UPDATES

സിനിമാ വാര്‍ത്തകള്‍

സംഗീതസംവിധായകന്‍ ബാലഭാസ്‌കര്‍ അന്തരിച്ചു

ബാലഭാസ്‌കറിന്റെ ആരോഗ്യ നിലയില്‍ ഇന്നലെ നേരിയ പുരോഗതിയുണ്ടായിരുന്നെങ്കിലും പുലര്‍ച്ചെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും ആശുപത്രിയില്‍ ചികിത്സയിലാണ്.

വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ (40) അന്തരിച്ചു. തിരുവനന്തപുരത്ത് വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിന് പോയി മടങ്ങുന്ന വഴി സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍ പെട്ടത്. ഏക മകള്‍ രണ്ട് വയസുകാരി തേജസ്വിനി ബാല അപകടത്തില്‍ മരിച്ചിരുന്നു. ബാലഭാസ്‌കറിന്റെ ആരോഗ്യ നിലയില്‍ ഇന്നലെ നേരിയ പുരോഗതിയുണ്ടായിരുന്നെങ്കിലും പുലര്‍ച്ചെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ബാലഭാസ്‌കറിനൊപ്പം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും ആശുപത്രിയില്‍ ചികിത്സയിലാണ്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബാലഭാസ്‌കറിന്റെ മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ സംസ്‌കരിക്കും.

തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംഗ്ഷന് സമീപം പുലര്‍ച്ചെ നാലോടെയായിരുന്നു അപകടമുണ്ടായത്. ബാലഭാസ്‌കറും കൂടുംബവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അര്‍ജുന്‍ ആയിരുന്നു വണ്ടിയോടിച്ചിരുന്നത്. അപകടം നടക്കുന്ന സമയത്ത് ബാലഭാസ്‌കറും മകളും മുന്‍സീറ്റിലായിരുന്നു. അപകടമുണ്ടായ ഉടന്‍ തന്നെ തേജസ്വനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പൊലീസിന്റെ് നിഗമനം.

ഫ്യൂഷന്‍ സംഗീതപരിപാടികളിലൂടെ ചെറുപ്രായത്തില്‍ തന്നെ ശ്രദ്ധേയനായ ബാലഭാസ്‌കര്‍ സിനിമകള്‍ക്കും നിരവധി ആല്‍ബങ്ങള്‍ക്കും സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. അമ്മയുടെ സഹോദരനും വയലിനിസ്റ്റുമായ ബി ശശികുമാറില്‍ നിന്നാണ് ആദ്യം വയലിന്‍ അഭ്യസിച്ചത്. പന്ത്രണ്ടാം വയസ്സില്‍ സ്റ്റേജ് ഷോ ആരംഭിച്ച ബാലഭാസ്കര്‍ പതിനേഴാം വയസ്സില്‍ മംഗല്യപ്പല്ലക്ക് എന്ന സിനിമയിലൂടെ മലയാള സിനിമയിലെ അക്കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനായി രംഗത്തെത്തി. നിനയ്ക്കായി, ആദ്യമായി തുടങ്ങിയ പ്രണയ ഗാനങ്ങളുടെ ആല്‍ബങ്ങള്‍ 2000ത്തിന്റെ തുടക്കത്തിലെ യുവാക്കളുടെ ഇടയില്‍ തരംഗമായി.. കര്‍ണ്ണാടക സംഗീതത്തില്‍ ഏറെ അവഗാഹമുള്ള ബാലഭാസ്കര്‍ ഉസ്താദ് സക്കീര്‍ ഹുസൈന്‍, ശിവമണി, ഹരിഹരന്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എന്നിവരോടൊപ്പം ഫ്യൂഷന്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ബിസ്മില്ല ഖാന്‍ യുവ സംഗീത്കാര്‍ പുരസ്‌കാര്‍ 2008ല്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2011ല്‍ ഇറക്കിയ ലെറ്റ് ഇറ്റ് ബിയാണ് ഏറ്റവുമൊടുവില്‍ ശ്രദ്ധ നേടിയ ഫ്യൂഷന്‍ ആല്‍ബം. കണ്‍ഫ്യൂഷന്‍ എന്ന പേരില്‍ മ്യൂസിക്‌ ബാന്‍ഡ് തുടങ്ങിയിരുന്നു.

തിരുമല സ്വദേശി ചന്ദ്രന്‍ ആണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ (റിട്ട.പോസ്റ്റ് മാസ്റ്റര്‍), അമ്മ ശാന്തകുമാരി (റിട്ട.അധ്യാപിക, സംഗീത കോളേജ്, തിരുവനന്തപുരം), സഹോദരി മീര.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍