UPDATES

ഇന്ത്യ

മുസഫര്‍നഗറില്‍ രണ്ട് വര്‍ഷം മുമ്പത്തെ ഹിന്ദു-മുസ്ലീം വിവാഹത്തിന്റെ പേരില്‍ കൊലപാതകം

2013ല്‍ മുസഫര്‍നഗര്‍ വര്‍ഗീയകലാപം നടന്നപ്പോള്‍ പോലും ശാന്തമായിരുന്ന പ്രദേശമാണിത്.

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയില്‍ ബോക്രഹെഡി പ്രദേശത്ത് ഹിന്ദു-മുസ്ലീം മിശ്രവിവാഹത്തിന്റെ പേരില്‍ കൊലപാതകം. 2013ല്‍ 50 പേര്‍ കൊല്ലപ്പെട്ട മുസഫര്‍നഗര്‍ വര്‍ഗീയകലാപം നടന്നപ്പോള്‍ ശാന്തമായിരുന്ന പ്രദേശമാണിത്. രണ്ട് വര്‍ഷം മുമ്പ് നടന്ന വിവാഹത്തിന്റെ പേരിലാണ് കൊലപാതകം. പിങ്കി കുമാരി എന്ന ഹിന്ദു യുവതിയെ വിവാഹം കഴിച്ച നസീം ഖാന്‍ എന്ന 22കാരനാണ് കൊല്ലപ്പെട്ടത്. 2015ലായിരുന്നു ഇവരുടെ വിവാഹം. കൊല്ലപ്പെട്ടേക്കുമെന്ന ഭയത്തില്‍ വിവാഹശേഷം ഇരുവരും വിശാഖപട്ടണത്തേക്ക് മാറിയിരുന്നു. ഇപ്പോള്‍ ഈദും മകന്റെ ഒന്നാം ജന്മദിനവും ആഘോഷിക്കുന്നതിനായി മുസഫര്‍നഗറിലെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് നസീം കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മകന്റെ ജന്മദിനം ആഘോഷിക്കുന്നതിനുള്ള കേക്കുമായി മടങ്ങുമ്പോള്‍ പിങ്കിയുടെ ബന്ധുക്കള്‍ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന അര്‍ദ്ധസഹോദരന്‍ നാസര്‍ മുഹമ്മദ് പറഞ്ഞു. നസീമും അദ്ദേഹത്തിന്റെ പതിനാല് വയസുള്ള സഹോദരനും ഒരു ബൈക്കിലും നാസര്‍ മറ്റൊരു ബൈക്കിലുമായിരുന്നു. കരിമ്പിന്‍ തോട്ടത്തില്‍ ഒളിച്ചിരുന്ന ഒരാള്‍ ഒരു വടികൊണ്ട് നസീമിനെ ആക്രമിക്കുകയായിരുന്നുവെന്ന് നാസര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. നസീമിന്റെ ബൈക്ക് തടയുന്നതിനായി മറ്റ് മൂന്ന് പേര്‍ റോഡിലേക്ക് ഒരു സൈക്കിള്‍ വലിച്ചെറിഞ്ഞു. ആദ്യം നസീമിനെ തല്ലുകയും പിന്നീട് ആളുകള്‍ കൂടിയപ്പോള്‍ മുന്ന്-നാല് തവണ വെടിവെക്കുകയുമായിരുന്നു. വയറില്‍ വെടിയേറ്റ നസീം നിമിഷങ്ങള്‍ക്കുള്ളില്‍ മരിച്ചു.

നസീമും പിങ്കിയും അയല്‍ക്കാരായിരുന്നു. ഒരേ സ്‌കൂളില്‍ പഠിച്ചവരും. തങ്ങളുടെ ബന്ധം അറിഞ്ഞതോടെ തന്നെ മാതാപിതാക്കള്‍ മര്‍ദ്ദിക്കുകയും പൂട്ടിയിടുകയും ചെയ്തതായി പിങ്കി പറയുന്നു. തുടര്‍ന്ന് പതിനെട്ട് വയസായപ്പോള്‍ വീട്ടില്‍ നിന്നും രക്ഷപ്പെട്ട് വിശാഖപട്ടണത്ത് തുണിക്കച്ചവടം നടത്തുകയായിരുന്ന നസീമിന്റെ അടുത്തേക്ക് പോവുകയായിരുന്നു. തുടക്കത്തില്‍ തന്റെ വീട്ടുകാര്‍ നിരന്തരം നസീമിന്റെ വീട്ടുകാരെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു എന്ന് പിങ്കി പറയുന്നു. പിങ്കി പിന്നീട് മതംമാറി അയിഷ എന്ന പേര് സ്വീകരിച്ചു. മാതാപിതാക്കളുടെ ഭീഷണിയെ തുടര്‍ന്ന് രണ്ട് വര്‍ഷമായി തങ്ങള്‍ നാട്ടിലേക്ക് മടങ്ങിയിട്ടില്ലെന്നും അയിഷ പറയുന്നു. എന്നാല്‍ പിന്നീട് ഭീഷണികള്‍ കെട്ടടങ്ങിയതിനെ തുടര്‍ന്നാണ് ഇത്തവണ ഈദ് ആഘോഷിക്കാന്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. മകന്റെ ജന്മദിനം കൂടി നാട്ടില്‍ ആഘോഷിച്ചിട്ട് പോകാം എന്നതിനാലാണ് ഇത്ര ദിവസം താമസിച്ചതെന്നും അവര്‍ പറഞ്ഞു.

കൊലപാതകം, കലാപമുണ്ടാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 147, 148, 159, 506 എന്നീ വകുപ്പുകള്‍ പിങ്കിയുടെ പിതാവ് രാജേഷ്, സഹോദരന്‍ പ്രദീപ്, ബന്ധുക്കളായ സോമു, നീതു എന്നിവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. നസീമിന്റെ ബന്ധുവും മറ്റ് നാലുപേരും നല്‍കിയ പരാതിയെ തുടര്‍ന്നാണ് എഫ്‌ഐആര്‍ എടുത്തിരിക്കുന്നതെന്ന് മുസഫര്‍നഗര്‍ എസ്പി അജയ് കുമാര്‍ സഹദേവ് പറഞ്ഞു. പ്രതികള്‍ ഒളിവിലാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നസീമിന്റെ വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാത്രം അകലെയുള്ള ബോക്കര്‍ഹെഡിയിലെ പതാന്‍ കോളനിയിലുള്ള പ്രതികളുടെ വീടുകള്‍ തിങ്കളാഴ്ച മുതല്‍ പൂട്ടിക്കിടക്കുകയാണ്. കൊലപാതക വിവരം അറിഞ്ഞയുടന്‍ തന്റെ സഹോദരനുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പിങ്കി പറയുന്നു. എന്തിനാണ് തന്റെ ഭര്‍ത്താവിനെ കൊന്നതെന്നും തന്നെയും കുഞ്ഞിനെയും കുറിച്ച് എന്തുകൊണ്ടാണ് ആലോചിക്കാതിരിക്കുന്നതെന്നും സഹോദരനോട് ചോദിച്ചതായും അവര്‍ പറയുന്നു. എന്നാല്‍ തന്നെയും കുഞ്ഞിനെയും കൊന്നുകളയുമെന്ന് സഹോദരന്‍ ഭീഷണിപ്പെടുത്തിയതായും അവര്‍ ആരോപിക്കുന്നു. കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനാണ് തനിക്ക് ആഗ്രമെന്നും അവര്‍ പറഞ്ഞു. പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ അവര്‍ പ്രതിഷേധം രേഖപ്പെടുത്തി. ബന്ധുക്കളുടെ വീടുകളിലോ അല്ലെങ്കില്‍ കൃഷിയിടത്തിലോ അവര്‍ ഒളിച്ചിരിക്കുകയായിരിക്കുമെന്നും പിങ്കി പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ഈ പ്രദേശത്ത് വളരെ അപൂര്‍വമാണെന്ന് തദ്ദേശവാസികള്‍ പറയുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബോപ പോലീസ് സ്‌റ്റേഷന്റെ ഇടതുവശത്ത് മുസ്ലീം പള്ളിയും വലതുവശത്ത് ക്ഷേത്രവുമാണ്. മുസഫര്‍നഗര്‍ കലാപം നടന്നപ്പോള്‍ പോലും സമാധാനം നിലനിന്നിരുന്ന സ്ഥലമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍