കൊടങ്ങാവിളയിൽ ഇന്നലെ രാത്രിയാണ് സംഭവം
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ റോഡിലെ തർക്കത്തെ തുടർന്ന് ഡിവൈഎസ്പി പിടിച്ച് തള്ളിയ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവശേഷം ഹരികുമാര്‍ ഒളിവില്‍ പോയിരിക്കുകയാണ്.
കൊടങ്ങാവിളയിൽ ഇന്നലെ രാത്രിയാണ് സംഭവം. കാവുവിള സ്വദേശി സനൽകുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്. കൊടങ്ങാവിളയിലെ സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്‍റെ വാഹനത്തിന് തടസമായി കാർ പാർക്ക് ചെയ്തതിൽ പ്രകോപിതനായി സനലിനെ മർദ്ദിക്കുകയായിരുന്നു.
വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ടെന്ന് ദൃക്സാക്ഷികൾ ആരോപിക്കുന്നു. എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.സനലിനെ ആശുപത്രിയിലെത്തിക്കാൻ നിൽക്കാതെ ഡിവൈഎസ്പി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ഇന്ന് പ്രദേശത്ത് ജനകീയ സമരസമിതി ഹർത്താലാണ്. മെഡിക്കൽ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. ഇലക്ട്രീഷ്യനായിരുന്നു സനൽ. ഭാര്യയും രണ്ടു മക്കളുമുണ്ട്.