‍കിടക്കാരും ഭൂമി കയ്യേറി കൃത്രിമ രേഖകള്‍ സൃഷ്ടിച്ച് മറിച്ചുവില്‍ക്കുന്ന ചെറുകിടക്കാരുമുണ്ട്. എല്ലാത്തരം കയ്യേറ്റങ്ങളും ഒഴിപ്പിക്കണം. മൂന്നാര്‍ മൂന്നാറല്ലാതായി മാറുന്നത് ആ പ്രദേശത്തിന്റെ മാത്രം പ്രശ്‌നമല്ല. ഇതു മുന്‍കൂട്ടിക്കണ്ടാണ് 2006ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് സജീവമായി ഇടപെട്ടത്. എന്നാല്‍ പലകാരണങ്ങള്‍ കൊണ്ട് ഇത് മുന്നോട്ടുകൊണ്ട് പോകാനായില്ലെന്നും വിഎസ് പറഞ്ഞു. കുന്നുകളും മലകളും ഇടിച്ചുനിരത്തുന്നതിനെതിരെയും പാടങ്ങളും പുഴകളും നികത്തുന്നതിനെതിരെയും പ്രതികരിക്കാന്‍ മടിച്ചുനില്‍ക്കുന്നവരാണ് മലയാളികളില്‍ ഏറെയും – വിഎസ് ചൂണ്ടിക്കാട്ടി. യുവകലാസാഹിതിയുടെ സാംസ്‌കാരിക കൂട്ടായ്മയില്‍ കവയിത്രി സുഗതകുമാരി, ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായര്‍ തുടങ്ങിവര്‍ ഉള്‍പ്പടെ പ്രമുഖര്‍ പങ്കാളികളായി. ഐക്യദാര്‍ഢ്യ ഒപ്പുശേഖരണം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍