UPDATES

ട്രെന്‍ഡിങ്ങ്

തീവ്രവാദസംഘടനകളോട് ‘കടക്കു പുറത്ത്’ ആഹ്വാനവുമായി ഇമാമുമാർ; പോപ്പുലർ ഫ്രണ്ടിനെതിരെ പള്ളികളിൽ പ്രസംഗം

അഭിമന്യുവിന്റെ കൊലപാതകത്തിനും മുസ്ലിം സമുദായ സംരക്ഷണത്തിന്റെ മറയിടാൻ പോപ്പുലർ ഫ്രണ്ട‌്, എസ‌്ഡിപിഐ പ്രവർത്തകർ ശ്രമം ആരംഭിച്ചിരുന്നു.

പോപ്പുലർ ഫ്രണ്ട‌് പോലുള്ള തീവ്രവാദ സംഘടനകളെ അകറ്റിനിർത്തണമെന്ന‌് മുസ്ലിം പള്ളികളിൽ ജുമുആ നമസ‌്കാരത്തിന്റെ ഭാഗമായി ഇമാമുമാരുടെ പ്രസംഗം. തീവ്രവാദ സംഘടനകൾ സൃഷ്ടിക്കുന്ന അപകടം കേരളത്തിലെ ഭൂരിപക്ഷം പള്ളികളിലും ഇമാമുമാർ ചൂണ്ടിക്കാട്ടി. കോഴിക്കോട‌് ടൗൺ ജുമാമസ‌്ജിദിൽ ഖുത്തുബക്ക‌് ശേഷംനടന്ന പ്രസംഗത്തിൽ ക്യാമ്പസ‌് ഫ്രണ്ടിന്റെ പേരെടുത്തു പറഞ്ഞു കൊണ്ടായിരുന്നു വിമർശനം. തിരുവനന്തപുരം പാളയം പള്ളിയിൽ തീവ്രവാദ പ്രവർത്തനം ഇസ്ലാമികവിരുദ്ധമാണെന്ന‌് ഇമാം ഊന്നിപ്പറഞ്ഞു.

മഹാരാജാസ‌് കോളേജിലെ എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിനെ കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ‌് പ്രസംഗം. അഭിമന്യുവിന്റെ കൊലപാതകത്തിനും മുസ്ലിം സമുദായ സംരക്ഷണത്തിന്റെ മറയിടാൻ പോപ്പുലർ ഫ്രണ്ട‌്, എസ‌്ഡിപിഐ പ്രവർത്തകർ ശ്രമം ആരംഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വെള്ളിയാഴ‌്ചയിലെ ജുമുഅ നമസ‌്കാരത്തിന്റെ ഭാഗമായ ഖുത്തുബ പ്രസംഗത്തിൽത്തന്നെ തീവ്രവാദത്തെ തള്ളിപ്പറഞ്ഞു കൊണ്ട് ഇമാമുമാർ രംഗത്തെത്തിയത്. സമസ‌്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള പതിനായിരത്തോളം പള്ളി ഇമാമുമാർ അംഗങ്ങ‌ളായ ജംഇയ്യത്തുൽ ഖുത്തുബ നേരത്തെ ഇതിനുള്ള നിർദേശം നൽകിയിരുന്നുവെന്ന‌് പ്രസിഡന്റ‌് നാസർഫൈസി കൂടത്തായി പറഞ്ഞു. കോഴിക്കോട‌് ടൗൺ പള്ളിയിൽ രൂക്ഷമായ ഭാഷയിലാണ‌് തീവ്രവാദത്തെ തള്ളിപ്പറഞ്ഞത‌്. പ്രതിരോധത്തിന്റെ ഭാഗമായാണ‌് കൊലപാതകമെന്ന പോപ്പുലർ ഫ്രണ്ട‌് വാദം ശരിയല്ലെന്നും തിരിഞ്ഞോടിയ വിദ്യാർഥിയെ പിറകിൽനിന്ന‌് കുത്തുകയായിരുന്നുവെന്നും പ്രസംഗത്തിൽ പറഞ്ഞു.

എൻഡിഎഫ‌് രൂപീകരിച്ച കാലത്തേ അതിനെ എതിർത്തിരുന്നുവെന്നും മഹല്ലുകൾ കേന്ദ്രീകരിച്ചുള്ള ക്യാമ്പയിൻ ഇനിയും ആരംഭിക്കുമെന്നും നാസർ ഫൈസി പറഞ്ഞു. പ്രസംഗിക്കാനുളള വിവരങ്ങൾ വാട‌്സാപ‌് ഗ്രൂപ്പ‌് വഴി ഇമാമുമാർക്ക‌് കൈമാറിയിരുന്നു. കേരള നദ‌് വത്തുൽ മുജാഹിദീനും കേരള മുസ്ലിം ജമാഅത്ത‌് കൗൺസിലിനും കീഴിലുള്ള ഭൂരിപക്ഷം പള്ളികളിലും തീവ്രവാദത്തിനെതിരെ ഖുത്തുബയിൽ ഇമാമുമാർ പ്രസംഗിച്ചു.തീവ്രവാദപ്രവർത്തനങ്ങളിൽനിന്ന‌് മുസ്ലിം യുവാക്കൾ അകന്നുനിൽക്കണമെന്ന‌് തിരുവനന്തപുരം പാളയം പള്ളിയിൽ നടന്ന പ്രസംഗത്തിൽ ഇമാം സുഹൈൽ മൗലവി പറഞ്ഞു.

മാനവികതയിലും കാരുണ്യത്തിലും ഊന്നിയ ദർശനമാണ‌് ഇസ്ലാം. ശത്രുക്കളോടുപോലും വിട്ടുവീഴ‌്ചയില്ലാത്ത നിലപാടാണ‌് പ്രവാചകൻ മുന്നോട്ടുവച്ചതെന്നും സുഹൈൽ മൗലവി ദേശാഭിമാനിയോട‌് പറഞ്ഞു.

Also Read: ഇവിടെ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും കൂടുതല്‍ കൊന്നിട്ടുള്ളത് കമ്യൂണിസം ലേബല്‍ ഒട്ടിച്ചവരാണ്; ഗ്രോ വാസു സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍