UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണം അവസാനിപ്പിക്കണം: മോദിക്ക് ഒരു ‘മുസ്ലീം ഭക്ത’ന്റെ കത്ത്

കൊലപാതകങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാതിരുന്നാല്‍ അത് ശക്തമായ സര്‍ക്കാര്‍ എന്ന മോദിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം ഏല്‍പ്പിക്കുമെന്നും കത്തില്‍ പറയുന്നു.

മുസ്ലീം സമുദായത്തില്‍ പെട്ടവരെ ആക്രമിക്കുകയും തല്ലിക്കൊല്ലുകയും സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കെ ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ മോദി അനുകൂല മുസ്ലീം സംഘടന പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അലിഗഢില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീം സ്റ്റഡീസ് ആന്റ് അനാലിസിസ് (എഫ്എംഎസ്എ) എന്ന സംഘടന ഹരിയാനയില്‍ 15കാരനായ ജുനൈദ് എന്ന യുവാവ് ദാരുണമായി കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേക്കുള്ള നിര്‍ണായക ഭൂരിപക്ഷം നേടിയ ശേഷം അദ്ദേഹത്തെ സന്ദര്‍ശിച്ച ആദ്യത്തെ മുസ്ലീം നേതാവാണ് സംഘടനയുടെ തലവന്‍ ജസീം മുഹമ്മദ് എന്നത് ആവശ്യത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്നു.

എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം എന്ന മോദിയുടെയും ഭാരതീയ ജനത പാര്‍ട്ടിയുടെയും മുദ്രാവാക്യത്തില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നാണ് അന്ന് മോദിയെ സന്ദര്‍ശിച്ചതിന് ശേഷം ജാസിം മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞത്. മോദിയെ അന്ധമായി പിന്തുണയ്ക്കുന്നതിന്റെ പേരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി മറ്റ്് മുസ്ലീം സംഘടനകളുടെ രൂക്ഷവിമര്‍ശനത്തിന് വിധേയനായ ആളാണ് ജസീം മുഹമ്മദ്. മുസ്ലീം സമുദായത്തിനെതിരെ രാജ്യത്ത് വളര്‍ന്നുവരുന്ന അരാജകത്വത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഇദ്ദേഹം ഇപ്പോള്‍ കത്തില്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കുറച്ചുകാലമായി രാജ്യത്ത് പ്രത്യേകിച്ച് വടക്കേ ഇന്ത്യയില്‍ മുസ്ലീങ്ങളെ ഒരോരോ കാരണങ്ങളുടെ പേരില്‍ തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും ഇത് മുസ്ലീങ്ങള്‍ക്ക് മാത്രമല്ല മറ്റ് സമുദായങ്ങളില്‍ പെട്ടവര്‍ക്കും തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും കത്തില്‍ പറയുന്നു. ഓഖ്‌ലയില്‍ നിന്നും ഹരിയാനയിലെ അസോട്ടി ഗ്രാമത്തിലേക്ക് സഞ്ചരിക്കുകയായിരുന്ന ജുനൈദ് എന്ന 15കാരന്‍ കൊല്ലപ്പെട്ടത് ഇത്തരം സംഭവങ്ങളുടെ ആവര്‍ത്തനമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് മുസ്ലീങ്ങളായ ഇന്ത്യന്‍ പൗരന്മാരില്‍ സുരക്ഷയെ കുറിച്ച് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയമാണെങ്കിലും നടപടികളൊന്നും സ്വീകരിക്കാത്തത് എന്താണ് എന്ന് ചോദിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും കത്തില്‍ പറയുന്നു. രാജ്യത്തെ ക്രമസമാധാനനിലയില്‍ സര്‍ക്കാരിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥ സംജാതമാകുമെന്ന് താന്‍ ഭയപ്പെടുന്നതായും ജസീം കത്തില്‍ പറയുന്നു.

നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് ഉറുദുവില്‍ ആറ് പുസ്തകങ്ങള്‍ എഴുതിയ ആളാണ് ജസീം മുഹമ്മദ്. മോദിയുടെ നയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് താന്‍ അക്ഷീണം പ്രവര്‍ത്തിക്കുകയാണെന്നും അതിനാല്‍ തന്നെ തന്റെ അഭ്യര്‍ത്ഥന ചെവിക്കൊള്ളണമെന്നും കത്തില്‍ അപേക്ഷിച്ചിട്ടുണ്ട്. മോദി ഭക്തന്‍ എന്ന് അറിയപ്പെടുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ഇദ്ദേഹം ആവര്‍ത്തിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ആയിരക്കണക്കിന് മുസ്ലീങ്ങളാണ് ഇക്കാര്യത്തില്‍ പ്രതികരിക്കാത്തതിനെ കുറിച്ച് തന്നോട് ചോദിക്കുന്നതെന്നും കത്തില്‍ പറയുന്നു.

എന്നാല്‍ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് കറുത്ത ബാഡ്ജ് ധരിച്ച് ഈദ് നമസ്‌കാരത്തില്‍ പങ്കെടുക്കുന്നത് ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം ഏല്‍പ്പിക്കുമെന്ന പക്ഷക്കാരനാണ് ജസീം. കൊലപാതകങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാതിരുന്നാല്‍ അത് ശക്തമായ സര്‍ക്കാര്‍ എന്ന മോദിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം ഏല്‍പ്പിക്കുമെന്നും കത്തില്‍ പറയുന്നു. ഇതൊരു വിമര്‍ശനമായി കാണരുതെന്നും അങ്ങയുടെ ബഹുമാന്യതയും രാജ്യത്തിന്റെ ഐക്യവും സംരക്ഷിക്കുക എന്ന ഉത്തമലക്ഷ്യത്തോടെയാണ് കത്ത് എഴുതുന്നതെന്നും പറഞ്ഞാണ് ജസീം മുഹമ്മദ് പ്രധാനമന്ത്രിക്കുള്ള കത്ത് അവസാനിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍